ഇന്ത്യക്ക് മൂഡീസിന്റെ 'സ്ഥിരതയാര്‍ന്ന' റേറ്റിങ്

Posted on: 28 Nov 2012ന്യൂഡല്‍ഹി: ഇന്ത്യന്‍ സാമ്പത്തിക മേഖലയ്ക്കും ഓഹരി വിപണിക്കും ആശ്വാസം പകരുന്നതായി പ്രമുഖ റേറ്റിങ് ഏജന്‍സിയായ മൂഡിയുടെ റിപ്പോര്‍ട്ട്. ചൊവ്വാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് മൂഡീസ് ഇന്ത്യക്ക് 'സ്ഥിരതയാര്‍ന്ന' സ്ഥാനം നല്‍കിയിരിക്കുന്നത്. മറ്റ് റേറ്റിങ് ഏജന്‍സികള്‍ നേരത്തെ തരംതാഴ്ത്തല്‍ മുന്നറിയിപ്പായിരുന്നു നല്‍കിയിരുന്നത്. എന്നാല്‍, ഇന്ത്യയെ 'സ്റ്റേബിള്‍' ഗണത്തില്‍ നിലനിര്‍ത്തിക്കൊണ്ടുള്ള മൂഡിയുടെ റിപ്പോര്‍ട്ട് 300 പോയിന്റ് സെന്‍സെക്‌സ് നേട്ടവുമായി ഓഹരി വിപണിയും ആഘോഷിച്ചു.

ഉയര്‍ന്ന നിക്ഷേപവും സേവിങ്‌സ് നിരക്കും സാമ്പത്തിക മേഖലയുടെ വളര്‍ച്ച സംബന്ധിച്ച പ്രതീക്ഷയുമാണ് 'സ്ഥിരതയാര്‍ന്ന' അനുമാനം നല്‍കുന്നതിന് പ്രധാന കാരണമെന്ന് മൂഡീസ് പറയുന്നു. നിലവില്‍ ബിഎഎ3 റേറ്റിങ്ങാണ് മൂഡീസ് ഇന്ത്യക്ക് നല്‍കിയിട്ടുള്ളത്. അതാകട്ടെ, നിക്ഷേപ ഗ്രേഡ് റേറ്റിങ്ങില്‍ ഏറ്റവും താഴെയുള്ള സ്ഥാനവുമാണ്. ചൊവ്വാഴ്ച പുറത്തുവിട്ടത് പുതിയ റേറ്റിങ് അല്ലെന്നും നിലവിലെ സ്ഥിതിവെച്ചുള്ള ഒരു അവലോകനമാണെന്നും മൂഡീസ് വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ത്യക്ക് വൈവിധ്യപൂര്‍ണവും ബൃഹത്തുമായ ഒരു സാമ്പത്തിക മേഖലയാണുള്ളത്. ആഗോള പ്രതിസന്ധികള്‍ക്കിടയിലും മൊത്ത ആഭ്യന്തര ഉത്പാദന (ജിഡിപി) വളര്‍ച്ച പിടിച്ചുനിര്‍ത്താന്‍ കഴിയുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, രാജ്യത്തിന്റെ സാമൂഹിക, ഭൗതിക അടിസ്ഥാന സ്വകാര്യമേഖല വളരെ മോശമാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, ഉയര്‍ന്ന ധനക്കമ്മിയും കട അനുപാതവും പണപ്പെരുപ്പവും മറ്റും ആശങ്കാജനകമാണെന്നും മൂഡീസ് പറയുന്നു.

മൊത്തം ആഭ്യന്തര ഉത്പാദന വളര്‍ച്ച തങ്ങളുടെ റേറ്റിങ്മാനദണ്ഡത്തിനു മുകളിലുണ്ടെങ്കിലും 2010-ലും 2011-ലും 8.4 ശതമാനം വളര്‍ന്ന സാമ്പത്തിക മേഖല 2012-ന്റെ ആദ്യപകുതിയില്‍ 5.3 ശതമാനത്തിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്. തുടര്‍ച്ചയായ പണപ്പെരുപ്പ സമ്മര്‍ദവും ഉയരുന്ന ധനക്കമ്മിയുമാണ് ഇതിനു പ്രധാന കാരണമെന്നും മൂഡീസ് വ്യക്തമാക്കുന്നു. ബിഎഎ റേറ്റിങ് ശ്രേണിയില്‍പ്പെട്ട രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ധനക്കമ്മി ഇന്ത്യക്കാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

ക്രെഡിറ്റ് റേറ്റിങ്ങില്‍ ഇന്ത്യയെ തരംതാഴ്ത്താനുള്ള സാധ്യത മൂന്നില്‍ ഒന്നായി നിലനില്‍ക്കുന്നുണ്ടെന്ന് കഴിഞ്ഞ മാസം മറ്റൊരു റേറ്റിങ് ഏജന്‍സിയായ സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പൂവേഴ്‌സ് (എസ് ആന്‍ഡ് പി) മുന്നറിയിപ്പ് നല്‍കിയിരുന്നു. 24 മാസത്തിനുള്ളില്‍ സ്ഥിതി മെച്ചപ്പെടണമെന്നായിരുന്നു അവര്‍ പറഞ്ഞിരുന്നത്. സപ്തംബറില്‍ ആരംഭിച്ച പരിഷ്‌കരണ നടപടികള്‍ ആ നിലയ്ക്ക് ആശ്വാസം പകരുന്നതായിരുന്നു. ഫിച്ച് റേറ്റിങ് ഏജന്‍സിയും ഒരു 'നെഗറ്റീവ്' വീക്ഷണമാണ് ഇന്ത്യക്ക് നല്‍കിയിരുന്നത്.

മൂഡിയുടെ റിപ്പോര്‍ട്ട് ഓഹരി വിപണിയിലും പ്രതിഫലിച്ചു. കുതിച്ചുയര്‍ന്ന വിപണി ഫ്യൂച്ചേഴ്‌സ് ആന്‍ഡ് ഓപ്ഷന്റെ അവസാനത്തിലെ ഷോര്‍ട്ട് കവറിങ്കൂടിയായതോടെ സെന്‍സെക്‌സില്‍ 303 പോയിന്റും നിഫ്റ്റിയില്‍ 91 പോയിന്റും നേട്ടത്തിലാണ് അവസാനിച്ചത്.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/