ദേശീയ റെക്കോഡിനെക്കാള്‍ ഉയരത്തില്‍ വിഷ്ണു

Posted on: 28 Nov 2012കൊച്ചി: സ്വന്തമായുണ്ടായിരുന്ന പോള്‍ ഒടിഞ്ഞ് പരിശീലനം മുടങ്ങിയിട്ടും വിഷ്ണു ഉണ്ണിയുടെ പ്രകനടത്തിന് മങ്ങലേറ്റില്ല. ദേശീയ റെക്കോഡിനെക്കാള്‍ മികച്ച പ്രകടനത്തോടെയാണ് എറണാകുളം റവന്യൂ ജില്ലാ സ്‌കൂള്‍ അത്‌ലറ്റിക്‌സ് മീറ്റില്‍ സീനിയര്‍ വിഭാഗത്തില്‍ വിഷ്ണു ഉണ്ണി പോള്‍വോള്‍ട്ട് സ്വര്‍ണം തന്റെ പേരിലാക്കിയത്. കോതമംഗലം സെന്റ് ജോര്‍ജ് സ്‌കൂളിന്റെ താരമായ വിഷ്ണു 4.50 മീറ്റര്‍ ദൂരം മറികടന്നു. ഹരിയാണയുടെ കുന്ദന്‍, ദേവീന്ദ്ര എന്നിവരുടെ പേരിലുള്ള 4.41 മീറ്റര്‍ ദേശീയ റെക്കോഡാണ് വിഷ്ണു മറികടന്നത്.

കൊച്ചിയില്‍ കഴിഞ്ഞ വര്‍ഷം നടന്ന സംസ്ഥാന സ്‌കുള്‍ മേളയില്‍ പോള്‍ ഒടിഞ്ഞ് രണ്ടാം സ്ഥാനത്തേക്ക് വിഷ്ണു തള്ളപ്പെട്ടിരുന്നു. വീട്ടുകാര്‍ കഷ്ടപ്പെട്ടു വാങ്ങി നല്‍കിയ പോളാണ് ഒടിഞ്ഞു പോയത്. അതിനു ശേഷം പരിശീലനത്തിനു പോളില്ലാതെ വിഷമിച്ച വിഷ്ണുവിന് അമ്മായിയാണ് പുതിയ പോള്‍ വാങ്ങാന്‍ സഹായം നല്‍കിയത്. അമേരിക്കയില്‍ നിന്ന് അറുപതിനായിരം രൂപ മുടക്കി പുതിയ ഫൈബര്‍ പോള്‍ വരുത്തുകയായിരുന്നു. രണ്ടാഴ്ച മുന്‍പ് ആ പോളും ഒടിഞ്ഞു. അതോടെ പരിശീലനം പൂര്‍ണ്ണമായും നിന്നുപോകുന്ന അവസ്ഥയിലെത്തിയെന്ന് വിഷ്ണു പറഞ്ഞു.

രണ്ടാഴ്ച മുമ്പ് മദ്രാസില്‍ നിന്ന് സ്‌കൂള്‍ അധികൃതര്‍ വാങ്ങിക്കൊടുത്ത സെക്കന്റ് ഹാന്റ് പോള്‍ ഉപയോഗിച്ചാണ് വിഷ്ണു പുതിയ ഉയരം താണ്ടിയത്. ഈ പോള്‍ കൊണ്ട് പരിശീലനം നടത്താന്‍ വിഷ്ണുവിന് കഴിഞ്ഞിരുന്നില്ല. മീറ്റിലാണ് ഈ പോള്‍ ആദ്യമായി ഉപയോഗിച്ചത്. മികച്ച ഒരു പോള്‍ ഉണ്ടായിരുന്നെങ്കില്‍ 4.60 മീറ്റര്‍ ഉയരം താണ്ടുവാന്‍ കഴിയുമായിരുന്നുവെന്നും വിഷ്ണു പ്രതീക്ഷിക്കുന്നു.

ചൊവ്വാഴ്ച ആദ്യത്തെ ചാട്ടത്തില്‍ വിഷ്ണു 4.10 മീറ്ററും, രണ്ടാമത്തേതില്‍ 4.30 മീറ്ററും മറികടന്നു. മൂന്നാമത്തേതില്‍ വിഷ്ണു തന്റെ ലക്ഷ്യമായ 4.50 ദൂരം മറികടക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം കൊച്ചിയില്‍ എബിന്‍ സണ്ണി സ്ഥാപിച്ച സംസ്ഥാന റെക്കോഡ് 4.37 ആയിരുന്നു. വിഷ്ണു തന്നെ സ്ഥാപിച്ച 4.20 മീറ്ററാണ് ജില്ലാ റെക്കോഡും. ഇത്തവണ വിഷ്ണുവിന്റെ കഠിനാധ്വാത്തിനു മുന്നില്‍ ദേശീയ-സംസ്ഥാന റെക്കോഡുകള്‍ ഒരുമിച്ചു വഴിമാറി.

കണ്ണൂര്‍ ചെറുപുഴ ഉന്‍കൂര്‍കാവില്‍ വീട്ടില്‍ ഉണ്ണിയുടേയും മിനിയുടേയും മകനാണ് വിഷ്ണു. ഡ്രൈവറായ ഉണ്ണി കഷ്ടപ്പെട്ട് കുടുംബം പുലര്‍ത്തുന്നതിനിടെയാണ് വിഷ്ണുവിന്റെ കഴിവിന് പൂര്‍ണ്ണ പിന്തുണ നല്‍കുന്നത്. പരിശീലന സമയത്ത് പലപ്പോഴും 4.62 മീറ്റര്‍ മറികടന്നിട്ടുള്ള വിഷ്ണുവിന് സ്‌പോണ്‍സറെ കണ്ടെത്താന്‍ കഴിഞ്ഞാല്‍ ഇനിയും കൂടുതല്‍ ഉയരം താണ്ടാന്‍ കഴിയുമെന്ന് പരിശീലകനായ കെ.പി.അഖില്‍ പറഞ്ഞു.

ഈയിനത്തില്‍ കോതമംഗലം സെന്റ് ജോര്‍ജ് സ്‌കൂളിലെ ഇ.ബി.അനസ് ബാബു രണ്ടാമതും (4.30 മീറ്റര്‍), കോതമംഗലം മാര്‍ ബേസില്‍ സ്‌കുളിലെ തോമസ് കെ.ജോസഫ് മൂന്നാമതുമെത്തി.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/