ശബരിമല: അപ്പം നിര്‍മാണത്തില്‍ ശുചിത്വം ഉറപ്പാക്കണമെന്ന് ഹൈക്കോടതി

Posted on: 28 Nov 2012കൊച്ചി: ശബരിമലയിലെ അപ്പം നിര്‍മാണത്തില്‍ ശുചിത്വം ഉറപ്പാക്കണമെന്നും ഇതിന് അധികൃതരുടെ കര്‍ശന പരിശോധനകള്‍ വേണമെന്നും ഹൈക്കോടതി.
ശുചിത്വം ഉറപ്പാക്കാന്‍, ചീഫ് കോ-ഓര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കുന്ന കെ. ജയകുമാര്‍ ജാഗ്രത പുലര്‍ത്തണമെന്നും ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണനും ജസ്റ്റിസ് എ.വി. രാമകൃഷ്ണപിള്ളയും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.
അപ്പത്തില്‍ പൂപ്പല്‍ ഉണ്ടായിരുന്നതായി ഭക്ഷ്യസുരക്ഷാ കമ്മീഷണറും ദേവസ്വം ബോര്‍ഡ് അധികൃതരും ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈര്‍പ്പം മൂലമായിരുന്നു പൂപ്പല്‍ ബാധയെന്നും ഭക്ഷ്യയോഗ്യമല്ലാത്തവ നശിപ്പിച്ചുവെന്നും അധികൃതര്‍ കോടതിയെ അറിയിച്ചു.
അപ്പം നിര്‍മാണ പ്ലാന്റില്‍ കര്‍ശന ശുചിത്വം ഉണ്ടായിരിക്കണം. ഓരോ നാല് മണിക്കൂര്‍ കൂടുമ്പോഴും പ്ലാന്റില്‍ പരിശോധന നടത്തിയിരിക്കണം. അപ്പം നിര്‍മിക്കുന്നവര്‍ വിദഗ്ദ്ധരായിരിക്കണം. പരമ്പരാഗതമായ കൂട്ട് അനുസരിച്ച് തന്നെയായിരിക്കണം നിര്‍മാണം. എന്തെങ്കിലും മാറ്റം വരുത്തണമെങ്കില്‍ കോടതിയുടെ മുന്‍കൂട്ടിയുള്ള അനുമതി വേണം.
കെ. ജയകുമാര്‍ ചീഫ് കോ-ഓര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ച് ശബരിമലയിലെ ദൈനംദിന കാര്യങ്ങള്‍ നോക്കണം. നയപരമായ കാര്യങ്ങള്‍ ദേവസ്വം ബോര്‍ഡ് തീരുമാനിക്കണമെന്നും ഹൈക്കോടതി വിശദീകരിച്ചു.
പുതിയ ദേവസ്വം ബോര്‍ഡ് പ്രാബല്യത്തില്‍ വന്നശേഷം ശബരിമലയില്‍ രണ്ട് അധികാര കേന്ദ്രങ്ങള്‍ ഉണ്ടെന്നുള്ള പശ്ചാത്തലത്തിലായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം.
അപ്പത്തില്‍ പൂപ്പലുണ്ടെന്നുള്ളത് ഊതിപ്പെരുപ്പിച്ച വാര്‍ത്തയായി പത്ര-മാധ്യമങ്ങള്‍ അവതരിപ്പിച്ചുവെന്ന് ദേവസ്വം ബോര്‍ഡ് ആരോപിച്ചു. പത്രങ്ങളെ നിയന്ത്രിക്കണമെന്നുള്ള ആവശ്യം ബോര്‍ഡ് മുന്നോട്ടു വെച്ചുവെങ്കിലും ഹൈക്കോടതി അത് തള്ളി. പത്രങ്ങളുടെ പെരുമാറ്റം മാന്യമായിട്ടാണെന്നും കോടതി പ്രതികരിച്ചു.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/