ഫേസ്ബുക്ക് അറസ്റ്റ്: എസ്.പി. അടക്കം രണ്ട് പോലീസുദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Posted on: 28 Nov 2012


ടി.എസ്. കാര്‍ത്തികേയന്‍മുംബൈ: ഫേസ്ബുക്കിലെ കുറിപ്പിനെത്തുടര്‍ന്ന് രണ്ടു പെണ്‍കുട്ടികളെ അറസ്റ്റ് ചെയ്തതിന്റെ പേരില്‍ രണ്ടു പോലീസുദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. താനെ റൂറല്‍ എസ്.പി. രവീന്ദ്ര സെന്‍ഗാവ്ങ്കര്‍, മുതിര്‍ന്ന പോലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീകാന്ത് പിംഗ്‌ളെ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തതെന്ന് ആഭ്യന്തരമന്ത്രി ആര്‍.ആര്‍.പാട്ടീല്‍ അറിയിച്ചു. ഇവര്‍ക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുമുണ്ട്. നടപടികളില്‍ പ്രതിഷേധിച്ച് പാല്‍ഘറില്‍ ബുധനാഴ്ച ബന്ദാചരിക്കാന്‍ ശിവസേന ആഹ്വാനം നല്‍കിയിട്ടുണ്ട്. കേസില്‍ പ്രതികളായ പെണ്‍കുട്ടികളുടെ വീടുകള്‍ക്ക് പോലീസ് സംരക്ഷണം നല്‍കിയിരിക്കുകയാണ്.

അതിനിടെ പെണ്‍കുട്ടികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്ത ജുഡീഷ്യല്‍ മജിസ്‌ട്രേട്ടിനെ ബോംബെ ഹൈക്കോടതി സ്ഥലംമാറ്റിയിട്ടുണ്ട്.

രണ്ട് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തതു കൂടാതെ അഡീഷണല്‍ എസ്.പി. സംഗ്രാം നിശാന്ത്കര്‍ക്ക മുന്നറിയിപ്പും ശാസനയും നല്‍കിക്കൊണ്ട് കത്ത് നല്‍കിയിട്ടുണ്ടെന്നും പാട്ടീല്‍ അറിയിച്ചു. തെറ്റായ വകുപ്പുകളാണ് പെണ്‍കുട്ടികള്‍ക്കെതിരെ ചുമത്തിയത്. ധൃതിപിടിച്ച് നടപടിയെടുക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. ഏതൊക്കെ വകുപ്പുകള്‍ ഒഴിവാക്കാമെന്ന കാര്യം മുതിര്‍ന്ന പോലീസ് ഓഫീസര്‍മാര്‍ പരിശോധിക്കും-പാട്ടീല്‍ അറിയിച്ചു. പെണ്‍കുട്ടികളെ അറസ്റ്റ് ചെയ്യേണ്ടതില്ലെന്ന് മുതിര്‍ന്ന പോലീസുദ്യോഗസ്ഥര്‍ നല്‍കിയ ഉപദേശം ലംഘിച്ചതിനാണ് എസ്.പി. സെന്‍ഗാവ്ങ്കര്‍ക്കെതിരെ നടപടിയെടുത്തത്. തെറ്റായ വകുപ്പുകള്‍ ചുമത്തിയതിനും തെറ്റായ രേഖകള്‍ തയ്യാറാക്കിയതിനുമാണ് പിംഗ്‌ളെ നടപടി നേരിട്ടത്.

പാല്‍ഘര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ടായ ആര്‍.ജി.ബാഗഡെയെ ജല്‍ഗാവില്‍ അതേ പദവിയിലേക്ക് മാറ്റിയതായാണ് ബോംബെ ഹൈക്കോടതി രജിസ്ട്രാറുടെ ഉത്തരവില്‍ പറയുന്നത്. തെറ്റായ വകുപ്പുകള്‍ പ്രകാരം അറസ്റ്റിലായ പെണ്‍കുട്ടികളെ ആദ്യം റിമാന്‍ഡ് ചെയ്യുകയും പിന്നീട് ജാമ്യം നല്‍കുകയും ചെയ്തതിന് പകരം അവരെ കേസില്‍ നിന്നുതന്നെ ഒഴിവാക്കുകയായിരുന്നു വേണ്ടിയിരുന്നതെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

നവംബര്‍ 19 നാണ് വിവാദമായ ഫേസ്ബുക്ക് പരാമര്‍ശമുണ്ടായത്. താക്കറെയുടെ നിര്യാണത്തില്‍ അനുശോചിക്കാന്‍ നടത്തിയ ബന്ദിനെതിരെ ഷഹീന്‍ ദാദ എന്ന പെണ്‍കുട്ടി കുറിപ്പെഴുതുകയും കൂട്ടുകാരിയും മലയാളിയുമായ രേണു ശ്രീനിവാസന്‍ അത് ലൈക്ക് ചെയ്യുകയും ചെയ്തതാണ് ശിവസേനക്കാരെ പ്രകോപിപ്പിച്ചത്. ശിവസേനയുടെ പ്രാദേശികനേതാവിന്റെ പരാതിയെത്തുടര്‍ന്ന് ഇവരെ പാല്‍ഘര്‍ പോലീസ് അറസ്റ്റുചെയ്യുകയും സ്റ്റേഷനില്‍ പാര്‍പ്പിക്കുകയും ചെയ്തത് വലിയ വിവാദമുയര്‍ത്തി. 15,000 രൂപയുടെ വീതം ജാമ്യത്തിലാണ് ഇവരെ പിന്നീട് വിട്ടയച്ചത്.

പെണ്‍കുട്ടികളുടെ അറസ്റ്റിന് കാരണക്കാരായവരുടെ പേരില്‍ നടപടിയെടുത്തില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതം ഉണ്ടാകുമെന്ന് ചൂണ്ടിക്കാണിച്ച് പ്രസ് കൗണ്‍സില്‍ അധ്യക്ഷന്‍ റിട്ട.ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു, മുഖ്യമന്ത്രി പൃഥിരാജ് ചവാന് കത്തെഴുതിയത് സര്‍ക്കാറിനെ പ്രതിരോധത്തിലാക്കിയിരുന്നു. സംഭവം അന്തര്‍ദേശീയതലത്തില്‍ത്തന്നെ വാര്‍ത്താമാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയും അഭിപ്രായപ്രകടനസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റത്തിനെതിരെ രൂക്ഷവിമര്‍ശനങ്ങളുയരുകയും ചെയ്തു. സംസ്ഥാന വനിതാകമ്മീഷനും പ്രശ്‌നത്തില്‍ ഇടപെട്ടിട്ടുണ്ട്. കേസിന്റെ രേഖകളുടെ പകര്‍പ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആഭ്യന്തരവകുപ്പുമന്ത്രി ആര്‍.ആര്‍.പാട്ടീല്‍ ആദ്യം സംഭവത്തെ ലഘൂകരിക്കാന്‍ ശ്രമിച്ചെങ്കിലും കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന് വന്നതോടെ അന്വേഷണത്തിനും നടപടിക്കും നിര്‍ദേശം നല്‍കുകയാണുണ്ടായത്.

അതിനിടെ പാല്‍ഘര്‍ മജിസ്‌ട്രേട്ടിനെ സ്ഥലം മാറ്റിയതിനെതിരെ പാല്‍ഘര്‍ ബാര്‍ അസോസിയേഷന്‍ രംഗത്തെത്തിയിട്ടുണ്ട്. പ്രതിഷേധപ്രകടനം നടത്താനാണ് അസോസിയേഷന്റെ തീരുമാനം.

ഫേസ്ബുക്കില്‍ കുറിപ്പെഴുതിയ ഷഹീന്റെ അമ്മാവനായ ഡോക്ടര്‍ താനെ ജില്ലയില്‍ നടത്തിയിരുന്ന ആസ്​പത്രി ശിവസേനക്കാര്‍ അടിച്ചുതകര്‍ത്തിരുന്നു. ഇവിടെയുണ്ടായിരുന്ന രോഗികളെ മറ്റൊരു ആസ്​പത്രി യിലേക്ക് മാറ്റേണ്ടിവന്നു. 10 പേരെ അക്രമത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്തു. ഇവരെ 5,000 രൂപയുടെ വീതം ജാമ്യത്തില്‍ ഉടന്‍ വിട്ടയയ്ക്കുകയും ചെയ്തു. അക്രമസംഭവങ്ങളുണ്ടായതിനെത്തുടര്‍ന്ന് ഷഹീന്‍ തന്റെ ഫേസ്ബുക്ക് അക്കൗണ്ട് താത്കാലികമായി മരവിപ്പിക്കുകയാണെന്ന് അറിയിക്കുകയും തന്റെ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/