മൈസൂര്‍ കല്യാണം കണ്ണുനീര്‍

Posted on: 27 Nov 2012


ജോര്‍ജ് തോമസ്‌ദുരിതങ്ങളില്‍നിന്ന് മോചനമാണ് അവര്‍ സ്വപ്നം കണ്ടത്. വീട്ടുകാര്‍ ചൂണ്ടിക്കാട്ടിയ ചെറുപ്പക്കാരനൊപ്പം ഭാഷപോലും അറിയാത്ത നാട്ടിലേക്ക് അവര്‍ക്ക് പോരേണ്ടി വന്നു. മൈസൂര്‍ക്കല്യാണത്തിന്റെ ഇരകളായ പെണ്‍കുട്ടികള്‍.

മലപ്പുറത്തേയും കോഴിക്കോട്ടേയും വയനാട്ടിലേയുമൊക്കെ പാവപ്പെട്ട കുടുംബങ്ങളില്‍ നിന്നുള്ള നൂറുകണക്കിനു പെണ്‍കുട്ടികളാണ് മൈസൂരിലെ തെരുവുകളിലെത്തിയത്. അവര്‍ക്കെന്തു സംഭവിക്കുന്നുവെന്ന് ആരും അന്വേഷിക്കുന്നില്ല.

ഒരു കാലത്ത് കേരളത്തില്‍ കുപ്രസിദ്ധമായ മൈസൂര്‍ കല്യാണം വീണ്ടും പെരുകി വരികയാണ്. മൈസൂരില്‍ നിന്ന് മാരന്മാര്‍ വീണ്ടും അതിര്‍ത്തി കടക്കുന്നു.
ദൈന്യതയുടെ മുഖവുമായി ജീവിക്കുന്ന സഹോദരിമാരുടെ ജീവിതവും മൈസൂര്‍ കല്യാണങ്ങളുടെ ഉള്ളറകളും വിശദമാക്കുന്ന ലേഖനപരമ്പര ഇന്നുമുതല്‍

മൈസൂര്‍ കല്യാണം കണ്ണുനീര്‍


ഇത് നിസാന (പേര് യഥാര്‍ഥമല്ല). മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ എടക്കരയിലെ ഒരു സാധാരണ മുസ്‌ലിം കുടുംബത്തിലെ ആറ് പെണ്‍മക്കളില്‍ ഏറ്റവും ഇളയവള്‍. കുട്ടിക്കാലത്ത് പൂമ്പാറ്റകളോടു കൂട്ടുകൂടാന്‍ ഇഷ്ടപ്പെട്ടിരുന്ന അവള്‍ക്ക് സംഗീതവും ജീവനായിരുന്നു. പഠിച്ച് ഡോക്ടറാകണമെന്നായിരുന്നു കൊച്ചു നിസാനയുടെ മോഹം. പക്ഷേ, മോഹങ്ങളും ആശകളും അറ്റുപോയ മനസ്സുമായി ഗൗസിയാനഗറെന്ന മൈസൂരിലെ ചേരിപ്രദേശത്തെ ഇരുള്‍നിറഞ്ഞ ഒരു കുടിലിനുള്ളില്‍ ജീവിതം തള്ളിനീക്കുകയാണ് ഇന്നവള്‍. മലബാര്‍ പ്രദേശങ്ങളിലെ മുസ്‌ലിം കുടുംബങ്ങളിലെ പെണ്‍കുട്ടികളെ മൈസൂരിലെ പട്ടാണി യുവാക്കള്‍ക്ക് വിവാഹം കഴിച്ചുകൊടുക്കുന്ന, കുപ്രസിദ്ധമായ മൈസൂര്‍ കല്യാണത്തിന് ഇരയായ നൂറ് കണക്കിന് യുവതികളില്‍ ഒരാളായി. പറക്കമുറ്റാത്ത മൂന്നുമക്കള്‍ക്കൊപ്പം ഭര്‍ത്താവ് ഈ ചേരിയിലുപേക്ഷിച്ച നിസാന, ഒരായുഷ്‌കാലത്ത് അനുഭവിക്കേണ്ടതിലേറെ ദുരിതങ്ങള്‍ ഈ ചെറുപ്രായത്തില്‍ അനുഭവിച്ചു തീര്‍ത്തുകഴിഞ്ഞു.

ഒരിക്കല്‍ സജീവ ചര്‍ച്ചാവിഷയമാവുകയും പിന്നീട് കേരളം മറക്കുകയും ചെയ്ത മൈസൂര്‍ കല്യാണമെന്ന വിവാഹതട്ടിപ്പിന്റെ ഇരകളായ നമ്മുടെ സഹോദരിമാരെ തേടി നഗരത്തിലെ ചേരിപ്രദേശങ്ങളില്‍ നടത്തിയ അന്വേഷണത്തിലാണ് നിസാനയെ പരിചയപ്പെട്ടത്. ഇവളെ മാത്രമല്ല ഇവിടത്തെ കുടിലുകളില്‍ ഇരുളടഞ്ഞ മനസ്സുമായി കഴിയുന്ന നൂറ് കണക്കിന് സഹോദരിമാരെയാണ് 'മാതൃഭൂമി' സംഘത്തിന് കണ്ടുമുട്ടാന്‍ കഴിഞ്ഞത്. മൈസൂരിലെ മുസ്‌ലിം ജമാ അത്ത് പ്രവര്‍ത്തകരുടെ സഹായത്തോടെ കേരളത്തില്‍ നിന്നെത്തിയ റിലീഫ് വളണ്ടിയര്‍മാരായാണ് പോലീസ് പോലും പ്രവേശിക്കാന്‍ മടിക്കുന്ന ഈ തെരുവുകളില്‍ കയറിപ്പറ്റിയത്. മാധ്യമപ്രവര്‍ത്തകരാണെന്ന് അതിനുള്ളിലുള്ളവര്‍ തിരിച്ചറിഞ്ഞാല്‍ പിന്നെ പുറംലോകം കാണില്ല. നിരവധി ചോദ്യശരങ്ങളുയര്‍ന്നെങ്കിലും റിലീഫ് പ്രവര്‍ത്തകരാണെന്ന് പറഞ്ഞതോടെ യുവതികളില്‍ പലരും മനസ്സുതുറക്കാന്‍ തയ്യാറായി.

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ തുടങ്ങിയ അതിര്‍ത്തിജില്ലകളില്‍ നിന്നുള്ളവരാണ് ഇവിടെയുള്ളവരില്‍ ഏറേയും. കൃത്യമായ കണക്കുകളില്ലെങ്കിലും ഇവിടെ മാത്രമായി പതിനായിരത്തിലേറെ യുവതികളുണ്ട്. അറബി കല്യാണങ്ങളിലെന്നപോലെ വീട്ടിലെ സാമ്പത്തിക പരാധീനതകളാണ് വിവാഹങ്ങള്‍ക്ക് തലകുനിച്ചുകൊടുക്കാന്‍ ഇവരെ പ്രേരിപ്പിച്ചത്. നല്ല ജീവിതം ആഗ്രഹിച്ചെങ്കിലും ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും കൊടിയമര്‍ദനങ്ങള്‍ ഏറ്റുവാങ്ങാനായിരുന്നു വിധിയെന്ന് ഇവരെല്ലാം ഒരേസ്വരത്തില്‍ പറയുന്നു. ദാമ്പത്യത്തിന്റെ ആദ്യനാളുകളില്‍ താമസിച്ചിരുന്ന വാടകവീട്ടില്‍ നിന്നും ചേരിയിലെ വീട്ടിലേക്ക് ജീവിതം പറിച്ചു നടപ്പെടുമ്പോഴാണ് ഭര്‍ത്താവിനു തന്നെകൂടാതെ വേറെയും ഭാര്യയും കുട്ടികളുമുണ്ടെന്നുള്ള കാര്യം ഇവരില്‍ പലരും അറിഞ്ഞത്. അപ്പോഴേക്കും കൊടുത്ത സ്ത്രീധനപ്പണമെല്ലാം കുടിയനും ധൂര്‍ത്തനുമായ ഭര്‍ത്താവ് തീര്‍ത്തിരുന്നു. ഭര്‍ത്താവിന്റെ സഹോദരങ്ങളടക്കമുള്ള ബന്ധുക്കളില്‍ ചിലര്‍ വഴിവിട്ടുപെരുമാറിയ കഥകളും പേരുവെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ചില സഹോദരിമാര്‍ ഞങ്ങളോടുപറഞ്ഞു. ചതിയില്‍ പെട്ടെന്ന് ഇവര്‍ തിരിച്ചറിഞ്ഞപ്പോഴേക്കും ജീവിതം കൈയെത്താത്തത്ര ദൂരത്ത് എത്തിയിരുന്നു.

കുടിലുകളിലെരിയുന്ന ജീവിതങ്ങള്‍

ഗൗസിയാ നഗര്‍, ശാന്തിനഗര്‍, കെസെരെ, നെഹ്രു നഗര്‍, നായിഡു നഗര്‍, കല്യാണഗിരി, രാജീവ് നഗര്‍ തുടങ്ങിയ ചേരികളിലെ കുടിലുകളിലാണ് മൈസൂര്‍ കല്യാണത്തിന്റെ ഇരകളില്‍ ഏറേയും താമസിക്കുന്നത്. വിവാഹശേഷം ആര്‍ക്കും വേണ്ടാതായ ഇവരെ ഭര്‍ത്താക്കന്മാര്‍ തള്ളിയത് ഈ ചേരികള്‍ക്കുള്ളിലാണ്. ഇവിടത്തെ വീടുകളില്‍ പകുതിയിലും മലയാളി സാന്നിധ്യമുണ്ട്. രണ്ടായിത്തിരിച്ചിരിക്കുന്ന ചെറിയ കുടിലിലെ മറുഭാഗത്ത് മറ്റൊരു കുടുംബവും താമസിക്കുന്നുണ്ടാകും.

കുടിലുകള്‍ തൊട്ടുതൊട്ടിരിക്കുന്നതിനാല്‍ പ്രാഥമിക കാര്യങ്ങള്‍ക്കുപോലും സൗകര്യമില്ല. ആകെയുള്ള ഈ ഒറ്റമുറിയില്‍ തന്നെയാണ് പാചകവും കിടപ്പുമെല്ലാം. ഭര്‍ത്താവിന്റെ മാതാപിതാക്കളും സഹോദരങ്ങളും എല്ലാം താമസിക്കുന്നതും ഇവര്‍ക്കൊപ്പം തന്നെ. പലപ്പോഴും പട്ടിണിയാണ്. പുറംലോകം കാണാനും അനുവാദമില്ല. ഇടയ്ക്കിടെ മാത്രം എത്തുന്ന ഭര്‍ത്താവിന്റെ ജോലി എന്താണെന്ന് പലര്‍ക്കും അറിയില്ല. തൊട്ടതിനും പിടിച്ചതിനുമെല്ലാം കുറ്റം കണ്ടുപിടിച്ച് ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും വക മര്‍ദനം പതിവാണെന്ന് കല്യാണഗിരിയിലെ ഫൗസിയയും റംലത്തുമെല്ലാം പറയുന്നു. കുട്ടികളെ ഓര്‍ത്തുമാത്രമാണ് പലരും ഇന്നും ആത്മഹത്യ ചെയ്യാതെ കഴിയുന്നത്.

മൈസൂരിനടുത്തുള്ള കെ.ആര്‍. നഗര്‍, ശ്രീരംഗപട്ടണം, കൊള്ളേഗല്‍, ചാമരാജനഗര്‍ എന്നിവിടങ്ങളിലെ അറിയപ്പെടാത്ത ചേരികളിലും മൈസൂര്‍ കല്യാണത്തിന്റെ ഇരകളായ നിരവധി പേരുണ്ട്. വിവാഹശേഷം സ്വന്തം വീട്ടുകാര്‍ പോലും ഒരിക്കലും അന്വേഷിച്ചെത്തിയിട്ടില്ലാത്ത നിരവധി യുവതികളെയും ഇവിടങ്ങളില്‍ കണ്ടു.

ബാല്യത്തില്‍ ഞെട്ടറ്റ പൂവുകള്‍

വിവാഹം എന്താണെന്നുപോലും അറിയാത്ത പ്രായത്തില്‍ ഇവിടെയെത്തിപ്പെട്ട ഈ പെണ്‍കുട്ടികളുടെ വിവാഹജീവിതവും ശൈശവദശയില്‍ തന്നെ മൊട്ടറ്റുപോകാറാണ് പതിവ്. ഇത്തരം 90 ശതമാനം വിവാഹങ്ങളും ആദ്യ ഒരുമാസത്തിനുള്ളില്‍ തന്നെ തകരാറുണ്ടെന്ന് മൈസൂരിലെ സാമൂഹിക പ്രവര്‍ത്തകനും മലയാളിയുമായ കാസിം പറയുന്നു ദാമ്പത്യത്തിന്റെ ആദ്യദിനങ്ങള്‍ സന്തോഷപൂര്‍ണമായിരിക്കുമെങ്കിലും പതുക്കെ ഭാഷയും ഭക്ഷണവുമെല്ലാം വില്ലനാകും. പറയുന്നകാര്യങ്ങള്‍ മനസ്സിലാക്കാനും ഇഷ്ടത്തിനനുസരിച്ച് ഭക്ഷണമുണ്ടാക്കാനും പെണ്‍കുട്ടികള്‍ക്ക് കഴിയാതാകുന്നതോടെ ഭര്‍ത്താവിന്റെ മര്‍ദനം തുടങ്ങുകയായി. പെണ്ണിനൊപ്പം നല്‍കിയ പൊന്നും പണവും തീരുമ്പോള്‍ വീട്ടില്‍ നിന്ന് കൂടുതല്‍ പണം വാങ്ങാന്‍ നിര്‍ബന്ധിച്ചായിരിക്കും പിന്നീടങ്ങോട്ടുള്ള പീഡനം. കൊല്ലപ്പെടും എന്ന അവസ്ഥ വരുമ്പോള്‍ മാത്രമാണ് പലരും വീടുകളിലേക്കു തിരിച്ചു പോകുന്നത്. എന്നാല്‍, സ്വന്തം വീട്ടിലെ അവസ്ഥ അതിലും പരിതാപകരമായതിനാല്‍ ഇവരില്‍ ഭൂരിഭാഗവും മൈസൂരിലേക്കുതന്നെ തിരികെയെത്തും. ഇത്രയധികം പ്രശ്‌നങ്ങളുണ്ടെങ്കിലും വിവാഹമോചനം തേടിയവരുടെ എണ്ണം വളരെ കുറവാണ്.

വഴിപിഴയ്ക്കുന്ന ബാല്യങ്ങള്‍

നമ്മുടെ സഹോദരിമാരെ മാത്രമല്ല ഇവരുടെ മക്കളെയും ജീവിതത്തിന്റെ അഴുക്കുചാലിലേക്കു തള്ളിയിടുകയാണ് മൈസൂര്‍ കല്യാണങ്ങള്‍. ചേരികളില്‍ വളരുന്ന ഈ കുട്ടികളില്‍ 90 ശതമാനം പേര്‍ക്കും സ്‌കൂള്‍ അന്യമാണ്. പട്ടിണി കിടക്കാതിരിക്കാന്‍ നഗരത്തിലെ സ്‌കൂട്ടര്‍ ഗ്യാരേജുകളിലും ഹോട്ടലുകളിലുമെല്ലാം പണിക്കു പോകുന്ന ചില കുട്ടികളെയും ഇവിടെ കണ്ടു. ഗൗസിയാനഗറിലെ അല്‍-നൂര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ചേരികളില്‍ നിന്നുള്ള 125-ഓളം കുട്ടികള്‍ പഠിക്കുന്നുണ്ട്. പക്ഷേ, ഇവരില്‍ പലരും പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചു പോവുകയാണ് ചെയ്യുന്നത്. ഇതിനിടെ നഗരത്തില്‍ നിന്ന് കാണാതാകുന്ന പെണ്‍കുട്ടികളിലേറെയും ഈ പ്രദേശങ്ങളില്‍ നിന്നുള്ളവരാണെന്ന പോലീസിന്റെ ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു. ഇവരെ കുറിച്ച് പിന്നീട് വിവരമൊന്നും ലഭിച്ചിട്ടില്ല. ഇത്തരം സാഹചര്യങ്ങളില്‍ വളരുന്ന കുട്ടികള്‍ നാളെ ക്രിമിനലുകളായി മാറാനുള്ള സാധ്യതകളും ഏറേയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.


ചന്ദനത്തിരികള്‍ കഥപറയുന്നു

മൈസൂരിലെ ചന്ദനത്തിരികള്‍ ലോകപ്രസിദ്ധമാണ്. മൈസൂര്‍ കല്യാണത്തിനു ഇരകളായ നമ്മുടെ സഹോദരിമാരുടെ ഒട്ടേറെ ജീവിതകഥകള്‍ സുഗന്ധം പരത്തുന്ന ഈ ചന്ദനത്തിരികള്‍ക്കു പറയാനുണ്ടാകും. കാരണം നഗരത്തിലെ പല പ്രമുഖ കമ്പനികള്‍ക്കും വേണ്ടി തിരി നിര്‍മാണം നടക്കുന്നത് ഈ കുടിലുകളിലാണ്

പുറംലോകം പോലും കാണാന്‍ അനുവാദമില്ലാത്ത ഇവര്‍ അന്നന്നത്തെ അഷ്ടിക്കു വക കണ്ടെത്തുന്നത് ഇതിലൂടെയാണ്. ഒരു ദിവസം ആയിരം തിരിയുണ്ടാക്കിയാല്‍ അന്‍പത് രൂപ മാത്രമാണ് ലഭിക്കുക. പക്ഷേ, പട്ടിണിമാറ്റാന്‍ മറ്റുമാര്‍ഗങ്ങളില്ലെന്ന് ഇവര്‍ പറയുന്നു. ഗൗസിയനഗറിലെ ഒരു ചേരിപ്രദേശത്തു മാത്രം ഇരുന്നൂറിലേറെ വീടുകളില്‍ ചന്ദനത്തിരി നിര്‍മാണമുണ്ട്. സ്‌കൂള്‍ അന്യമായ ഇവിടത്തെ പെണ്‍കുട്ടികളുടെയും ജോലി മറ്റൊന്നല്ല.

(തുടരും)Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/