'നസീര്‍'കോയ

Posted on: 27 Nov 2012


ആര്‍. രാജേഷ്‌സംഘട്ടന രംഗങ്ങളില്‍ നസീറിനു പരുക്കുപറ്റി ഷൂട്ടിങ് മുടങ്ങുന്നത് ഒഴിവാക്കാന്‍ നവോദയ അപ്പച്ചനും തിരക്കഥാകൃത്ത് ശാരംഗപാണിയും ഒടുവില്‍ ഒരു വഴി കണ്ടു. നൂറുകണക്കിന് സിനിമകളില്‍ ചെറുവേഷം ചെയ്ത, നസീറിന്റെ മുഖത്തോട് സാമ്യമുള്ള കോയയെ ഡ്യൂപ്പാക്കുക.
തുടര്‍ന്നങ്ങോട്ട് എല്ലാ ചിത്രങ്ങളിലും
കോയ നസീറിന്റെ ഡ്യൂപ്പായി...നസീറിനെ കാണാന്‍ ഇപ്പോള്‍ എങ്ങനെയിരിക്കും? ആലപ്പുഴക്കാരോടാണ് ചോദ്യമെങ്കില്‍, അവര്‍ക്ക് ഒറ്റ ഉത്തരമേയുള്ളൂ. ദേ... ഈ കോയയെപ്പോലെയിരിക്കും. കോയയെ അറിയില്ലേ? പ്രേംനസീറിന് പകരക്കാരനായി സംഘട്ടനരംഗങ്ങളിലും വാള്‍പ്പയറ്റുകളിലും കാമറയ്ക്ക് മുന്നില്‍ മലക്കംമറിഞ്ഞ 'ഡ്യൂപ്പ്'. നസീറിന്റെ സിനിമയാണെങ്കില്‍ സെറ്റില്‍ കോയ 'മസ്റ്റ'ായിരുന്നു. പക്ഷേ, നസീറിന്റെ സാഹസികത കണ്ട് തീയേറ്ററില്‍ കൈയടിച്ച അധികമാര്‍ക്കും ഈ ഡ്യൂപ്പിനെ അറിയില്ല. എങ്കിലും, ആരോടും പരിഭവമൊന്നും കോയയ്ക്കില്ല. നിത്യഹരിത നായകന്റെ ഡ്യൂപ്പാകാന്‍ കഴിഞ്ഞതുതന്നെ മഹാഭാഗ്യമെന്ന് കരുതി ആലപ്പുഴ ചാത്തനാട്ടുള്ള വാടകവീട്ടില്‍ ജീവിത പ്രാരാബ്ധങ്ങളെ ചിരിച്ചുകൊണ്ട് നേരിടുകയാണ് കോയ എന്ന നസീര്‍ കോയ. നസീര്‍ ഏറ്റവും കൂടുതല്‍ സിനിമകളില്‍ നായകനായ നടനെന്ന റെക്കോഡിട്ടപ്പോള്‍ കോയ ഏറ്റവും കൂടുതല്‍ തവണ ഡ്യൂപ്പായ നടനെന്ന റിക്കാര്‍ഡിനുമുടമയായി.

കഥയുടെ ഫ്‌ളാഷ് ബാക്ക്

ചാത്തനാട് വെളിമ്പറമ്പില്‍ പത്രപ്രവര്‍ത്തകനായ അബ്ദുള്ളയുടെ മകന്‍ എ. കോയയ്ക്ക് പഠിക്കാന്‍ വലിയ താത്പര്യമില്ലായിരുന്നു. മുഴുവന്‍ സമയവും നാടകം കളിച്ചുനടക്കുന്നതിലായിരുന്നു കമ്പം. ഒന്‍പതാം ക്ലാസില്‍ പഠിപ്പ് നിര്‍ത്തേണ്ടി വന്നു. നാടക പ്രേമം മൂത്തപ്പോള്‍ ചാത്തനാട്ട് ഒരു കലാസമിതിക്ക് രൂപം നല്‍കി. നാടായ നാടാകെ നാടകം കളിച്ച് ഉറക്കം നിന്ന് പുലര്‍ച്ചെ കയറിവന്ന മകന്റ പോക്ക് ശരിയല്ലെന്ന് ബാപ്പയ്ക്ക് തോന്നി. ബാപ്പ കോയയെ വിളിച്ചൊന്നു ഗുണദോഷിച്ചു. അതിന് ചെറിയ ഫലം കണ്ടു. ബാപ്പയോടൊപ്പം കോയയും പത്രപ്രവര്‍ത്തനം തുടങ്ങി. പത്ര പ്രവര്‍ത്തനമെന്നാല്‍ ഇന്നത്തെപ്പോലെ വാര്‍ത്ത എഴുത്ത് മാത്രമല്ല അന്ന്. എഴുതിയത് എഴുത്തുകാരന്‍ തന്നെ ആളുകളിലെത്തിക്കണം. എന്നുവെച്ചാല്‍ പത്രം വീടുകള്‍ തോറും കൊണ്ടുചെന്ന് കൊടുക്കണമെന്ന് സാരം. ഇഷ്ടമില്ലാത്ത പണിയെടുത്ത് മടുത്ത കോയ നാലഞ്ചുമാസങ്ങള്‍ക്കുശേഷം പത്രപ്രവര്‍ത്തനം നിര്‍ത്തി. വീണ്ടും നാടകങ്ങളിലേക്ക്. അക്കാലത്താണ് കുഞ്ചാക്കോ ഉദയ സ്ഥാപിച്ചത്. ഉദയയില്‍ കയറിപ്പറ്റണമെന്ന ആഗ്രഹം അന്നേ തോന്നി. പക്ഷേ, നടന്നില്ല. ഒരിക്കല്‍, ഉദയയുടെ ക്യാമറാമാനായ കൃഷ്ണന്‍കുട്ടി, കോയ അഭിനയിച്ച നാടകം കണ്ടു. കൃഷ്ണന്‍കുട്ടിക്ക് അഭിനയം ബോധിച്ചു. അതിലുപരി, പ്രേംനസീറിനെപ്പോലുള്ള കോയയുടെ മുഖ സൗന്ദര്യവും. കൃഷ്ണന്‍ കുട്ടി ഒന്നും ആലോചിക്കാതെ കോയയെയും ഒപ്പം കൂട്ടി. അന്നുമുതല്‍ കോയയും ഉദയയുടെ ആളായി.

അങ്ങനെ...
ജൂനിയര്‍, ഡ്യൂപ്പായി

ജൂനിയര്‍ ആര്‍ട്ടിസ്റ്റായിട്ടായിരുന്നു ഉദയയിലെ തുടക്കം. ഉമ്മ മുതല്‍ നൂറുകണക്കിന് സിനിമകളില്‍ ചെറിയ ചെറിയ വേഷം ചെയ്തു. അങ്ങനെയിരിക്കെയാണ് നസീറിന്റെ മുഖത്തോടു സാമ്യമുള്ള കോയയെ ഡ്യൂപ്പായി സംഘട്ടനരംഗങ്ങളില്‍ പരീക്ഷിച്ചാലോ എന്ന് പടം പിടിത്തക്കാരനായ കുഞ്ചാക്കോയും കഥാകൃത്തായ ശാരംഗ പാണിയും ആലോചിച്ചത്. ആലോചനയ്ക്കു പിന്നില്‍ ഒരു കാരണമുണ്ടായിരുന്നു. 'സംഘട്ടനരംഗങ്ങളില്‍ നസീറിന് പരുക്ക് പറ്റിയാല്‍ ഷൂട്ടിങ് മുടങ്ങുന്നത് ഒഴിവാക്കാന്‍ ഡ്യൂപ്പെന്ന ആശയം കൊള്ളാം.' ഇരുവരുടെയും അടക്കം പറച്ചില്‍ എല്ലാവര്‍ക്കും കേള്‍ക്കാമായിരുന്നു. പക്ഷേ, സാഹസികത ഇഷ്ടപ്പെട്ട കോയ എന്തിനും തയ്യാറായിരുന്നു. പിന്നെ പരിശീലനത്തിന്റെ നാളുകള്‍. സ്റ്റണ്ട് മാസ്റ്റര്‍ തലശ്ശേരി സുകുമാരന്‍ ഗുരുക്കള്‍ അടവുകള്‍ ഓരോന്നായി പഠിപ്പിച്ചു. എല്ലാം കോയ പെട്ടെന്ന് പഠിച്ചു. അങ്ങനെ പഴശ്ശി രാജയില്‍ നസീറി (സലിം രാജകുമാരന്‍) ന്റെ ഡ്യൂപ്പായി വാള്‍പ്പയറ്റില്‍ കസറി. തുടര്‍ന്നങ്ങോട്ട് നസീറിന്റെ എല്ലാ ചിത്രങ്ങള്‍ക്കും കോയയായിരുന്നു ഡ്യൂപ്പ്. ഓരോ ഷോട്ടും തുടങ്ങും മുമ്പ് നസീര്‍ കോയയോട് പറയും, 'സൂക്ഷിക്കണം.' കോയ തലയാട്ടും. എല്ലാം കഴിയുമ്പോള്‍ നസീര്‍ പറയും. 'സാഹസിക സീനുകള്‍ അഭിനയിക്കണമെന്ന ആഗ്രഹമെനിക്കുമുണ്ട്. പക്ഷേ, ഇവര്‍ സമ്മതിക്കില്ല നസീറിക്കാ'. (നസീറാണ് കോയയെ ആദ്യം നസീറിക്ക എന്നു വിളിച്ചു തുടങ്ങിയത്. പിന്നീട് എല്ലാ നടന്‍മാരും അങ്ങനെ വിളിക്കാന്‍ തുടങ്ങി. പക്ഷേ, നാട്ടില്‍ കോയ, 'നസീര്‍ കോയ'യാണ്).
മമ്മൂട്ടിയുമായുള്ള ചങ്ങാത്തം
1981-ലാണ്. ജഗതി ശ്രീകുമാറിനെ ഉദയയിലേക്ക് കൂട്ടിക്കൊണ്ടു വരാനാണ് കോയ ആലപ്പുഴ റസ്റ്റ് ഹൗസിലെത്തിയത്. അപ്പോഴവിടെ കണ്ടത് കൊച്ചുബീഡി വലിച്ച് നില്‍ക്കുന്നയാളെയാണ്. കോയ വെറുതെ വിട്ടില്ല. 'ആരാ...?' അല്‍പം വെയ്റ്റിട്ടൊരു ചോദ്യം. ' ഞാന്‍ മുഹമ്മദ് കുട്ടി, സിനിമയില്‍ അഭിനയിക്കാന്‍ വന്നതാണ്. വക്കീലാണ്'. കൂടുതലൊന്നും ചോദിക്കാതെ ഒരല്പം മസ്സിലുപിടിച്ച് സെറ്റില്‍ കാണാമെന്ന് പറഞ്ഞ് കോയ പോയി. സെറ്റിലെത്തിയപ്പോള്‍ മുഹമ്മദ് കുട്ടി ആദ്യം സംസാരിച്ചത് കോയയോടായിരുന്നു. പി.ജി. വിശ്വംഭരന്‍ സംവിധാനം ചെയ്ത സ്‌ഫോടനം എന്ന ചിത്രത്തിലൂടെ കടന്നുവന്ന മമ്മൂട്ടിയുടെ ആദ്യ സുഹൃത്ത് കോയായാണെന്നു പറയാം. നസീര്‍ വിളിച്ചപോലെ നസീറിക്കാ എന്നായിരുന്നു കോയയെ മമ്മൂട്ടിയും വിളിച്ചത്. മമ്മൂട്ടിയെ കോയ വക്കീല്‍ സാറെന്നും വിളിച്ചു. അങ്ങനെ ആ സൗഹൃദം വളര്‍ന്നു.
സിനിമാ രംഗത്തുനിന്ന് വലിയ വരുമാനമൊന്നുമില്ലാത്ത കാലം. കോയയുടെ മകളുടെ കല്യാണമായി. ഈ സമയമാണ് ഓമനപ്പുഴ കടപ്പുറത്ത് അമരത്തിന്റെ ഷൂട്ടിങ്. മമ്മൂട്ടിയെ ചെന്നു കണ്ടു. 15,000 രൂപയെടുത്തു നല്‍കി. അന്ന് 15,000 രൂപയ്ക്ക് 10 പവന്റെ പൊന്നു കിട്ടി. കോയയ്ക്ക് മമ്മൂട്ടിയെ പുകഴ്ത്താന്‍ വാക്കുകള്‍ കിട്ടാതായി. പ്രേം നസീറിന്റെ മരണശേഷം ഡ്യൂപ്പിന്റെ ആവശ്യം വന്നില്ല. പിന്നെ ചെറിയ ചെറിയ വേഷങ്ങളില്‍ ഒതുങ്ങിക്കൂടി. അവസാനം വിയറ്റ്‌നാം കോളനിയിലും മുഖം കാണിച്ചു.
സ്‌ക്രീനില്‍ മഷി പടരുന്നു
സിനിമയുടെ വെള്ളി വെളിച്ചം മാഞ്ഞു. കോയയെ കൈയയച്ച് സഹായിക്കാന്‍ ഇന്ന് കുഞ്ചാക്കോയില്ല. മകളുടെ കല്യാണത്തിനായി ആകെയുണ്ടായിരുന്ന വീടും സ്ഥലവും വിറ്റു. ഒടുവില്‍ തെരുവില്‍ അഭയം തേടേണ്ടി വന്നു. ആലപ്പുഴ കൊമേഴ്‌സ്യല്‍ കനാല്‍ക്കരയില്‍ കുട നന്നാക്കിയായിരുന്നു പിന്നീടുള്ള ജീവിതം. ഇപ്പോള്‍ ഒരുവര്‍ഷമായി കുട നന്നാക്കലില്ല. വീട്ടില്‍ തന്നെയിരിപ്പാണ്. നഗരത്തിലൂടെ നടക്കുമ്പോള്‍ ഒരിക്കല്‍ ഒന്ന് വീണു. തുടയെല്ലിന് പൊട്ടലുണ്ടായി. ഏറെ നാള്‍ ചികിത്സ. രണ്ടുലക്ഷത്തോളം രൂപ ചെലവായി. വരുമാനമൊന്നുമില്ല. ആകെ കിട്ടുന്നത് ആയിരം രൂപ അവശ കലാകാര പെന്‍ഷന്‍.
സിനിമാക്കാരുടെ സംഘടനയായ 'അമ്മ'യുടെ പെന്‍ഷന്‍ പോലുമില്ല. സാമ്പത്തികമായി ബുദ്ധിമുട്ടുണ്ടെങ്കിലും ആരോടും കൈ നീട്ടാനും കോയയില്ല. ഭാര്യയും മക്കളും കൊച്ചുമക്കളുമൊത്ത് വാടക വീട്ടിലിരിക്കുമ്പോള്‍ എപ്പോഴും ഓര്‍ക്കും പുതിയ സിനിമാക്കാരാരെങ്കിലും വരുമെന്ന്. പക്ഷേ, ആരും കോയയെത്തേടിയെത്താറില്ല. മമ്മൂട്ടിയെ പോയി കാണണമെന്നുണ്ട്. പക്ഷേ, ആരോഗ്യം അനുവദിക്കുന്നില്ല. കോയ ഇങ്ങനെ പറഞ്ഞാണ് നിര്‍ത്തിയത്. 'ഇതാണെന്റെ നമ്പര്‍ 9249210815. വാര്‍ത്ത കണ്ട് വക്കീല്‍സാറെങ്ങാനും (മമ്മൂട്ടി) വിളിച്ചാലോ?'
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/