
ന്യൂഡല്‍ഹി: നിയമനിര്‍മാണസഭകളില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം നല്‍കുന്ന വനിതാ സംവരണബില്‍ ലോക വനിതാദിനമായ തിങ്കളാഴ്ച രാജ്യസഭയില്‍ അവതരിപ്പിക്കും. ബില്ലിനെ അനുകൂലിച്ച് മുഖ്യ ഭരണപക്ഷ-പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ യാദവപക്ഷം അരയും തലയും മുറുക്കി സഭയിലെത്തും. അംഗസംഖ്യ കണക്കാക്കിയാല്‍ ബില്‍ രാജ്യസഭയില്‍ അനായാസം പാസാവും. ലോക്‌സഭ ഇത് അടുത്തയാഴ്ചയേ പരിഗണിക്കൂ എങ്കിലും അവിടത്തെ കണക്കുകളും മറ്റൊന്നല്ല. എന്നാല്‍, ബില്ലിനെ എതിര്‍ക്കുന്നവര്‍ സഭ പ്രക്ഷുബ്ധമാക്കുമോ എന്ന ആശങ്ക നിലനില്ക്കുന്നുണ്ട്. വനിതാദിന ശതാബ്ദിയാഘോഷവേള ഇന്ത്യാചരിത്രത്തിലെ ഒരു നാഴികക്കല്ലാവും എന്നുതന്നെയാണ് പ്രതീക്ഷ.
ആവശ്യമായതില്‍ കൂടുതല്‍ പിന്തുണ ബില്ലിന് ഇതിനകം ഉറപ്പായിക്കഴിഞ്ഞു. ബില്ലിന്റെ ക്രെഡിറ്റ് ആര്‍ക്കെന്നതിനെക്കുറിച്ചാണ് കോണ്‍ഗ്രസ്സും ബി.ജെ.പി.യും തമ്മില്‍ ഇപ്പോള്‍ തര്‍ക്കിക്കുന്നത്. അംഗങ്ങള്‍ സീറ്റിലിരുന്ന് സമാധാനാന്തരീക്ഷം കൈവന്നാലേ കീഴ്‌വഴക്കപ്രകാരം വോട്ടെടുപ്പ് നടക്കൂ. പക്ഷേ, സംഖ്യാബലത്തെ പേശീബലം കീഴടക്കുമോ എന്നാണ് അറിയേണ്ടത്. എതിര്‍ക്കുന്ന അംഗങ്ങള്‍ എണ്ണത്തില്‍ കുറവെങ്കിലും ഏതറ്റം വരെയും പോകാന്‍ സന്നദ്ധരെന്നാണ് സൂചന. സഭാതലത്തിലിറങ്ങി ഇവര്‍ ബഹളം വെക്കുകയോ, മുമ്പ് പലതവണ സംഭവിച്ചതുപോലെ കയ്യാങ്കളിക്ക് തുനിയുകയോ ചെയ്താല്‍ ഇത്തവണയും വനിതാബില്‍ ബില്ലായിത്തന്നെ തുടരും. എന്നാല്‍, ബില്ലവതരണവേളയില്‍ ബഹളമുണ്ടാക്കുന്ന അംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്ത് പ്രശ്‌നം പരിഹരിക്കാമെന്ന മാര്‍ഗവുമുണ്ട്.
വനിതാ ബില്ലിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവും ആര്‍.ജെ.ഡി. നേതാവ് ലാലുപ്രസാദും വ്യക്തമാക്കി. രണ്ടു പാര്‍ട്ടികളും ബില്ലിനെതിരെ വോട്ടുചെയ്യാന്‍ അംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയിട്ടുണ്ട്. നിലവിലുള്ള രീതിയില്‍ അവതരിപ്പിക്കപ്പെടുന്ന ബില്ലിനെ എതിര്‍ക്കാന്‍ ആര്‍.ജെ.ഡി. വിപ്പ് നല്‍കിയതായി പാര്‍ട്ടി നേതാവ് പ്രേംചന്ദ് ഗുപ്ത പറഞ്ഞു. വനിതാ സംവരണത്തിനകത്ത് പിന്നാക്ക, ന്യൂനപക്ഷവിഭാഗങ്ങള്‍ക്ക് പ്രത്യേക സംവരണം വേണമെന്നാണ് ഇരുപാര്‍ട്ടികളും ആവശ്യപ്പെടുന്നത്. മനസ്സാക്ഷി വോട്ടുചെയ്യാന്‍ കോണ്‍ഗ്രസ്സും ബി.ജെ.പി.യും തങ്ങളുടെ അംഗങ്ങളെ അനുവദിച്ചാല്‍ ബില്ലിനെ എത്രപേര്‍ പിന്തുണയ്ക്കുമെന്നറിയാമെന്ന് ലാലു പരിഹസിക്കുന്നു. പഴയ സുഹൃത്തുക്കളെ അവഗണിച്ച് ബി.ജെ.പി.യുടെ സഹായത്തോടെ ബില്ലുമായി മുന്നോട്ടുപോകാനുള്ള കോണ്‍ഗ്രസ്സിന്റെ നീക്കം ആ പാര്‍ട്ടിക്ക് ഭാവിയില്‍ ഗുണം ചെയ്യില്ലെന്ന് ലാലു മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
എന്നാല്‍, ബില്ലുമായി മുന്നോട്ടുപോയാല്‍ സഭയില്‍ യുദ്ധമുണ്ടാകുമെന്ന പഴയ ഭീഷണിയില്‍നിന്ന് ലാലു മയപ്പെട്ടത് സമവായത്തിനായി ശ്രമിക്കുന്ന ഭരണപക്ഷനേതാക്കള്‍ക്ക് അല്പം ആശ്വാസം പകരുന്നുണ്ട്.
വനിതാ സംവരണബില്‍ അങ്ങേയറ്റം അപകടകരമാണെന്നാണ് സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിങ് അഭിപ്രായപ്പെട്ടത്. മുസ്‌ലിം, പിന്നാക്ക, ദളിത് വിഭാഗങ്ങള്‍ക്ക് പാര്‍ലമെന്റില്‍ പ്രവേശിക്കാനുള്ള അവസരം തടയുന്നതാണ് ബില്‍. കോണ്‍ഗ്രസ്സും ബി.ജെ.പി.യും മുസ്‌ലിം, പിന്നാക്ക, ദളിത് വിരുദ്ധ സമീപനമാണ് സ്വീകരിക്കുന്നത് -മുലായം കുറ്റപ്പെടുത്തി.
മുലായവും ലാലുവും ശക്തമായി എതിര്‍ക്കുമ്പോഴും അംഗസംഖ്യ ബില്ലിന് അനുകൂലമാണെന്നതാണ് സര്‍ക്കാറിന് ആത്മവിശ്വാസം പകരുന്നത്.
രാജ്യസഭയിലെ അംഗബലം 233 ആണ്. ബില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ പാസാകാന്‍ ആവശ്യമായ പിന്‍ബലം 155ഉം. ഇതില്‍ ബില്ലിന് അനുകൂലമായി 164 പേര്‍ വോട്ടുചെയ്യുമെന്നാണ് കണക്കാക്കുന്നത്. ഇതില്‍ കോണ്‍ഗ്രസ്സിന്റെ 71, ബി.ജെ.പി.യുടെ 45, ഇടതുപക്ഷത്തിന്റെ 22, എ.ഐ.എ.ഡി.എം.കെ.യുടെ 7, ഡി.എം.കെ.യുടെ 4 എന്നിവരുള്‍പ്പെടും. ഇതിനുപുറമെ ബി.ജെ.ഡി., തെലുങ്കുദേശം, എന്‍.സി.പി., തൃണമൂല്‍, എ.ജി.പി., അകാലിദള്‍ തുടങ്ങിയ കക്ഷികളും ബില്ലിനെ പിന്തുണയ്ക്കുന്നുണ്ട്. ബില്ലിനെ ശക്തമായി എതിര്‍ക്കുന്ന എസ്.പി.ക്ക് 12ഉം, ആര്‍.ജെ.ഡി.ക്ക് നാലും അംഗങ്ങളാണുള്ളത്. ജനതാദള്‍ -യുണൈറ്റഡ് ബില്ലിന്റെ കാര്യത്തില്‍, ഭിന്നിച്ചുനില്‍ക്കുകയാണ്. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ബില്ലിനെ അനുകൂലിക്കുമ്പോള്‍ പാര്‍ട്ടി അധ്യക്ഷന്‍ ശരത്‌യാദവ് എതിര്‍ക്കുന്നു. ജെ.ഡി.യു. അംഗങ്ങളില്‍ ഒരുവിഭാഗമെങ്കിലും ബില്ലിനെ പിന്തുണയ്ക്കും എന്നു കരുതപ്പെടുന്നു. ഏതായാലും ജെ.ഡി.യു.അംഗങ്ങള്‍ക്ക് നേതൃത്വം വിപ്പ് നല്‍കിയിട്ടില്ല.
ബി.എസ്.പി. നിലപാടും അവ്യക്തമാണ്. ദളിത് സംവരണം ഏറെക്കുറെ ഉറപ്പായ സ്ഥിതിക്ക് ബി.എസ്.പി. ശക്തമായ എതിര്‍പ്പുമായി രംഗത്തുവരില്ലെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. എസ്.പി. നിലപാടിനെ പിന്തുണയ്ക്കാനും മായാവതിക്ക് മടിയുണ്ട്.
അവതരിപ്പിക്കപ്പെട്ടപ്പോഴെല്ലാം എതിര്‍പ്പില്‍ തട്ടി തകര്‍ന്ന ചരിത്രമാണ് വനിതാബില്ലിനുള്ളത്. '96 ലാണ് ബില്‍ ആദ്യം ലോക്‌സഭയില്‍ അവതരിപ്പിച്ചത്. പിന്നെ എന്‍.ഡി.എ. സര്‍ക്കാറിന്റെ കാലത്ത് '98ലും '99ലും 2002ലും 2003ലും ലോക്‌സഭയില്‍ കൊണ്ടുവന്നെങ്കിലും എതിര്‍പ്പുമൂലം പരിഗണിക്കപ്പെട്ടില്ല. യു.പി.എ. സര്‍ക്കാര്‍ 2008-ല്‍ ആദ്യമായി രാജ്യസഭയില്‍ ബില്‍ അവതരിപ്പിച്ചു. പിന്നീട് ബില്‍ സഭയുടെ സ്ഥിരം സമിതിയുടെ പരിഗണനയ്ക്കുവിട്ടു. ബില്ലില്‍ മാറ്റം വരുത്താതെ തന്നെയാണ് ഇത് തിങ്കളാഴ്ച രാജ്യസഭയില്‍ എത്തുന്നത്. നിയമമന്ത്രി വീരപ്പമൊയ്‌ലിയാവും ബില്‍ സഭയില്‍ മേശപ്പുറത്ത് വെക്കുക. നിയമമാകാന്‍ സമയമെടുക്കും