വനിതാബില്ലിനെ പിന്തുണയ്ക്കാന്‍ വനിതാകമ്മീഷന്‍ അഭ്യര്‍ഥന
Posted on: 07 Mar 2010
ന്യൂഡല്‍ഹി: വനിതാ സംവരണ ബില്ലിനെ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും പിന്തുണയ്ക്കണമെന്ന് ദേശീയ വനിതാ കമ്മീഷന്‍ അഭ്യര്‍ഥിച്ചു. പാര്‍ലമെന്റിലും സംസ്ഥാന നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം ഉറപ്പുവരുത്തുന്ന ബില്ലിന് പിന്തുണ പ്രഖ്യാപിച്ച പാര്‍ട്ടികള്‍ക്ക് വനിതാ കമ്മീഷന്‍ അധ്യക്ഷ ഗിരിജാ വ്യാസ് നന്ദി അറിയിച്ചു. ബില്ല് തിങ്കളാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിക്കും. കോണ്‍ഗ്രസ്, ബി.ജെ.പി., ജനതാദള്‍(യു), ഇടതു പാര്‍ട്ടികള്‍, നാഷണല്‍ കോണ്‍ഫറന്‍സ് എന്നീ കക്ഷികളാണ് ബില്ലിനെ പിന്തുണച്ചിരിക്കുന്നത്.
മാര്‍ച്ച് എട്ടിന് രാജ്യസഭയില്‍ ബില്ല് അവതരിപ്പിക്കുന്നതിന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, യു.പി.എ. അധ്യക്ഷ സോണിയാഗാന്ധി എന്നിവര്‍ നടത്തിയ ശ്രമങ്ങള്‍ക്കു നന്ദിപറയുന്നതായി ഗിരിജാവ്യാസ് പത്രസമ്മേളനത്തില്‍ അറിയിച്ചു. വനിതാസംവരണ ബില്‍ ഇപ്പോഴത്തെ രൂപത്തില്‍ അവതരിപ്പിക്കുന്നതിന് എതിര്‍പ്പുള്ള പാര്‍ട്ടികളെപ്പറ്റി ചോദിച്ചപ്പോള്‍, ചരിത്രപ്രാധാന്യമുള്ള ഈ ബില്ലിനെ എല്ലാവരും പിന്തുണയ്ക്കണമെന്നാണ് വനിതാ കമ്മീഷന്‍ ആവശ്യപ്പെടുന്നതെന്ന് അവര്‍ മറുപടി നല്‍കി. ''എതിര്‍ക്കുന്നവര്‍ക്ക് ചിന്തിക്കാന്‍ ഒരു ദിവസം കൂടി ബാക്കിയുണ്ട്. ഇവര്‍ പിന്തുണച്ചില്ലെങ്കിലും ബില്ല് പാസാവും''- ഗിരിജാ വ്യാസ് പറഞ്ഞു.
''സുപ്രധാന ബില്ലിന്റെ ഭാഗമാവാന്‍ എല്ലാ എം.പി.മാര്‍ക്കും കിട്ടുന്ന സുവര്‍ണാവസരമാണിത്. സ്ത്രീശാക്തീകരണം മാത്രമല്ല, വരുംതലമുറയുടെ തന്നെ പുരോഗതിക്ക് വഴിതെളിക്കുന്നതാണ് വനിതാ സംവരണ ബില്ല്'' -അവര്‍ ചൂണ്ടിക്കാട്ടി.
സമാജ്‌വാദി പാര്‍ട്ടിയും ആര്‍.ജെ.ഡി.യുമാണ് ബില്ലിനെ ഇപ്പോഴത്തെ രൂപത്തില്‍ എതിര്‍ക്കുന്നത്. വനിതാ സംവരണത്തിനുള്ളില്‍ പട്ടികജാതി, പട്ടികവര്‍ഗ, മറ്റുപിന്നാക്ക വിഭാഗങ്ങള്‍ക്ക് വീണ്ടും സംവരണം വേണമെന്നാണ് ഇവരുടെ ആവശ്യം. ഇതു സാധ്യമാവുമെന്ന് തോന്നുന്നില്ല. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് ഇപ്പോള്‍ തന്നെ സംവരണം ഉണ്ട്.
ബില്ലിനെ എതിര്‍ക്കുന്ന ആര്‍.ജെ.ഡി. നേതാവ് ലാലു പ്രസാദ് യാദവിനെ ചില വനിതാസംഘടനാ പ്രതിനിധികള്‍ രൂക്ഷമായി വിമര്‍ശിച്ചു. ബില്ലിനെ പിന്തുണച്ചില്ലെങ്കില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ലാലുവിന്റെ പാര്‍ട്ടി നേടിയ നാലു സീറ്റുകള്‍ പോലും നഷ്ടപ്പെടുമെന്നും ഇവര്‍ മുന്നറിയിപ്പു നല്‍കി.