കൊച്ചി മെട്രോ: സര്‍ക്കാര്‍ വിഷമവൃത്തത്തില്‍

Posted on: 22 Oct 2012



ടോം ജോസിനോട് വിശദീകരണം തേടും
ശ്രീധരനുമായി വീണ്ടും ചര്‍ച്ച



തിരുവനന്തപുരം: കൊച്ചി മെട്രോ പദ്ധതി നടത്തിപ്പ് നാള്‍ക്കുനാള്‍ സങ്കീര്‍ണമാകവെ സംസ്ഥാന സര്‍ക്കാര്‍ വിഷമവൃത്തത്തിലായി. പൊതുമരാമത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കൊച്ചി മെട്രോ മുന്‍ എം.ഡി.യുമായ ടോം ജോസിനോട് വിശദീകരണം തേടാനും കൊച്ചി മെട്രോ ഉപദേശകന്‍ ഇ.ശ്രീധരനുമായി വീണ്ടും ചര്‍ച്ച ചെയ്യാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. തിങ്കളാഴ്ചത്തെ മന്ത്രിസഭായോഗം ഈ വിഷയം ചര്‍ച്ച ചെയ്യും.

കൊച്ചി മെട്രോ, ഡി.എം.ആര്‍.സിയെ ഏല്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവര്‍ത്തിക്കുന്ന സമയത്തു തന്നെ ഇ.ശ്രീധരന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്തുകൊണ്ട് ടോം ജോസ് കേന്ദ്രത്തിലയച്ച കത്ത് സര്‍ക്കാരിനെ വെട്ടിലാക്കിയിരിക്കുകയാണ്. ഡി.എം.ആര്‍.സിയുടെ ഉപദേശകന്‍ മാത്രമായ ഇ.ശ്രീധരന് കൊച്ചി മെട്രോ നടത്തിപ്പില്‍ എന്തു പങ്കാണുള്ളതെന്നുകാണിച്ചാണ് നഗരവികസന സെക്രട്ടറിയും ഡി.എം.ആര്‍.സി ചെയര്‍മാനും ഇപ്പോള്‍ കൊച്ചി മെട്രോ കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ സുധീര്‍ കൃഷ്ണയ്ക്ക് ടോം ജോസ് കത്തയച്ചത്. ശ്രീധരന്‍ കേരള സര്‍ക്കാരുമായി ചര്‍ച്ച നടത്തുന്നത് ഡി.എം.ആര്‍.സി അറിഞ്ഞിട്ടുതന്നെയാണോ, ശ്രീധരന്റെ തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ ഡി.എം.ആര്‍.സിക്ക് ബാധ്യതയുണ്ടോ തുടങ്ങിയ സംശയങ്ങളും ടോം ജോസ് കത്തിലൂടെ ഉന്നയിച്ചിട്ടുണ്ട്.

കൊച്ചി മെട്രോ കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടര്‍ എന്ന നിലയ്ക്കാണ് ടോം ജോസ് കത്തയച്ചതെന്നും അതിന് സര്‍ക്കാരുമായി ബന്ധമില്ലെന്നും പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞ് ഞായറാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എന്നാല്‍ സപ്തംബര്‍ 16-നാണ് ടോം ജോസ് കേന്ദ്രത്തിന് കത്തയച്ചത്. അതിന് ഒരുമാസം മുമ്പു തന്നെ കൊച്ചി മെട്രോ ഡയറക്ടര്‍ ബോര്‍ഡ് പുനഃസംഘടിപ്പിക്കപ്പെട്ടിരുന്നു. ആഗസ്ത് 14 ന് സര്‍ക്കാര്‍ അദ്ദേഹത്തെ എം.ഡി.സ്ഥാനത്തു നിന്ന് മാറ്റുകയും പൊതുമരാമത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാക്കുകയും ചെയ്തു. ആഗസ്ത് 20-ന് ഏലിയാസ് ജോര്‍ജ് പുതിയ മാനേജിങ് ഡയറക്ടറായി ചുമതലയേറ്റു. അതുകൊണ്ടുതന്നെ മന്ത്രിയുടെ വാദം തെറ്റാണെന്നു തെളിഞ്ഞു. ഇക്കാര്യം ബോധ്യമായതിനെത്തുടര്‍ന്ന് മണിക്കൂറുകള്‍ക്കകം മന്ത്രിക്ക് ടോം ജോസിനെ തള്ളിപ്പറയേണ്ടിയും വന്നു. സര്‍ക്കാര്‍ അറിയാതെ സെക്രട്ടറി കേന്ദ്രത്തിന് കത്തയച്ചെങ്കില്‍ അത് ശരിയല്ലെന്ന് പിന്നീട് മന്ത്രി വിശദീകരിച്ചു.

ശ്രീധരന് അവഹേളനം ഉണ്ടാക്കുന്ന രീതിയില്‍ ടോം ജോസ് കത്തയച്ചിട്ടുണ്ടെങ്കില്‍ അക്കാര്യം അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും വ്യക്തമാക്കിയിട്ടുണ്ട്. കത്ത് വിവാദമായതിനെത്തുടര്‍ന്ന് ടോം ജോസിനോട് വിശദീകരണം തേടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചിട്ടുണ്ട്. തെറ്റിദ്ധാരണയുണ്ടായിട്ടുണ്ടെങ്കില്‍ അത് മാറ്റാന്‍ താന്‍ ഇ.ശ്രീധരനുമായി ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്നും ബുധനാഴ്ച അദ്ദേഹവുമായി സര്‍ക്കാര്‍തലത്തില്‍ ചര്‍ച്ച നടത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കൊച്ചി മെട്രോ പദ്ധതി ഡി.എം.ആര്‍.സി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട അവ്യക്തത മാറ്റണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല കേന്ദ്ര നഗരകാര്യമന്ത്രി കമല്‍നാഥിന് കത്തയച്ചിട്ടുണ്ട്. പദ്ധതി എത്രയും വേഗം ഡി.എം.ആര്‍.സി ഏറ്റെടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടിട്ടുണ്ട്.

കൊച്ചി മെട്രോ പദ്ധതിയില്‍ നിന്ന് ഇ.ശ്രീധരനെ ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാരിലെ ചിലരുടെ ഒത്താശയോടെ ഐ.എ.എസ് ലോബി തുടക്കം മുതല്‍ ശ്രമം നടത്തുകയാണെന്നാരോപണമുണ്ട്. ഡി.എം.ആര്‍.സിയില്‍ നിന്ന് വിരമിച്ചശേഷവും ശ്രീധരന്‍ അതിന്റെ നിര്‍ണായക സ്ഥാനത്ത് തുടരുന്നതില്‍ ഡി.എം.ആര്‍.സി ചെയര്‍മാന്‍ സുധീര്‍ കൃഷ്ണയ്ക്കും ഒരു വിഭാഗം ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കും എതിര്‍പ്പുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. സുധീര്‍ കൃഷ്ണയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊച്ചി മെട്രോ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിന്റെ തീരുമാനങ്ങളും ഇത്തരം സംശയങ്ങള്‍ വര്‍ധിപ്പിക്കുന്നു. മെട്രോ പദ്ധതി ഡി.എം.ആര്‍.സി ഏറ്റെടുക്കുന്നതിന് സാങ്കേതിക തടസ്സമുണ്ടെന്നും അതുകൊണ്ട് ഡി.എം.ആര്‍.സിയാണ് ആദ്യം മുന്നോട്ടുവരേണ്ടതെന്നുമായിരുന്നു ഡയറക്ടര്‍ ബോര്‍ഡ് തീരുമാനം. എന്നാല്‍ ഇത്തരമൊരു സാങ്കേതിക വ്യവസ്ഥയെക്കുറിച്ച് തനിക്കറിയില്ലെന്ന് ഇ.ശ്രീധരന്‍ വ്യക്തമാക്കിയിരുന്നു.


Related News
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/