നിര്‍മാണകാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ഡി.എം.ആര്‍.സി.യെന്ന് കൊച്ചി മെട്രോ ഡയറക്ടര്‍ ബോര്‍ഡ് യോഗം
പദ്ധതിറിപ്പോര്‍ട്ട് കാലോചിതമായി പരിഷ്‌കരിക്കും
കോച്ചിന്റെ വലിപ്പം, സിഗ്‌നല്‍ സംവിധാനം, ട്രാക്ക് സിസ്റ്റം എന്നിവയും പരിഷ്‌കരിക്കും

കൊച്ചി: കൊച്ചി മെട്രോ റെയില്‍ നിര്‍മാണ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനാണെന്ന് കൊച്ചി മെട്രോയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗം. കൊച്ചിയിലെ പദ്ധതിയുടെ നിര്‍മാണ ചുമതല ഏറ്റെടുക്കണോയെന്ന് അടുത്ത മാസം ചേരുന്ന ഡി.എം.ആര്‍.സി. ബോര്‍ഡ് യോഗം തീരുമാനിക്കുമെന്ന് കേന്ദ്ര നഗരവികസന സെക്രട്ടറിയും കെ.എം.ആര്‍.എല്‍. ചെയര്‍മാനുമായ ഡോ. സുധീര്‍ കൃഷ്ണ പറഞ്ഞു. ഡി.എം.ആര്‍.സി.യുടെ ചെയര്‍മാനും സുധീര്‍കൃഷ്ണ തന്നെയാണ്.
കൊച്ചിയിലെ പദ്ധതിയില്‍ നിന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനെ (ഡി.എം.ആര്‍.സി.) ഒഴിവാക്കുകയാണെന്ന ആരോപണങ്ങള്‍ക്ക് ശക്തി പകരുന്നതാണ് ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിന്റെ തീരുമാനം. പദ്ധതി റിപ്പോര്‍ട്ട് കാലോചിതമായി പരിഷ്‌കരിക്കാനും ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ധാരണയായി.
ഡല്‍ഹിക്ക് പുറത്തുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ ഡയറക്ടര്‍ ബോര്‍ഡിന്റെ മുന്‍കൂര്‍ അനുമതി ഡി.എം.ആര്‍.സി.ക്ക് ആവശ്യമാണെന്ന് സുധീര്‍ കൃഷ്ണ പറഞ്ഞു.
കഴിഞ്ഞ തിങ്കളാഴ്ച ചേര്‍ന്ന ഡി.എം.ആര്‍.സി. യോഗത്തിലാണ് ഈ നിബന്ധന കൊണ്ടുവന്നത്. ഇതനുസരിച്ച് കൊച്ചിയിലെ പദ്ധതി ഏറ്റെടുക്കണോയെന്ന് ഡി.എം.ആര്‍.സി. ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിക്കും.
അതേസമയം, കൊച്ചി മെട്രോയെക്കുറിച്ച് ഡി.എം.ആര്‍.സി. ആദ്യം സ്വയം തീരുമാനമെടുക്കുകയാണ് വേണ്ടതെന്ന് ചീഫ് സെക്രട്ടറി കെ. ജയകുമാര്‍ പറഞ്ഞു. നിര്‍മാണം ഏറ്റെടുക്കാന്‍ താത്പര്യമാണെന്ന് അറിയിച്ചാല്‍ കേരള സര്‍ക്കാര്‍ അതിന്റെ അടിസ്ഥാനത്തില്‍ ബാക്കി നടപടികള്‍ തീരുമാനിക്കും.
കൊച്ചി മെട്രോ റെയിലിന്റെ പദ്ധതി റിപ്പോര്‍ട്ടില്‍ കാലോചിതമായ മാറ്റം വേണമെന്ന് ഉപസമിതി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അത്യാധുനികമായ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്താനാണ് ലക്ഷ്യം. ഇതനുസരിച്ചാണ് പദ്ധതി റിപ്പോര്‍ട്ട് പരിഷ്‌കരിക്കുന്നത്. 2005-ല്‍ തയ്യാറാക്കിയതാണ് വിശദമായ പദ്ധതി റിപ്പോര്‍ട്ട്. 2011-ല്‍ പരിഷ്‌കരിച്ചിരുന്നു.
ഡി.ഡി. പഹൂജ, ജിതേന്ദ്ര ത്യാഗി, എ.കെ. ഗുപ്ത, ഷെയ്ക്ക് പരീത് എന്നിവരുള്‍പ്പെട്ടതാണ് ഉപസമിതി. റെയില്‍വേപാളത്തിന്റെ വളവ് 120 മീറ്ററാക്കണമെന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇവര്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. പാളത്തിന്റെ വളവ് നേരത്തെ 90 മീറ്ററാണ് തീരുമാനിച്ചിരുന്നത്. ഇതോടൊപ്പം വൈദ്യുതിലൈന്‍ മുകളിലൂടെ വലിക്കണോ താഴെ വഴി വേണോ എന്ന കാര്യങ്ങളും തീരുമാനിക്കും.
കോച്ചിന്റെ വലിപ്പം, സിഗ്‌നല്‍ സംവിധാനം, ട്രാക്ക് സിസ്റ്റം എന്നിവയിലും പരിഷ്‌കാരമുണ്ടാകും. കെ.എം.ആര്‍.എല്‍. മാനേജിങ് ഡയറക്ടറുടെ അധികാരം വിപുലമാക്കാനും യോഗത്തില്‍ തീരുമാനമുണ്ടെന്ന് സുധീര്‍ കൃഷ്ണ പറഞ്ഞു.
കെ.എം.ആര്‍.എല്‍. ഓഫീസില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ഡി.എം.ആര്‍.സി. ഡയറക്ടര്‍-വര്‍ക്‌സ് ജിതേന്ദ്ര ത്യാഗി, ബാംഗ്ലൂര്‍ മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ഡയറക്ടര്‍ ഡി.ഡി. പഹൂജ, നഗരവികസന കാര്യ ജോയന്റ് സെക്രട്ടറി എസ്.കെ. ലോഹ്യ, കെ.എം.ആര്‍.എല്‍. മാനേജിങ് ഡയറക്ടര്‍ ഏലിയാസ് ജോര്‍ജ്, സിയാല്‍ എം.ഡി. വി.ജെ. കുര്യന്‍, ഫിനാന്‍സ് സെക്രട്ടറി വി.പി. ജോയി, ജില്ലാ കളക്ടര്‍ പി.ഐ. ഷെയ്ക്ക് പരീത് തുടങ്ങിയവരും പങ്കെടുത്തു. റെയില്‍വേ ബോര്‍ഡ് അഡീഷണല്‍ മെമ്പര്‍ എ.കെ. ഗുപ്ത യോഗത്തിനെത്തിയില്ല.