* മുന്‍വര്‍ഷം ഉപയോഗിച്ച അത്രയും സിലിണ്ടര്‍ സബ്‌സിഡി നിരക്കില്‍.
* പരമാവധി ഒമ്പതെണ്ണം 'ഒരു വീടിന് ഒരു ഗ്യാസ് കണക്ഷന്‍ മാത്രം
* മലയാളസര്‍വകലാശാലാനിയമം അംഗീകരിച്ചു
* പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ 23 കോടിയുടെ സുരക്ഷാ സംവിധാനം
തിരുവനന്തപുരം: എ.പി.എല്‍., ബി.പി.എല്‍. വ്യത്യാസമില്ലാതെ എല്ലാ വീടുകള്‍ക്കും പരമാവധി ഒമ്പതു പാചകവാതക സിലിണ്ടറുകള്‍വരെ സബ്‌സിഡി നിരക്കില്‍ നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു.
എന്നാല്‍, കഴിഞ്ഞ വര്‍ഷം എത്ര സിലിണ്ടറുകള്‍ ഉപയോഗിച്ചോ അത്രയും എണ്ണം മാത്രമേ സബ്‌സിഡി നിരക്കില്‍ കിട്ടൂ. പരമാവധി ഒമ്പതെണ്ണം. ഒരു വീടിന് ഒരു കണക്ഷന്‍ എന്നത് നിര്‍ബന്ധമാക്കും . ഒരുവീട്ടിലെ കണക്ഷനുകളുടെ എണ്ണത്തെച്ചൊല്ലി തര്‍ക്കമുണ്ടായാല്‍ വൈദ്യുതി കണക്ഷന്‍ അടിസ്ഥാനമാക്കി തീരുമാനിക്കും. ഒരു വൈദ്യുതി കണക്ഷന് ഒരു ഗ്യാസ് കണക്ഷന്‍ എന്നതാവും മാനദണ്ഡം.
സബ്‌സിഡി നിരക്കിലുള്ള സിലിണ്ടറുകളുടെ എണ്ണം ആറായി കേന്ദ്രസര്‍ക്കാര്‍ പരിമിതപ്പെടുത്തിയപ്പോള്‍ ബി.പി.എല്‍. കുടുംബങ്ങള്‍ക്ക് ഇത് ഒമ്പതാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നേരത്തേ തീരുമാനിച്ചിരുന്നു. ബുധനാഴ്ച ചേര്‍ന്ന യു.ഡി.എഫ്. യോഗത്തിന്റെ ശുപാര്‍ശ പ്രകാരമാണ് ഇത് ദാരിദ്ര്യരേഖയ്ക്ക് മുകളിലുള്ളവര്‍ക്കും നല്‍കാന്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പാചകവാതകത്തിന് ഇത്തരത്തില്‍ സബ്‌സിഡി നല്‍കാന്‍ സംസ്ഥാനത്തിന് വര്‍ഷം 120 കോടിയുടെ അധിക ബാധ്യതയുണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഈ വര്‍ഷം ഇനി ശേഷിക്കുന്ന മാസങ്ങളില്‍ ഇതിന് ആനുപാതികമായ എണ്ണം സിലിണ്ടറുകള്‍ ലഭിക്കും. എണ്ണക്കമ്പനി അധികൃതരുമായി ചര്‍ച്ച ചെയ്തശേഷം ഇതുസംബന്ധിച്ച അന്തിമതീരുമാനങ്ങള്‍ പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒരു കണക്ഷന്‍ എന്നത് നിര്‍ബന്ധമാക്കിയില്ലെങ്കില്‍ സര്‍ക്കാറിന് 163 കോടിരൂപവരെ അധികം കണ്ടെത്തേണ്ടിവരും. ഒറ്റ കണക്ഷന്‍ എന്ന നിബന്ധന പാലിക്കാന്‍ കേന്ദ്രത്തിന്റെ കര്‍ശനനിര്‍ദേശമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
മലയാളസര്‍വകലാശാലാനിയമത്തിനും മന്ത്രിസഭ അംഗീകാരം നല്‍കി. നവംബര്‍ ഒന്നിന് സര്‍വകലാശാല തുടങ്ങുമ്പോള്‍ ഓര്‍ഡിനന്‍സ് നിലവില്‍ വരും. 'തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാള സര്‍വകലാശാല' എന്നാണ് സര്‍വകലാശാലയുടെ പേര്. എന്നാല്‍, വൈസ് ചാന്‍സലറെ നിയമിക്കുന്നത് സംബന്ധിച്ച് തീരുമാനമായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശ്രീപദ്മനാഭ സ്വാമിക്ഷേത്രത്തിന്റെ സുരക്ഷയ്ക്കായി 23.60 കോടിയുടെ പദ്ധതിയും അംഗീകരിച്ചു. ഇതിന്റെ ആദ്യഘട്ടത്തില്‍ 9.80 കോടിയുടെ പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്‍കി. കെല്‍ട്രോണ്‍ ആണ് സുരക്ഷാസംവിധാനത്തിന് രൂപം നല്‍കുന്നത്.
കശുവണ്ടി മേഖലയിലെ സേവന, വേതന വ്യവസ്ഥകളുമായി ബന്ധപ്പെട്ട് വ്യവസായബന്ധസമിതി നിര്‍ദേശങ്ങളും അംഗീകരിച്ചു. കശുവണ്ടി വികസന കോര്‍പ്പറേഷനിലും കാപ്പക്‌സിലും ഇത് നടപ്പാക്കാന്‍ തത്ത്വത്തില്‍ തീരുമാനിച്ചെന്നും മുഖ്യമന്ത്രി അറിയിച്ചു.
സ്വാതന്ത്ര്യ സമരസേനാനികളുടെ പെന്‍ഷന്‍ അപേക്ഷിക്കാനുള്ള വാര്‍ഷിക വരുമാന പരിധി 24,000 രൂപയായി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു. നേരത്തേയിത് 12,000 രൂപയായിരുന്നു.കേരള കാര്‍ഷിക സര്‍വകലാശാലയ്ക്ക് 10 കോടിരൂപ പ്രത്യേകമായി അനുവദിക്കും. സേവനാവകാശ നിയമത്തെക്കുറിച്ച് വ്യാഴാഴ്ച സര്‍വീസ് സംഘടനകളുമായി നടത്താനിരുന്ന യോഗം 22- ലേക്ക് മാറ്റി. ഇടതുപക്ഷ സംഘടനകളുടെ അസൗകര്യം കണക്കിലെടുത്താണ് മാറ്റം.
സിലിണ്ടറിന്റെ തൂക്കം വീടുകളില്‍ പരിശോധിക്കാം
ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറുകളുടെ തൂക്കം വീടുകളില്‍ പരിശോധിക്കുന്നതിന് സംവിധാനമൊരുക്കുമെന്ന് പെട്രോളിയം മന്ത്രാലയം സുപ്രീം കോടതിയെ അറിയിച്ചു. വിതരണക്കാര്‍ തൂക്കം കുറഞ്ഞ സിലിണ്ടര്‍ നല്‍കി തട്ടിപ്പ് തടയാനായാണിത്.
വിതരണക്കാരില്‍ നിന്ന് വീടുകളിലേക്ക് സിലിണ്ടറുകള്‍ എത്തിക്കുന്ന വ്യക്തിയുടെ കൈവശം തുലാസും കരുതാന്‍ നിര്‍ദേശം നല്‍കുമെന്ന് ജസ്റ്റിസുമാരായ ജി. എസ്. സിംങ്‌വി, എസ്. ജെ. മുഖോപാധ്യായ എന്നിവരടങ്ങിയ ബെഞ്ചിനെ പെട്രോളിയം മന്ത്രാലയം അറിയിച്ചു. സിലിണ്ടറുകള്‍ നല്‍കുന്നതിന് മുമ്പ് ഉപഭോക്താവിന്റെ മുന്നില്‍ വെച്ച് അവയുടെ തൂക്കം നോക്കും. ഇക്കാര്യങ്ങള്‍ വിശദീകരിച്ച് ദൂര്‍ദര്‍ശനിലും മറ്റ് വാര്‍ത്താമാധ്യമങ്ങളിലും പരസ്യം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. തൂക്കംകുറഞ്ഞ സിലിണ്ടറുകള്‍ നല്‍കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
സര്‍ക്കാര്‍ തന്നെ ഇക്കാര്യത്തില്‍ മുന്‍കൈയെടുക്കണമായിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. ചില വിതരണക്കാര്‍ തട്ടിപ്പു നടത്തിവരികയായിരുന്നു. നിശ്ചിത തൂക്കമില്ലാത്ത സിലിണ്ടറുകള്‍ വിതരണം ചെയ്ത ഒട്ടേറെ സംഭവങ്ങളുണ്ടായിട്ടുണ്ടെന്നും കോടതി പറഞ്ഞു.