ഭൂപരിഷ്‌കരണ നിയമം: കൃഷ്ണയ്യരും ഗൗരിയമ്മയും തമ്മില്‍ വാക്‌പയറ്റ്
Posted on: 03 Mar 2010
ജോയ് വര്‍ഗീസ്
ആലപ്പുഴ: കേരളത്തിലെ സാമൂഹിക വിപ്ലവത്തിന് നാന്ദികുറിച്ച ഭൂപരിഷ്‌കരണ നിയമം എഴുതി തയ്യാറാക്കിയത് താനാണെന്ന് ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍. കള്ളംപറഞ്ഞ് ചരിത്രത്തെ വളച്ചൊടിച്ച് കൃഷ്ണയ്യര്‍ 'എട്ടുകാലി മമ്മൂഞ്ഞ്' ചമയുകയാണെന്ന് കെ.ആര്‍. ഗൗരിയമ്മ. 1957-ല്‍ അധികാരത്തില്‍ വന്ന കമ്യൂണിസ്റ്റ് മന്ത്രിസഭയിലെ അംഗങ്ങളില്‍ ഇന്ന് ജീവിച്ചിരിക്കുന്ന ഇവര്‍ തമ്മിലുള്ള വാക്പയറ്റിന് ആധാരം ഒരു വാരികയിലെ അഭിമുഖത്തില്‍ കൃഷ്ണയ്യര്‍ നടത്തിയ പരാമര്‍ശങ്ങളാണ്.
വാരികയില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ കൃഷ്ണയ്യര്‍ നടത്തിയ വിവാദ പരാമര്‍ശങ്ങളുടെ ചുരുക്കം ഇതാണ്: ''ഞാനാണ് ഭൂപരിഷ്‌കരണ നിയമം തയ്യാറാക്കിയത്. ഗൗരിയമ്മ ഒന്നും ചെയ്തിട്ടില്ല. പാര്‍ട്ടിയില്‍ നിയമത്തെക്കുറിച്ച് ചര്‍ച്ച വന്നപ്പോള്‍ ഇത് എളുപ്പമല്ലെന്ന് ഗൗരിയമ്മ പറഞ്ഞു. പാര്‍ട്ടി എന്നെ ഏല്പിച്ചു. 24 മണിക്കൂര്‍ കൊണ്ട് ഞാന്‍ നിയമം എഴുതി തയ്യാറാക്കി. റവന്യു മന്ത്രിയായതിനാല്‍ ഗൗരിയമ്മ അത് നിയമസഭയില്‍ അവതരിപ്പിച്ച് പ്രസംഗിച്ചുവെന്നേയുള്ള. മദിരാശി നിയമസഭയില്‍ അംഗമായിരിക്കെ ഞാന്‍ മലബാര്‍ ഭൂപരിഷ്‌കരണം കൊണ്ടുവന്നിരുന്നു. ഗൗരിയമ്മയെ ഏല്പിച്ചിരുന്നുവെങ്കില്‍ ഇതൊന്നും നടക്കില്ലായിരുന്നു''. 1957-ലെ മന്ത്രിസഭയില്‍ ഗൗരിയമ്മ റവന്യു, എക്‌സൈസ്, ദേവസ്വം, സാമൂഹികക്ഷേമം എന്നീ വകുപ്പുകള്‍ വഹിച്ചപ്പോള്‍ കൃഷ്ണയ്യര്‍ക്ക് ആഭ്യന്തരം, ജയില്‍, ഇറിഗേഷന്‍, നിയമം എന്നീ വകുപ്പുകളുടെ ചുമതലയായിരുന്നു.
കൃഷ്ണയ്യര്‍ പറയുന്നത് നട്ടാല്‍ കുരുക്കാത്ത നുണയാണെന്ന് ഗൗരിയമ്മ പത്രസമ്മേളനത്തില്‍ പറഞ്ഞു. '57-ലെ സര്‍ക്കാര്‍ നിയമം തയ്യാറാക്കിയതില്‍ കൃഷ്ണയ്യര്‍ക്ക് ഒരു പങ്കുമില്ലെന്ന് ചൂണ്ടിക്കാട്ടിയ ഗൗരിയമ്മ സമഗ്രമായി വിശദീകരണം നല്‍കി. അത് ഇങ്ങനെ: ''നിയമം കൊണ്ടുവരാന്‍ പാര്‍ട്ടിയിലും ഗവണ്‍മെന്റിലും ചര്‍ച്ച നടന്നപ്പോള്‍ മദിരാശി നിയമസഭയില്‍ അവതരിപ്പിച്ച ബില്ലിന്റെ പകര്‍പ്പ് കൃഷ്ണയ്യര്‍ കൊണ്ടുവന്നു. ഇത് മലബാറിനു മാത്രം ബാധകമായതിനാല്‍ തള്ളിക്കളഞ്ഞു. ദീര്‍ഘനാളത്തെ ചര്‍ച്ചയ്ക്കുശേഷം നിയമം തയ്യാറാക്കാന്‍ എന്നെയും സി.എച്ച്. കണാരനെയും ഗോപാലകൃഷ്ണ മേനോനെയും അംഗങ്ങളാക്കി കമ്മിറ്റി രൂപവത്കരിച്ചു. ഞാന്‍ തിരുവിതാംകൂറിന്റെയും കണാരന്‍ മലബാറിന്റെയും ഗോപാലകൃഷ്ണ മേനോന്‍ കൊച്ചിയുടെയും പ്രതിനിധികളായിരുന്നു. ഈ കമ്മിറ്റി സഖാക്കളുമായി നിരന്തരം ചര്‍ച്ച ചെയ്താണ് നിയമത്തിന് രൂപം നല്‍കിയത്. മുന്‍കാലത്തെ പല നിയമങ്ങളും പരിശോധിച്ചു.
റവന്യുമന്ത്രിയായിരുന്ന എന്റെ മേല്‍നോട്ടത്തില്‍ മാസങ്ങളെടുത്താണ് നിയമം തയ്യാറാക്കിയത്. നിയമ വകുപ്പാണ് ഡ്രാഫ്റ്റ് രൂപപ്പെടുത്തിയത്. നിയമ വകുപ്പ് സെക്രട്ടറി ടി.എ. തൊമ്മന്‍, ജോയിന്റ് സെക്രട്ടറി ഇളയത്, റവന്യു സെക്രട്ടറി എന്‍.കെ. ദേവസ്യ, റവന്യു ബോര്‍ഡംഗം കെ.പി.കെ. മേനോന്‍, അഡ്വക്കേറ്റ് ജനറല്‍ സൂര്യനാരായണയ്യര്‍ എന്നിവരുടെ പൂര്‍ണ സഹകരണമുണ്ടായി. നിയമ വകുപ്പുമായി ഞാന്‍ പലവട്ടം നടത്തിയ ചര്‍ച്ചകളില്‍ ഒന്നില്‍ പോലും നിയമ മന്ത്രിയായിരുന്ന കൃഷ്ണയ്യര്‍ പങ്കെടുത്തില്ല. 1959 ജൂണ്‍ 30 ന് നിയമസഭ നിയമം പാസ്സാക്കി'' - ഇതൊക്കെ നിയമസഭാ രേഖകളിലുള്ള സത്യമാണ്.
ഈ നിയമം കൃഷ്ണയ്യര്‍ പറയുന്നതുപോലെ ഭൂപരിഷ്‌കരണ നിയമമല്ല. കാര്‍ഷിക പരിഷ്‌കരണ നിയമമായിരുന്നുവെന്ന് കൂട്ടിച്ചേര്‍ത്ത ഗൗരിയമ്മ നിയമത്തിന്റെ പേരുപോലും കൃഷ്ണയ്യര്‍ക്ക് അറിയില്ലെന്ന് കളിയാക്കി. ഗൗരിയമ്മ തുടര്‍ന്നു: 59-ല്‍ നിയമസഭ പാസ്സാക്കിയ നിയമം കേന്ദ്രം അംഗീകരിച്ചില്ല. '60-ല്‍ പട്ടം താണുപിള്ള മന്ത്രിസഭയിലെ റവന്യുമന്ത്രി കെ. ചന്ദ്രശേഖരന്‍ കൊണ്ടുവന്ന ഭേദഗതികളോടെ നിയമത്തിന് അംഗീകാരമായി. എന്നാല്‍ ഭൂവുടമകള്‍ കോടതിയെ സമീപിച്ച് നിയമം റദ്ദാക്കി. പിന്നീട് വന്ന ആര്‍. ശങ്കര്‍ മന്ത്രിസഭയില്‍ റവന്യുമന്ത്രിയായിരുന്ന പി.ടി. ചാക്കോ കേരള ഭൂപരിഷ്‌കരണ നിയമം കൊണ്ടുവന്ന് പാസ്സാക്കി. അംഗീകാരം വാങ്ങി. ഭൂവുടമകള്‍ക്ക് ഈ നിയമം സഹായകമായതിനാല്‍ '67-ലെ ഇ.എം.എസ്. മന്ത്രിസഭയില്‍ താന്‍ റവന്യുമന്ത്രിയായിരിക്കവേയാണ് ഭേദഗതിയിലൂടെ കുടിയാന്മാര്‍ക്കും കുടികിടപ്പുകാര്‍ക്കും കൂടുതല്‍ അവകാശങ്ങള്‍ നല്‍കി കേരള ഭൂപരിഷ്‌കരണ നിയമം കൊണ്ടുവന്ന് പാസ്സാക്കിയതെന്ന് ഗൗരിയമ്മ അനുസ്മരിച്ചു. അന്ന് കൃഷ്ണയ്യര്‍ നിയമസഭയില്‍ പോലുമില്ല.
കൃഷ്ണയ്യരെ നാണക്കേടില്‍ നിന്ന് താന്‍ രക്ഷിക്കുകയായിരുന്നുവെന്നും ഗൗരിയമ്മ അവകാശപ്പെട്ടു.
നിയമത്തില്‍ ഒരു കുടുംബം കൈവശം വെക്കാവുന്ന ഭൂമിയുടെ പരിധി 15 ഏക്കറായി നിശ്ചയിച്ചിരുന്നു. പൊതു മതസ്ഥാപനങ്ങളേയും ട്രസ്റ്റിനേയും ഈ പരിധിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. കൃഷ്ണയ്യര്‍ അദ്ദേഹത്തിന്റെ അച്ഛനെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കി അവരുടെ കുടുംബത്തിന്റെ പേരില്‍ ഒരു തുളസിത്തറ ട്രസ്റ്റ് ഉണ്ടാക്കി ഭൂമി മുഴുവന്‍ ഈ ട്രസ്റ്റിന്റെ കീഴിലാക്കി.
ഇത് വിവാദമായപ്പോള്‍ ട്രസ്റ്റിനു മുന്നില്‍ താന്‍ പബ്ലിക് ട്രസ്റ്റ് എന്ന് എഴുതി ചേര്‍ത്തുവെന്ന് ഗൗരിയമ്മ ചൂണ്ടിക്കാട്ടി. അദ്ദേഹത്തിന്റെ ട്രസ്റ്റ് സ്വകാര്യ ട്രസ്റ്റ് ആയതിനാല്‍ ഭൂമി നഷ്ടപ്പെടുകയും ചെയ്തു. ഈ നഷ്ടം വലിയ ത്യാഗമായി കൃഷ്ണയ്യര്‍ പറഞ്ഞുനടക്കുകയാണ്.
ഗൗരിയമ്മയ്ക്ക് അപാരമായ കഴിവൊന്നും ഇല്ലെന്ന് കൃഷ്ണയ്യര്‍ പറഞ്ഞത് ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അത് ജനങ്ങള്‍ തീരുമാനിക്കട്ടെയെന്നായിരുന്നു മറുപടി. '57ലെ സര്‍ക്കാരിന്റെ അവസാന കാലത്ത് കൃഷ്ണയ്യരില്‍ നിന്ന് ആഭ്യന്തരവകുപ്പ് എടുത്തുമാറ്റി അച്യുതമേനോനെ ഏല്പിച്ചത് കൃഷ്ണയ്യരുടെ കഴിവ് കൂടിയതുകൊണ്ടാണോ എന്ന് ഗൗരിയമ്മ മറുചോദ്യം ഉന്നയിച്ചു. ഏതായാലും എന്റെ കൈയില്‍ നിന്ന് വകുപ്പൊന്നും മാറ്റിയിട്ടില്ലെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
കൃഷ്ണയ്യര്‍ക്ക് പണ്ടേ എന്തോ 'സൂക്കേട്' ഉണ്ടെന്ന് ഗൗരിയമ്മ പറഞ്ഞു. എംഎല്‍എ എന്ന നിലയിലും എംഎല്‍എയായിരുന്ന ടിവിയുടെ ഭാര്യ എന്ന നിലയിലും ഞാന്‍ രണ്ട് പെന്‍ഷന്‍ വാങ്ങുന്നുവെന്ന് കൃഷ്ണയ്യര്‍ ഒരിക്കല്‍ ആരോപിച്ചിരുന്നു.
ടിവി എന്നെ നിയമപ്രകാരം കെട്ടിയതാണ്. പിന്നെ ഞാന്‍ പെന്‍ഷന്‍ വാങ്ങുന്നതില്‍ എന്താണ് തെറ്റ്? സുപ്രീംകോടതി ജഡ്ജി എന്ന നിലയിലുള്ള പെന്‍ഷന്‍ കൂടാതെ എംഎല്‍എ പെന്‍ഷന്‍ പാടുപെട്ട് തരപ്പെടുത്തിയെടുത്ത ആളാണ് ഈ കൃഷ്ണയ്യര്‍. എന്നിട്ട് മറ്റുള്ളവരെ കുറ്റംപറയുന്നു - ഗൗരിയമ്മ കൂട്ടിച്ചേര്‍ത്തു.