മാതൃഭൂമി ഏജന്റിന്റെ കൊലപാതകം: മൂന്നുപേര്‍ അറസ്റ്റില്‍
Posted on: 03 Mar 2010
പാറശ്ശാല: മാതൃഭൂമി ഏജന്റ് നെടുവാന്‍വിള ആര്‍.കെ. നിവാസില്‍ രാധാകൃഷ്ണന്‍നായരെ കമ്പിപ്പാരകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്സില്‍ മൂന്നുപേര്‍ അറസ്റ്റിലായി. കരുമാനൂര്‍ നെടുവാന്‍വിള പാപ്പനംതോട്ടത്ത് പുത്തന്‍വീട്ടില്‍ സാദിഖ് എന്ന് വിളിക്കുന്ന വിജയന്‍ (27), കരുമാനൂര്‍ ഇലങ്കത്ത് നീലകമല്‍ വീട്ടില്‍ നാഗമണി (60), കരുമാനൂര്‍ ഇലങ്കത്ത് വീട്ടില്‍ രത്‌നാകരന്‍ (33) എന്നിവരെയാണ് പാറശ്ശാല സി.ഐ. ജീജി, പാറശ്ശാല എസ്.ഐ. സി.ജോണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റുചെയ്തത്.
മരിച്ച രാധാകൃഷ്ണന്‍നായരുടെ മൃതദേഹം ചൊവ്വാഴ്ച രാവിലെ നൂറുകണക്കിനാളുകളുടെ സാന്നിധ്യത്തില്‍ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
രാധാകൃഷ്ണന്‍നായരുടെ വീടിനോട് ചേര്‍ന്നുള്ള മരം വീണ് മതില്‍ തകര്‍ന്നിരുന്നു. ഇതിനെച്ചൊല്ലി ഫിബ്രവരി 25ന് അയല്‍വാസിയും ക്ഷേത്ര ഉടമയുമായ നാഗമണിയും രാധാകൃഷ്ണന്‍നായരും തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും നടന്നതായി പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പാറശ്ശാല പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. മാര്‍ച്ച് ഒന്നിന് രാവിലെ നാലുമണിയോടുകൂടി പത്രം വിതരണംചെയ്യാനായി വീട്ടില്‍നിന്നും പുറപ്പെട്ട രാധാകൃഷ്ണന്‍നായരുടെ വീടിന് സമീപം പതിയിരുന്ന് കമ്പിപ്പാരകൊണ്ട് തലയ്ക്കടിച്ച് ആക്രമിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രാധാകൃഷ്ണന്‍നായരെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
നാഗമണിയും മക്കളും ചേര്‍ന്ന് ഫിബ്രവരി 28ന് പാറശ്ശാല ഗവ. ആസ്പത്രിയ്ക്ക് സമീപംവെച്ച് ഗൂഢാലോചന നടത്തിയെന്നാണ് പോലീസ് നല്‍കുന്ന വിവരം. മാര്‍ച്ച് ഒന്നിന് രാവിലെ നാലുമണിയോടുകൂടി വിജയന്‍ ക്ഷേത്രത്തിന് സമീപംവെച്ച് രാധാകൃഷ്ണന്‍നായരെ കമ്പിപ്പാരകൊണ്ട് തലയ്ക്കടിച്ചു. അടിയോടെ ബൈക്കില്‍നിന്നും തറയില്‍വീണ രാധാകൃഷ്ണന്‍നായരെ വീണ്ടും വീണ്ടും തലയ്ക്ക് അടിച്ചു. എട്ടോളം മാരകമായ മുറിവുകള്‍ തലയ്ക്കുള്ളതായി പോലീസ് പറഞ്ഞു. സംഭവത്തിനുശേഷം വിജയന്‍ ജ്യേഷ്ഠനായ രത്‌നാകരനെ മൊബൈല്‍ഫോണില്‍ വിളിച്ചുവരുത്തി കോവില്ലൂരില്‍ ബന്ധുവീട്ടിലെത്തി ഒളിവില്‍ താമസിച്ചു. പ്രതിയെ കോവില്ലൂരില്‍നിന്നും പോലീസ് അറസ്റ്റുചെയ്യുകയായിരുന്നു. പ്രതിയെ തെളിവെടുപ്പിനായി സംഭവസ്ഥലത്ത് കൊണ്ടുവന്നപ്പോള്‍ ഒരാള്‍മാത്രം കൊലപാതകം ചെയ്യില്ലെന്നും വേറെയും പ്രതികള്‍ക്ക് സംഭവവുമായി ബന്ധമുണ്ടെന്നും അതേക്കുറിച്ചും അന്വേഷണം ഊര്‍ജിതമാക്കണമെന്ന് ആവശ്യപ്പെട്ടും നാട്ടുകാര്‍ പോലീസ് വാഹനം തടഞ്ഞു. സി.ഐ. ജീജിയുടെ നേതൃത്വത്തില്‍ പോലീസ് ചര്‍ച്ച നടത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam