സമരവും സമരാഭാസവും

Posted on: 03 Mar 2010


സി.ആര്‍. നീലകണ്ഠന്‍



സര്‍ക്കാറും ഭരണകക്ഷിക്കാരും യൂണിയനുകളും കായികമായിപ്പോലും തകര്‍ക്കാന്‍ ശ്രമിച്ചിട്ടും ഏറെ പ്രതികൂലമായ കാലാവസ്ഥയെ നേരിട്ട് ഭൂമി കിട്ടുന്നതുവരെ സമരം തുടരുകയാണ് ചെങ്ങറ സമരഭൂമിയിലുള്ളവര്‍. വയനാട്ടിലെ കൈയേറ്റക്കാര്‍ക്ക് സര്‍ക്കാറിന്റെയും ഭരണകക്ഷിയുടെയുമെല്ലാം പിന്തുണയുണ്ട്. എന്നിട്ടും ഭൂമി കിട്ടുന്നതുവരെ സമരം തുടരാന്‍ അവര്‍ക്കു കഴിയാത്തതെന്തുകൊണ്ട്? ഇവിടെയാണ് യഥാര്‍ഥ ജനകീയ സമരങ്ങളും 'അനുഷ്ഠാന' സമരങ്ങളും വ്യത്യസ്തമാകുന്നത്


മൂന്നാറില്‍ സര്‍ക്കാര്‍ കളിച്ച കളികളെല്ലാം പൊളിച്ചുകാട്ടപ്പെട്ടിരിക്കുന്നതിനാല്‍ 'മുഖം രക്ഷിക്കാന്‍' വേണ്ടിയാണ് വയനാട്ടില്‍ കൈയേറ്റം നടത്തിയതെന്ന് വ്യക്തം. വിപ്ലവനേതാക്കളെല്ലാം കുളിമുറിയില്‍ നഗ്‌നരാണെന്ന് ജനങ്ങള്‍ തിരിച്ചറിയുന്നു. മിച്ചഭൂമിയോ പൊതുഭൂമിയോ ആരെങ്കിലും കൈവശം വെച്ചിട്ടുണ്ടെങ്കില്‍ അതു നിലവിലുള്ള നിയമപ്രകാരം സര്‍ക്കാര്‍ ഏറ്റെടുക്കണം. ആ ഭൂമി വനമോ മറ്റു പാരിസ്ഥിതിക പ്രാധാന്യമുള്ളതോ ആണെങ്കില്‍ സര്‍ക്കാര്‍തന്നെ സംരക്ഷിക്കണം. കൃഷിക്കോ വീടുവെക്കാനോ യോഗ്യമാണെങ്കില്‍ ലക്ഷക്കണക്കിനു വരുന്ന ഭൂരഹിതര്‍ക്ക് (ദളിത്, ആദിവാസി പിന്നാക്കക്കാര്‍ക്ക് മുന്‍ഗണനയോടെ) വിതരണം ചെയ്യണം. ഇതിലൊന്നും ആര്‍ക്കും എതിര്‍പ്പു പ്രകടിപ്പിക്കാനാവില്ല. (ആരും ഇത് ചെയ്യുന്നില്ലെന്നത് മറ്റൊരു പ്രശ്‌നം.) വയനാട്ടിലെ കൃഷ്ണഗിരിയില്‍ എം.വി. ശ്രേയാംസ്‌കുമാര്‍ എം.എല്‍.എ.യുടെ കൈവശത്തിലിരിക്കുന്ന ഭൂമി ഇത്തരത്തിലുള്ളതാണെന്ന് നിയമപരമായി സ്ഥാപിക്കാന്‍ സര്‍ക്കാറിനു കഴിയാത്തതിനാലാണല്ലോ ഹൈക്കോടതി തന്നെ സര്‍ക്കാര്‍ വെച്ച ബോര്‍ഡ് എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടത്. ഇതില്‍ നിയമയുദ്ധം തുടരട്ടെ.

ടാറ്റയും ഹാരിസണും വമ്പന്‍ കുത്തക റിസോര്‍ട്ട് ഉടമകളും ബിനാമി ഭൂമാഫിയക്കാരും രാഷ്ട്രീയ കക്ഷിനേതാക്കളും അവരുടെ ബന്ധുക്കളുമെല്ലാം പതിനായിരക്കണക്കിനേക്കര്‍ ഭൂമി അനധികൃതമായി കൈവശം വെച്ചിരിക്കുന്നുവെന്നു കാണിക്കുന്ന നിയമസഭാസമിതികളുടെയും ഉദ്യോഗസ്ഥസംഘങ്ങളുടെയും നിരവധി റിപ്പോര്‍ട്ടുകള്‍ സര്‍ക്കാറിന്റെ മുന്നിലുണ്ട്. കൃഷ്ണഗിരിയിലെ ഭൂമി ആരും കൈയേറിയതല്ലെന്നും പരമ്പരാഗതമായി ശ്രേയാംസ്‌കുമാറിനു കിട്ടിയതാണെന്നും എല്ലാവര്‍ക്കുമറിയാം. കൊച്ചിക്കടുത്ത് വളന്തക്കാട്ട് ശോഭാ ഹൈടെക് സിറ്റിക്കുവേണ്ടി തയ്യാറാക്കിയ ഏകജാലക പദ്ധതിയില്‍ 40 ഏക്കര്‍ മിച്ചഭൂമി സര്‍ക്കാര്‍ ഇവര്‍ക്കു നല്‍കണമെന്ന് പറയുന്നവര്‍തന്നെ വയനാട്ടിലെ 14 ഏക്കറില്‍ കയറി അവകാശം സ്ഥാപിക്കാന്‍ ശ്രമിച്ചതിന്റെ പിന്നിലെ താത്പര്യങ്ങള്‍ അറിയാത്തവരാരും കാണില്ല. എന്നാല്‍ നിയമപരമായി സര്‍ക്കാര്‍ അവകാശം സ്ഥാപിക്കുന്നതിനു പകരം പാര്‍ട്ടിക്കു കീഴിലുള്ള ആദിവാസി ക്ഷേമസമിതിയെക്കൊണ്ട് നടത്തിച്ച കൈയേറ്റമാണ് ഒരു ദുരന്ത ഹാസ്യനാടകമായി പരിണമിച്ചത്. കൃഷിഭൂമിക്കു വേണ്ടി ഭൂരഹിതരായ ദളിതരും മറ്റു പിന്നാക്കക്കാരും രണ്ടുവര്‍ഷത്തിലേറെയായി ചെങ്ങറയില്‍ സമരം ചെയ്യുകയാണ്. ഈ സമരത്തോട് സര്‍ക്കാറും സി.പി.എമ്മും അവരുടെ മാധ്യമങ്ങളുമെടുത്തുവന്ന നിലപാടുകള്‍ എന്തായിരുന്നു? സമരത്തെ ചോരയില്‍ മുക്കിക്കൊല്ലാന്‍ സര്‍ക്കാര്‍ തയ്യാറായതാണ്.

ഹൈക്കോടതി വിധിയും സമരക്കാരുടെ നിശ്ചയദാര്‍ഢ്യവും മൂലം അതു നടന്നില്ല. എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന് അവരുടെ സമരം മുന്നോട്ടു പോയപ്പോള്‍ കേരളത്തിലെ വലിയൊരു ഭാഗം ജനങ്ങളും അതിനെ പിന്തുണച്ചു. അപ്പോഴാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറായതും കടലാസിലെങ്കിലും ഒരു ഒത്തുതീര്‍പ്പുണ്ടായതും. മൂന്നുമാസത്തിനകം ഇവര്‍ക്ക് ഭൂമി നല്‍കുമെന്ന വാഗ്ദാനം ഇത്ര നാളായിട്ടും നടപ്പിലായില്ലെന്നു മാത്രമല്ല, സമരനേതാവായ ളാഹാ ഗോപാലനെ പതിനൊന്നു കള്ളക്കേസുകള്‍ ചുമത്തി രണ്ടാഴ്ചയോളം തടവിലിടാനും സര്‍ക്കാറിനു കഴിഞ്ഞു. ഈ സമരത്തിനെതിരെ എന്തൊക്കെ കള്ളപ്രചാരണങ്ങളാണ് സി.പി.എം. അഴിച്ചുവിട്ടത്! അവരെല്ലാം ഭൂസ്വാമിമാരാണ് (ഏറെ ഗവേഷണം നടത്തി കണ്ടെത്തിയത് ആറു സെന്റ് മാത്രം), അവര്‍ റബര്‍പാല്‍ കട്ടുവിറ്റ് സുഖിക്കുന്നു, ളാഹാ ഗോപാലന്‍ നിരവധിപ്പേരെ വഞ്ചിച്ച് പണം ശേഖരിക്കുന്നു, സമരത്തിനു പിന്നില്‍ തീവ്രവാദികളും വിദേശശക്തികളും മറ്റുമാണ് എന്നിങ്ങനെ പലതും.

ഈ സമരത്തോട് സി.പി.എമ്മിന് ഏറ്റവും ശക്തമായ എതിര്‍പ്പുണ്ടായത്, ഹാരിസണിന്റെ ആ തോട്ടം ഒന്നളക്കണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടപ്പോഴാണ്. പാട്ടക്കരാറുകള്‍ ലംഘിച്ച് ഹാരിസണ്‍ ഭൂമികള്‍ മുറിച്ചു വില്ക്കുന്നുവെന്ന് പറഞ്ഞപ്പോഴാണ്.

പിന്നെ നാം കണ്ടത് ഹാരിസണിന്റെ പണംകൊണ്ട് നടത്തിയ 'തൊഴിലാളി വര്‍ഗ ഉപരോധം' എന്ന സമരാഭാസമാണ്. ആ സമരത്തിന്റെ ഇന്നത്തെ അവസ്ഥയെന്തായി. പരമ ദരിദ്രരുടെ ഭൂമി സമരത്തെ തകര്‍ക്കാന്‍, ഭൂസ്വാമിമാരുടെ കൈയേറ്റം സംരക്ഷിക്കാന്‍ കമ്യൂണിസ്റ്റുകാരെന്ന് പറയുന്നവര്‍ ഏതറ്റംവരെ പോകുമെന്ന് പിന്നീട് മൂന്നാറിലും നാം കണ്ടു.

എന്താണ് ചെങ്ങറ-വയനാട് സമരങ്ങള്‍ തമ്മിലുള്ള താരതമ്യം? സര്‍ക്കാറും ഭരണകക്ഷിക്കാരും യൂണിയനുകളും കായികമായിപ്പോലും തകര്‍ക്കാന്‍ ശ്രമിച്ചിട്ടും ഏറെ പ്രതികൂലമായ കാലാവസ്ഥയെ നേരിട്ട് പ്ലാസ്റ്റിക് ഷെഡ്ഡുകളില്‍ ജീവിച്ച് പട്ടിണിയെയും രോഗങ്ങളെയും മരണത്തെത്തന്നെയും അതിജീവിച്ച് ഭൂമി കിട്ടുന്നതുവരെ സമരം തുടരുകയാണ് ചെങ്ങറ സമരഭൂമിയിലുള്ളവര്‍. അവര്‍ക്ക് സമൂഹത്തിലെ അധികാരശക്തികളുടെ പിന്‍തുണയില്ല.

എന്നാല്‍ വയനാട്ടിലെ കൈയേറ്റക്കാര്‍ക്ക് സര്‍ക്കാറിന്റെയും ഭരണകക്ഷിയുടെയുമെല്ലാം പിന്തുണയുണ്ട്. എന്നിട്ടും ഭൂമി കിട്ടുന്നതുവരെ സമരം തുടരാന്‍ അവര്‍ക്കു കഴിയാത്തതെന്തുകൊണ്ട്? ഇവിടെയാണ് യഥാര്‍ഥ ജനകീയ സമരങ്ങളും 'അനുഷ്ഠാന' സമരങ്ങളും വ്യത്യസ്തമാകുന്നത്. സി.പി.എമ്മിനേക്കാള്‍ വിപ്ലവമുണ്ടെന്നവകാശപ്പെടുന്ന എം.എല്‍. കക്ഷികളും വ്യത്യസ്തരല്ല എന്നു കാണാം. ഹാരിസണിന്റെയും മറ്റും കൈയേറ്റം ഇപ്പോഴാണോ ഇവര്‍ക്ക് ബോധ്യമായത്? ഇവരെല്ലാം നടത്തുന്ന സമരങ്ങളില്‍ പങ്കെടുക്കുന്നവരുടെ താത്പര്യം (ആദിവാസികളുടെ) സംരക്ഷിക്കലല്ല സമരങ്ങളുടെ ലക്ഷ്യം. മറിച്ച് തങ്ങളുടെ 'കക്ഷികളുടെ നിലപാട്' വ്യക്തമാക്കല്‍ മാത്രമാണ്. ഇത് ഭൂമി സമരങ്ങളുടെ മാത്രം കാര്യമല്ല. വിലക്കയറ്റത്തിനെതിരായും സര്‍ക്കാറിന്റെ 'തെറ്റായ നയങ്ങളില്‍ പ്രതിഷേധിച്ചും' മറ്റും നടത്തുന്ന സമരങ്ങളില്‍ പങ്കെടുക്കുന്ന പതിനായിരങ്ങള്‍ക്കും അറിയാം ഇതുകൊണ്ട് വില കുറയാനോ നയങ്ങള്‍ തിരുത്തപ്പെടാനോ യാതൊരു സാധ്യതയുമില്ലെന്ന്. ഇതുപോലെത്തന്നെ ഭൂസമരക്കാര്‍ക്കറിയാം തങ്ങള്‍ക്കു ഭൂമി കിട്ടാനല്ല ഈ സമരമെന്നും.

വയനാട്ടില്‍ കൈയേറിയ ആദിവാസി ക്ഷേമസമിതി പ്രവര്‍ത്തകരുടെ അവസ്ഥയും വ്യത്യസ്തമല്ല. എന്നാല്‍ ഇതല്ല ചെങ്ങറ സമരക്കാരുടെ നിലപാട്. അവര്‍ ഭൂമി കിട്ടാന്‍തന്നെയാണ് സമരം നടത്തുന്നത്. അതു കിട്ടാതെ അവര്‍ സമരം അവസാനിപ്പിക്കുകയുമില്ല. അതുകൊണ്ടുതന്നെ ആത്മാഹുതിക്കു വരെ അവര്‍ തയ്യാറാകുന്നു. ഇതാണാ സമരത്തിന്റെ ശക്തി.സങ്കുചിത കക്ഷിരാഷ്ട്രീയ താത്പര്യങ്ങള്‍ വെച്ച്അനുഷ്ഠാനസമരങ്ങള്‍ നടത്താനല്ലാതെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കു മറ്റൊന്നും കഴിയില്ലെന്നും വയനാട് സംഭവം കേരളത്തെ ബോധ്യപ്പെടുത്തുന്നു.

********************* ***************************** *********************** ************************

വിഭവസമാഹരണവും സാമ്പത്തികപ്രതിസന്ധിയും


നിയതി



(കഴിഞ്ഞ ലക്കം തുടര്‍ച്ച)


വിഭവസമാഹരണവും വിഭവവിനിയോഗവും ധനകാര്യ മാനേജ്‌മെന്റിലൂടെ കാര്യക്ഷമമായെങ്കിലേ വികസനലക്ഷ്യം സാധ്യമാകുകയുള്ളൂ. വികസനപ്രവര്‍ത്തനങ്ങള്‍ക്ക് വായ്പ എടുക്കും എന്ന ധനമന്ത്രിയുടെ വാശിക്കൊപ്പം കാര്യക്ഷമമായി വായ്പ വിനിയോഗിക്കും എന്ന വാശികൂടി കാണിച്ചില്ലെങ്കില്‍ സാമ്പത്തിക പ്രതിസന്ധി ഭാവിയില്‍ കൂടുതല്‍ രൂക്ഷമാകും.

ആദ്യ രണ്ടുവര്‍ഷംകൊണ്ട് കേരളത്തിന്റെ അധിക കടബാധ്യത 11220 കോടി രൂപ വര്‍ധിച്ചു. കേരളത്തിന്റെ മൊത്തം കടബാധ്യത 2006-ല്‍ 47940 കോടി രൂപ ആയിരുന്നത് 2009-10ല്‍ 70306 കോടി ആകുമെന്ന് പ്രതീക്ഷിക്കുന്നു. ഇടതുമുന്നണി ഗവണ്‍മെന്റ് നാലുവര്‍ഷംകൊണ്ട് 22366 കോടി രൂപയുടെ അധിക കടബാധ്യത സൃഷ്ടിച്ചു. ഒരുവര്‍ഷം ശരാശരി 5600 കോടി രൂപയുടെ അധികബാധ്യതയാണ് സൃഷ്ടിച്ചത്.

കേരളത്തിലെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 40 ശതമാനം കടബാധ്യതയ്ക്കും നികുതിവരുമാനത്തിന്റെ 30 ശതമാനവും പലിശയ്ക്കുവേണ്ടിയും വിനിയോഗിക്കുന്ന സാഹചര്യത്തിലാണ് ധനമന്ത്രി വായ്പാപരിധി മാറ്റണമെന്ന് വാദിക്കുന്നത്. സാമ്പത്തിക വര്‍ഷത്തിന്റെ ആറുമാസംകൊണ്ട് പദ്ധതിവിഹിതത്തിന്റെ 25 ശതമാനം വിനിയോഗിക്കുവാന്‍ കഴിയാത്ത ധനവിനിയോഗ മാനേജ്‌മെന്റ് സമീപനം കാര്യക്ഷമതയില്ലായ്മയുടെ ലക്ഷണമാണ്.

തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതിവിഹിതം വെട്ടിക്കുറച്ചിട്ടും സംസ്ഥാന പദ്ധതിവിഹിതം പൂര്‍ണമായും വിനിയോഗിക്കുവാന്‍ കഴിയാഞ്ഞിട്ടും ധനക്കമ്മി കുറയുന്നില്ലായെന്നത് അതിലും വിചിത്രമാണ്. ഇതെല്ലാം ധനകാര്യ മാനേജ്‌മെന്റിലെ വൈകല്യങ്ങളാണ് പ്രതിഫലിപ്പിക്കുന്നത്.


കേന്ദ്രനയ വിമര്‍ശനം


ഫെഡറല്‍ രാഷ്ട്രമാകുമ്പോള്‍ കേന്ദ്രവും സംസ്ഥാനങ്ങളും ശക്തിപ്രാപിക്കണം. അതിനു കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ പരസ്​പരവിശ്വാസവും സഹകരണവും സഹവര്‍ത്തിത്വവും കൂട്ടായ്മയും ഉണ്ടാകണം. കേന്ദ്ര സംസ്ഥാനബന്ധങ്ങള്‍ വിമര്‍ശിക്കപ്പെടാം. പക്ഷേ, വിമര്‍ശനം സൃഷ്ടിപരവും യുക്തിപരവുമായിരിക്കണം. നിര്‍ഭാഗ്യമെന്നു പറയട്ടെ ധനം, ആസൂത്രണം, വ്യവസായം, ആഗോളീകരണം, ഉദാരീകരണം, ഫിസ്‌കല്‍ നയം, വരള്‍ച്ച, വെള്ളപ്പൊക്കം മുതലായ സാമ്പത്തിക വികസന കാര്യങ്ങളില്‍ കേന്ദ്രനയത്തെ വിമര്‍ശിച്ചുകൊണ്ടുള്ള ബജറ്റാണ് ധനമന്ത്രികഴിഞ്ഞ നാലുവര്‍ഷവും തയ്യാറാക്കിയത്.

ധനകാര്യ കമ്മീഷന്‍ കേരളത്തോട് വിവേചനം കാണിക്കുന്നു. വായ്പ എടുപ്പിനു പരിധിപാടില്ല. 2003ല്‍ കേരളം പാസാക്കിയ ഫിസ്‌കല്‍ ഉത്തരവാദിത്വ നിയമം സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ തകിടം മറിച്ചു, ആഗോളീകരണം, കമ്പോളവത്കരണം, വ്യവസായവത്കരണം മുതലായ സാമ്പത്തിക നയങ്ങളെ യുക്തിക്കു നിരക്കാത്ത രീതിയില്‍ വിമര്‍ശിച്ചുകൊണ്ടാണ് ധനമന്ത്രി ഓരോ വാര്‍ഷിക ബജറ്റും തയ്യാറാക്കുന്നത്.

സാമ്പത്തിക മാന്ദ്യവും കേരള ധനമന്ത്രിയും


കഴിഞ്ഞ ഒന്നരവര്‍ഷമായി സാമ്പത്തിക മാന്ദ്യത്തെ ധനമന്ത്രി നിരന്തരം നിര്‍വചിക്കുന്നു. ലോകത്തെ വിഴുങ്ങുന്ന സാമ്പത്തികമാന്ദ്യം കേരളത്തെയും ഇന്ത്യയെയും വിഴുങ്ങുമെന്ന പ്രഖ്യാപനം കേരള ധനമന്ത്രി 2009-10 ബജറ്റില്‍ നടത്തിയിട്ട് മാന്ദ്യ പ്രതിരോധത്തിനു പുതിയ ബജറ്റ് മാതൃക സൃഷ്ടിച്ചു. സാധാരണ ജനങ്ങളുടെ ആവശ്യങ്ങള്‍ സംരക്ഷിച്ച് പ്രതിസന്ധിയെ അവസരമാക്കി മാറ്റേണ്ടത് അനിവാര്യമാണെന്നു ധനമന്ത്രി അവകാശപ്പെട്ടു. സാമ്പത്തിക മാന്ദ്യം 2009-10ല്‍ മൂര്‍ധന്യാവസ്ഥയിലെത്തുമെന്നും വികസിത രാജ്യങ്ങളിലെ ഉത്പാദനം താഴ്ന്ന് ഉദാരീകരണ സമീപനത്തെ ഇല്ലാതാക്കുമെന്നും പ്രഖ്യാപിച്ചു.

തകരുന്ന ബാങ്കുകളെയും വ്യവസായ സ്ഥാപനങ്ങളെയും ഗവണ്മെന്റ് സഹായം നല്‍കി സംരക്ഷിച്ചതുകൊണ്ട് ജനങ്ങള്‍ക്ക് പ്രയോജനം ചെയ്യുകയില്ലായെന്ന് അഭിപ്രായപ്പെട്ടു. നികുതി ഇളവുകളും പ്രോത്സാഹനങ്ങളും വ്യവസായികള്‍ക്കും കയറ്റുമതിക്കാര്‍ക്കും നല്കിയാലും തൊഴിലില്ലായ്മ വര്‍ധിക്കുകയും ദാരിദ്ര്യം വ്യാപിക്കുകയും ചെയ്യുമെന്നും ധനമന്ത്രി പറഞ്ഞു.

ഇതെല്ലാം പ്രവചിച്ചുകൊണ്ടാണ് സാധാരണ ജനങ്ങള്‍ സംരക്ഷണം നല്കുന്ന ഒരു വികസന ബജറ്റ് 2009-10 ല്‍ ധനമന്ത്രി അവതരിപ്പിച്ചത്. 2009 അവസാനിച്ചു. വികസിത-വികസ്വര രാഷ്ട്രങ്ങള്‍ മാന്ദ്യത്തില്‍ നിന്ന് ഏറെക്കുറെ കരകയറി. കേരള ധനമന്ത്രിയുടെ ബജറ്റ് പ്രവചനം അസ്ഥാനത്തുമായി. ഇന്ത്യ നടപ്പാക്കിയ സമയബന്ധിത പാക്കേജ് വികസിത രാഷ്ട്രങ്ങള്‍ പിന്‍തുടരുകയാണ്‌ചെയ്തത്.
സംസ്ഥാനങ്ങള്‍ക്കു ചെറുകിട നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മാത്രമേ നടപ്പിലാക്കി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുവാന്‍ കഴിയുകയുള്ളൂയെന്ന ധനമന്ത്രിയുടെ പ്രഖ്യാപനം യുക്തിക്കുയോജിച്ചതല്ല.

കേന്ദ്രം പ്രഖ്യാപിച്ച പാക്കേജില്‍ നിന്ന് സംസ്ഥാനങ്ങളെ മൊത്തമായി ഒഴിവാക്കിയെന്ന ധനമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനം കേവലം കേന്ദ്രവിമര്‍ശനം മാത്രമാണ്. മൊത്ത സംസ്ഥാന ആഭ്യന്തര ഉത്പാദനത്തിന്റെ 0.5ശതമാനം കടമെടുക്കുവാന്‍ സംസ്ഥാനങ്ങളെ അനുവദിച്ചെങ്കിലും അധിക കടമെടുപ്പിനോ ഫിസ്‌ക്കല്‍കമ്മി ഉയര്‍ത്തുന്നതിനോ കേന്ദ്രം അനുവദിക്കില്ലായെന്ന ധനമന്ത്രിയുടെ വാദവും യുക്തിക്കു യോജിച്ചതല്ല. ബജറ്റില്‍ ധനമന്ത്രി മാന്ദ്യത്തെ പ്രതിരോധിക്കുവാന്‍ ആവിഷ്‌കരിച്ച ഹ്രസ്വ-ദീര്‍ഘ-ദ്വിമുഖ തന്ത്രമെന്തെന്നു നോക്കണം.

സാമൂഹിക സുരക്ഷാ പരിപാടികളായ (1) വിലകുറച്ചു േറഷന്‍ അരിതരണം(2) വൃദ്ധരുടെ പ്രതിമാസ പെന്‍ഷനില്‍ അന്‍പതുരൂപയുടെവര്‍ധന(3) ഭവനവായ്പ എടുത്തു തിരിച്ചടയ്ക്കാത്ത 41600 കുടുംബങ്ങളുടെ പ്രമാണം തിരിച്ചുനല്കല്‍(4) പട്ടികജാതി-വര്‍ഗ വിഭാഗക്കാരുടെ 25000 രൂപ വരെയുള്ള വായ്പയും പിഴപ്പലിശയും എഴുതിത്തള്ളല്‍ എന്നിവയാണ്.

ദരിദ്രവൃദ്ധരുടെ പ്രതിമാസ പെന്‍ഷന്‍ അന്‍പതുരൂപ വര്‍ധിപ്പിച്ച് സാമ്പത്തികമാന്ദ്യം പരിഹരിക്കുവാനുള്ള ധനമന്ത്രിയുടെ ലക്ഷ്യവും ശ്രമവും കേവലം രാഷ്ട്രീയ പ്രചാരണ ലക്ഷ്യം മാത്രമാണെന്ന് വ്യക്തമാണ്. ധനമന്ത്രി പ്രഖ്യാപിച്ച സാമൂഹിക സുരക്ഷാ പദ്ധതിവഴി വരുമാനവും ഉപഭോഗവും എത്രകണ്ടു വര്‍ധിക്കും? അതിനുതൊഴില്‍ നല്കി വേതനം നല്കണം. സാമ്പത്തികമാന്ദ്യം പരിഹരിക്കുവാന്‍ തൊഴിലും വരുമാനവും ഉത്പാദനവും ഉത്പാദനക്ഷമതയും വര്‍ധിപ്പിച്ചു ജനങ്ങളുടെ ഉപഭോഗനിരക്ക് ഉയര്‍ത്തണം. അതിന് വര്‍ധിച്ചതോതിലുള്ള മൂലധന നിക്ഷേപം പൊതുമേഖലയിലും സ്വകാര്യമേഖലയിലും സംയുക്തമേഖലയിലും സഹകരണമേഖലയിലും നടക്കണം. ധനമന്ത്രി 2009-10 ബജറ്റില്‍ പശ്ചാത്തല സൗകര്യവികസനം ലക്ഷ്യമിട്ട പതിനായിരം കോടി രൂപയുടെ ഉത്തേജന പാക്കേജില്‍ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ വായ്പയായും ഗ്രാന്റായും ചെലവഴിക്കുമെന്ന് പ്രഖ്യാപിച്ചു. പദ്ധതി ഇനത്തില്‍നിന്നു കുടിവെള്ളം, ജലസേചനം, പൊതുനിര്‍മാണം എന്നിവയ്ക്ക് 5000 കോടി രൂപയുടെ ജോലികള്‍ക്ക് ഭരണാനുമതി നല്കുമെന്ന് പറഞ്ഞു. ബാക്കി 5000 കോടി രൂപ ഇ.എം.എസ്. ഭവനനിര്‍മാണ പദ്ധതിക്കാണ്. വാര്‍ഷികപദ്ധതി 8660 കോടി രൂപയുടേതും. ഇതിന്റെയൊപ്പം വിദേശസഹായ പ്രോജക്ടുകളും കേന്ദ്രാവിഷ്‌കൃത പദ്ധതികളുംകൂടി ഉള്‍പ്പെടുത്തിയാല്‍ അഞ്ചക്ക സംഖ്യയുള്ള തുക 2009-10ല്‍ ചെലവഴിക്കുവാന്‍ കഴിയുമെന്ന് ധനമന്ത്രി കണക്കാക്കുന്നുമുണ്ട്. ഇതിനെല്ലാം പുറമെ 2009-10ല്‍ 20,000 കോടി രൂപയുടെ സ്വകാര്യ നിക്ഷേപവും ധനമന്ത്രി പ്രതീക്ഷിക്കുന്നു. 2009-10 വര്‍ഷം പൂര്‍ത്തിയാകുകയാണ്. എങ്കിലും 5000 കോടി രൂപയുടെ ഇ.എം.എസ്. ഭവനനിര്‍മാണ പദ്ധതി എങ്ങും എത്തിയിട്ടില്ല.

സ്വകാര്യ നിക്ഷേപത്തിന് വ്യക്തവും സമഗ്രവുമായ വികസനനയം ആവശ്യമാണ്. അത് തയ്യാറാക്കിയിട്ടുമില്ല. അതില്ലാതെ പ്രവാസികളോ സ്വകാര്യ വ്യക്തികളോ മൂലധനനിക്ഷേപത്തിന് വരുകയില്ല. കാരണം 2002ലെ 25000 കോടി രൂപയുടെ ഗ്ലോബല്‍മീറ്റും സ്മാര്‍ട്ട്‌സിറ്റിയും വിഴിഞ്ഞം പ്രോജക്ടുമൊക്കെ നമ്മുടെ മുന്‍പിലുണ്ട്. ഇങ്ങനെ വ്യക്തതയില്ലാത്ത പ്രഖ്യാപനങ്ങളാണ് ധനമന്ത്രിയുടെ ധനകാര്യ മാനേജ്‌മെന്റ് വൈകല്യത്തിനു കാരണം.

പൊതുകടമെടുക്കുന്നതിലും ധനകാര്യ കമ്മീഷന്റെ നികുതി വിഭജനത്തിലും കേന്ദ്രം കേരളത്തോട് വിവേചനപരമായി പെരുമാറിയിട്ടും കേരളം ഫിസ്‌കല്‍ കമ്മി കുറച്ചുകൊണ്ടുവരികയാണെന്ന ധനകാര്യമന്ത്രിയുടെ വിലയിരുത്തല്‍ കാര്യക്ഷമമായ ധനകാര്യ മാനേജ്‌മെന്റിന്റെ ഫലമാണോ?

ഫിസ്‌കല്‍ കമ്മി 2006-09ലെ 3.45 ശതമാനത്തില്‍നിന്നു 2009-10ല്‍ മൂന്നു ശതമാനമായി കുറയുമെന്ന് പ്രതീക്ഷിക്കുന്ന ധനമന്ത്രി ധന ഉത്തരവാദിത്വനിയമപ്രകാരം 2010-11ല്‍ പൂജ്യം നിലയിലെത്തിക്കേണ്ടതാണെന്ന കാര്യം വിസ്മരിക്കുകയാണ്.

പ്രശ്‌നം ധനകാര്യ മാനേജ്‌മെന്റ് ഇല്ലായ്മയാണ്. മൂലധന വിനിയോഗം കാര്യക്ഷമവും ഉത്പാദനപരവുമായിരുന്നെങ്കിലേ വായ്പയെടുത്ത മൂലധനം പലിശസഹിതം തിരിച്ചടയ്ക്കുവാന്‍ കഴിയുകയുള്ളൂ.

മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ ഒരു ശതമാനംവരുന്ന തുക അധിക പൊതുകടമെടുക്കുവാന്‍ കേരളത്തെ അനുവദിച്ചാല്‍ കേരളത്തിന്റെ ഫിസ്‌ക്കല്‍ കമ്മി ഒഴിവാക്കുവാനും ധനകാര്യ കമ്മീഷന്റെ വിഹിതത്തില്‍ കേരളത്തിനുണ്ടാകുന്ന നഷ്ടം നികത്തുവാനും കഴിയുമെന്നാണ് ധനമന്ത്രിയുടെ വാദം. 2009-10ലെ ബജറ്റ് പല കാരണങ്ങള്‍കൊണ്ടും ഒരു അസാധാരണ ബജറ്റായി ധനമന്ത്രി വിശേഷിപ്പിക്കുന്നുമുണ്ട്. അസാധാരണ കാലഘട്ടത്തില്‍ നമ്മള്‍ ജീവിക്കുന്നതുകൊണ്ട് പാരമ്പര്യത്തിന് വിരുദ്ധമായി ചിന്തിക്കുവാനുള്ള ആര്‍ജവവും ധൈര്യവും സര്‍ക്കാറിനുണ്ടെന്ന് ധനമന്ത്രി വിശ്വസിക്കുന്നു.

എന്നാല്‍ സിദ്ധാന്തങ്ങളും അമിതമായ ആവേശങ്ങളുംകൊണ്ട് നിര്‍മിക്കേണ്ടതല്ല ബജറ്റ് എന്ന സത്യം നാല് ബജറ്റ് അവതരിപ്പിച്ച മന്ത്രി മനസ്സിലാക്കുന്നില്ല. വ്യക്തമായ ലക്ഷ്യവും വികസനതന്ത്രവും ദീര്‍ഘവീക്ഷണവും ഉള്‍ക്കാഴ്ചയും കാര്യക്ഷമമായ ധനകാര്യ മാനേജ്‌മെന്റ് വൈദഗ്ധ്യവുംകൊണ്ട് നിര്‍മിച്ച് കാര്യക്ഷമമായി നിര്‍വഹണം നടത്തുമ്പോഴാണ് ബജറ്റ് ജനോപകാര ബജറ്റ് ആകുന്നത്. അതാണ് ജനങ്ങള്‍ ആഗ്രഹിക്കുന്ന അസാധാരണ ബജറ്റ്. ഇത്തരമൊരു ബജറ്റ് ധനമന്ത്രിക്ക് കഴിഞ്ഞ നാലുവര്‍ഷവും തയ്യാറാക്കാനും നടപ്പിലാക്കാനും കഴിഞ്ഞിട്ടില്ല. ധനമന്ത്രിയുടെ അവസാന ബജറ്റായ 2010-11ലും അത് സാധ്യമാകുകയില്ല.

(അവസാനിച്ചു)
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/