
തിരുവനന്തപുരം: വിളപ്പില്‍ശാല യിലെ സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തിങ്കളാഴ്ച നടത്തിയ ശ്രമം വിജയിച്ചില്ല.
വിളപ്പില്‍ശാലയിലേക്ക് ഇനി മാലിന്യം കൊണ്ട് പോകില്ലെന്ന് മധ്യസ്ഥരായ സുഗതകുമാരിയും ഗാന്ധിയനായ പി. ഗോപിനാഥന്‍നായരും വഴി സര്‍ക്കാര്‍ സമരക്കാരെ അറിയിച്ചെങ്കിലും ഉത്തരവ് പുറപ്പെടുവിക്കാതെ സമരം നിര്‍ത്താന്‍ അവര്‍ തയാറായില്ല.
സര്‍ക്കാര്‍ ബദല്‍ സംവിധാനം ഏര്‍പ്പെടുത്തിയാല്‍ ഇനി വിളപ്പില്‍ശാലയിലേക്ക് മാലിന്യം കൊണ്ടുപോകില്ലെന്നാണ് മേയര്‍ കെ. ചന്ദ്രികയുടെയും നഗരസഭ ഭരിക്കുന്ന സി.പി.എമ്മിന്റെയും നിലപാട്. നഗരസഭ നല്‍കിയ കേസ് പിന്‍വലിക്കുന്നതിനെക്കുറിച്ച് സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയനുമായി സുഗതകുമാരി ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായില്ല. ബദല്‍ സംവിധാനം സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയാല്‍ അത് സ്വീകാര്യമാണെന്ന് പിണറായി വിജയനും അറിയിച്ചിട്ടുണ്ട്. ഇതേക്കുറിച്ച് മൂന്ന് ദിവസത്തിനകം തീരുമാനമുണ്ടാകുമെന്ന് സുഗതകുമാരി അറിയിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് എസ്. ശോഭനകുമാരിയുടെ അനിശ്ചിതകാല നിരാഹാരസമരവും പഞ്ചായത്തിലെ അനിശ്ചിതകാലഹര്‍ത്താലും അവസാനിപ്പിക്കാനാണ് സര്‍ക്കാര്‍ മധ്യസ്ഥര്‍വഴി ശ്രമിച്ചത്. ചവര്‍ ഫാക്ടറി തുറന്ന് പ്രവര്‍ത്തിക്കണമെന്ന് കോടതി വിധിയുള്ളതിനാല്‍ മറിച്ചുള്ള ഉറപ്പ് നല്‍കാനാവാത്ത സ്ഥിതിയിലായിരുന്നു സര്‍ക്കാര്‍. ഇതിനാലാണ് സുഗതകുമാരിയെയും ഗാന്ധി സ്മാരക നിധി ചെയര്‍മാന്‍ പി. ഗോപിനാഥന്‍ നായരെയും നിലപാടറിയിക്കാന്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്.
വിളപ്പില്‍ശാലയിലേക്ക് പോകുന്നതിന് മുമ്പ് സുഗതകുമാരിയും വി.എം. സുധീരനും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായും മന്ത്രി മഞ്ഞളാംകുഴി അലിയുമായും ചര്‍ച്ച നടത്തിയിരുന്നു. രണ്ട് തീരുമാനങ്ങളാണ് ചര്‍ച്ചയിലുണ്ടായത്. വിളപ്പില്‍ശാലയിലേക്ക് ഇനി മാലിന്യം എത്തിക്കില്ലെന്നും മലിന ജലപ്ലാന്റ് സ്ഥാപിക്കില്ലെന്നുമായിരുന്നു തീരുമാനങ്ങള്‍.
ഈ തീരുമാനങ്ങള്‍ സമരക്കാരെ അറിയിക്കാന്‍ മൂന്നുമണിയോടെ സുഗതകുമാരി സമരപ്പന്തലില്‍ എത്തി. സര്‍ക്കാറിന്റെ തീരുമാനങ്ങള്‍ ആദ്യം കൈയടിയോടെയാണ് ജനം സ്വീകരിച്ചത്. എന്നാല്‍, ഇതിന്റെ അടിസ്ഥാനത്തില്‍ സമരം പിന്‍വലിക്കണമെന്ന സുഗതകുമാരിയുടെ ആവശ്യം സമരക്കാര്‍ അംഗീകരിച്ചില്ല. സര്‍ക്കാറിന്റെ ഉത്തരവ് വേണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
എന്നാല്‍, കോടതിനടപടികള്‍ തുടരുന്നതിനാല്‍ സര്‍ക്കാറിന് രേഖാമൂലം ഉറപ്പുനല്‍കാനാവില്ലെന്നും ഈ ഉറപ്പ് ലംഘിച്ചാല്‍ താനും വി.എം. സുധീരനും നാട്ടുകാരോടൊപ്പം സമരത്തിനുണ്ടാവുമെന്നും സുഗതകുമാരി പറഞ്ഞു. എന്നാല്‍, സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച നാട്ടുകാര്‍ സമരത്തില്‍നിന്ന് പിന്‍മാറാന്‍ തയ്യാറായില്ല.
നേരത്തേ വിളപ്പില്‍ശാലയിലെത്തിയ ഗോപിനാഥന്‍ നായര്‍ ഈ സമയം സമരസമിതി നേതാക്കളുമായി ചര്‍ച്ച നടത്തി.നേതാക്കളെത്തി സുഗതകുമാരിയെയും ചര്‍ച്ച നടക്കുന്ന സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോയി.
അരമണിക്കൂര്‍ നീണ്ട ചര്‍ച്ചയ്‌ക്കൊടുവില്‍ വേദിയില്‍ തിരിച്ചെത്തി തീരുമാനങ്ങള്‍ പ്രഖ്യാപിച്ചു. 19-ന് ഹൈക്കോടതി കേസ് പരിഗണിക്കുമ്പോള്‍ വിളപ്പില്‍ ശാലയിലെ മാലിന്യസംസ്‌കരണ പ്ലാന്റ് പൂട്ടുന്നതിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ് മൂലം സമര്‍പ്പിക്കും. മന്ത്രിയുമായി ഫോണില്‍ ചര്‍ച്ച നടത്തിയാണ് ഈ തീരുമാനം പറഞ്ഞത്.
കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള മാലിന്യസംസ്‌കരണ കേന്ദ്രം അടച്ച് പൂട്ടുന്നതിനുള്ള അന്തിമ തീരുമാനമെടുക്കേണ്ടത് കോര്‍പ്പറേഷന്‍ ഭരണസമിതയാണെന്നായിരുന്നു ചര്‍ച്ചയില്‍ വന്ന പ്രധാന നിര്‍ദേശം. സമരം അവസാനിപ്പിക്കാന്‍ തയാറാവാത്തതിനാല്‍ പിണറായി വിജയനുമായും മേയറുമായും ചര്‍ച്ച നടത്തുമെന്നറിയിച്ച് ഇവര്‍ മടങ്ങുകയായിരുന്നു.
സര്‍ക്കാര്‍ ബദല്‍ സംവിധാനം ഏര്‍പ്പെടുത്തുകയാണെങ്കില്‍ വിളപ്പില്‍ശാലയിലേക്ക് മാലിന്യം കൊണ്ടു പോകുന്ന കാര്യത്തില്‍ നിര്‍ബന്ധമില്ലെന്ന് മേയര്‍. കെ. ചന്ദ്രിക ചര്‍ച്ചയില്‍ അറിയിച്ചു. എന്നാല്‍, കോടതിയില്‍ നടക്കുന്ന കേസ് പിന്‍വലിക്കുന്ന കാര്യത്തില്‍ ഒറ്റയ്ക്ക് തീരുമാനമെടുക്കാനാവില്ലെന്നും മേയര്‍ അറിയിച്ചു.
തുടര്‍ന്ന് മേയറും സുഗതകുമാരിയും ഗോപിനാഥന്‍ നായരും അടങ്ങുന്ന സംഘം രാത്രി സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ കണ്ടു. മേയറുടെ അഭിപ്രായത്തോട് പാര്‍ട്ടിയും യോജിക്കുകയായിരുന്നു. എന്നാല്‍, കേസ് പിന്‍വലിക്കുന്നത് സംബന്ധിച്ച് തീരുമാനമൊന്നുമായില്ല.