എന്‍.എസ്. ബിജുരാജ്
ബാംഗ്ലൂര്‍: ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചുകൊണ്ട് ചന്ദ്രനില്‍ മഞ്ഞുപാളികളുടെ രൂപത്തില്‍ വന്‍ ജലശേഖരം കണ്ടെത്തി. ചന്ദ്രന്റെ ഉത്തരധ്രുവത്തില്‍ പടുകൂറ്റന്‍ മഞ്ഞുപാളികളുണ്ടെന്ന വിവരം തിങ്കളാഴ്ച അമേരിക്കയുടെ ബഹിരാകാശ ഏജന്‍സിയായ 'നാസ'യാണ് വെളിപ്പെടുത്തിയത്. മാനവചരിത്രത്തിലാദ്യമായി ചന്ദ്രനില്‍ ജലസാന്നിധ്യം സ്ഥിരീകരിച്ച ഇന്ത്യയുടെ ചന്ദ്രയാന്‍ -1 തന്നെയാണ് പുതിയ കണ്ടെത്തലിനും വഴിതെളിച്ചിരിക്കുന്നത്.
ചന്ദ്രന്റെ ഉത്തരധ്രുവത്തിനു ചുറ്റുമുള്ള നാല്പതോളം ഗര്‍ത്തങ്ങളിലായി ഏകദേശം 60 കോടി ടണ്‍ ജലം മഞ്ഞുരൂപത്തില്‍ ഉറഞ്ഞുകിടക്കുന്നതായാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ചന്ദ്രയാന്‍- 1ല്‍ ഉണ്ടായിരുന്ന നാസയുടെ നിരീക്ഷണ ഉപകരണമായ മിനി-സാര്‍ (മിനി സിന്തറ്റിക് അപ്പേര്‍ച്ചര്‍ റഡാര്‍) ശേഖരിച്ച ചിത്രങ്ങളും വിവരങ്ങളും വിശകലനം ചെയ്യുന്നതിനിടെയാണ് വിസ്മയിപ്പിക്കുന്നത്ര വലിയ ജലശേഖരം തിരിച്ചറിഞ്ഞത്. രണ്ടു മുതല്‍ 15 വരെ കിലോമീറ്റര്‍ വ്യാസമുള്ള ഇരുട്ടു നിറഞ്ഞ ഗര്‍ത്തങ്ങളുടെ അടിയിലും പാര്‍ശ്വഭിത്തികളിലുമാണ് മഞ്ഞുപാളികളുടെ ശേഖരമുള്ളത്. ഈ പാളികള്‍ക്ക് 2-3 മീറ്റര്‍ കനമുണ്ടെന്നാണ് പ്രാഥമിക നിഗമനമെന്ന് വിശകലനസംഘത്തിലുള്ള ചന്ദ്രയാന്‍ -1ന്റെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് പ്രൊഫ. ജിതേന്ദ്രനാഥ് ഗോസ്വാമി 'മാതൃഭൂമി'യോട് പറഞ്ഞു. 13 അംഗ ശാസ്ത്രസംഘത്തില്‍ ഐ.എസ്.ആര്‍.ഒ.യെ പ്രതിനിധാനംചെയ്ത് ഗോസ്വാമിയെക്കൂടാതെ സ്‌പേസ് ആപ്ലിക്കേഷന്‍ സെന്ററിലെ ഡോ.എം. ചക്രവര്‍ത്തിയുമുണ്ട്.
ചന്ദ്രന്റെ ഉപരിതലത്തില്‍ ഭൂമിയിലേതുപോലെതന്നെ ജലരൂപവത്കരണവും ശേഖരണവും സംരക്ഷണവും നിരന്തരം നടക്കുന്നുണ്ടെന്നതിന്റെ വ്യക്തമായ തെളിവാണ് പുതിയ കണ്ടെത്തലെന്ന് പ്രൊഫ. ജിതേന്ദ്രനാഥ് ഗോസ്വാമി ചൂണ്ടിക്കാട്ടി. ചന്ദ്രന്റെ ധ്രുവപ്രദേശങ്ങളില്‍ ഒരിക്കലും സൂര്യപ്രകാശം എത്താറില്ല. എപ്പോഴും ഇരുണ്ടുകിടക്കുന്ന ഈ പ്രദേശത്ത് അതിശൈത്യമാണ്. പൂജ്യത്തിനും 248 ഡിഗ്രി സെല്‍ഷ്യസ് താഴെയാണ് താപനില. ഇതാണ് ചന്ദ്രോപരിതലത്തില്‍ ഉരുത്തിരിയുന്ന ജലാംശം വലിയതോതില്‍ മഞ്ഞുരൂപത്തില്‍ ഉത്തരധ്രുവത്തില്‍ ശേഖരിക്കപ്പെടാന്‍ കാരണം. ചിലയിടങ്ങളില്‍ മണ്ണുപാളിയുടെ അടിയിലാണ് മഞ്ഞുള്ളത്.
ചന്ദ്രയാന്‍ - 1ല്‍ മിനി സാറിനൊപ്പം ഉണ്ടായിരുന്ന നാസയുടെ തന്നെ മൂണ്‍ മിനറോളജിക്കല്‍ മാപ്പറാണ് (എം - 3) മാസങ്ങള്‍ക്കു മുമ്പ് ചന്ദ്രനില്‍ ജലസാന്നിധ്യത്തെക്കുറിച്ച് വ്യക്തമായ സൂചന നല്‍കിയത്. ഐ.എസ്.ആര്‍.ഒ. ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറക്കിയ മൂണ്‍ ഇംപാക്ട് പ്രോബ് (എം.ഐ.പി.) ഇത് സ്ഥിരീകരിക്കുകയും ചെയ്തു. എങ്കിലും ജലസാന്നിധ്യം നാമമാത്രമാണെന്നായിരുന്നു ധാരണ. പത്ത് ടണ്‍ പാറപ്പൊടിയില്‍ നിന്നു പരമാവധി അരലിറ്റര്‍ ജലം കിട്ടുമെന്നായിരുന്നു അന്നത്തെ കണക്ക്.
എന്നാലിപ്പോള്‍ കോടിക്കണക്കിന് ടണ്‍ ജലം കണ്ടെത്താനായത് ചന്ദ്രനിലേക്ക് കുടിയേറുകയെന്ന മനുഷ്യന്റെ സ്വപ്നം യാഥാര്‍ഥ്യമാകാനുള്ള വഴി കുറച്ചുകൂടി സുഗമമാക്കിയിരിക്കുകയാണെന്നും പ്രൊഫ. ഗോസ്വാമി അഭിപ്രായപ്പെട്ടു.
386 കോടി രൂപ ചെലവിട്ട് 2008 ഒക്ടോബര്‍ 22നാണ് ഇന്ത്യ ചന്ദ്രയാന്‍ -1നെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍നിന്ന് ബഹിരാകാശത്തേക്ക് തൊടുത്തുവിട്ടത്. ഭൂമിയുമായുള്ള വാര്‍ത്താവിനിമയ ബന്ധം പൂര്‍ണമായും നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് 2009 ആഗസ്ത് 29ന് ഈ ദൗത്യം ഉപേക്ഷിക്കേണ്ടിവന്നു. എങ്കിലും മനുഷ്യന് എന്നും കൗതുകമായ അമ്പിളിയമ്മാവനെക്കുറിച്ച് വിസ്മയിപ്പിക്കുന്ന കണ്ടെത്തലുകളിലേക്കുള്ള വലിയ കവാടം തുറന്നിടുകയാണ്, ഇപ്പോഴും ലക്ഷ്യംതെറ്റി ബഹിരാകാശത്തലയുന്ന ആ കൊച്ചുപേടകം വെറും പത്തുമാസംകൊണ്ട് ചെയ്തത്.
N-{µ-bm³þkv-s]-jy t]Pvv