വധക്കേസ്സില്‍ മൊഴി നല്‍കാനെത്താത്ത മജിസ്‌ട്രേട്ടിന് കാരണംകാണിക്കല്‍ നോട്ടീസ്

Posted on: 03 Mar 2010



തിരുവനന്തപുരം: വധക്കേസ്സില്‍ തുടര്‍ച്ചയായി സാക്ഷിമൊഴി നല്‍കാന്‍ ഹാജരാകാത്ത മജിസ്‌ട്രേട്ടിന് കാരണംകാണിക്കല്‍ നോട്ടീസ് അയയ്ക്കാന്‍ തിരുവനന്തപുരം ഒന്നാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി പി.സോമരാജന്‍ ഉത്തരവിട്ടു. മാര്‍ച്ച് നാലിന് കോടതിയില്‍ നേരില്‍ ഹാജരായി മജിസ്‌ട്രേട്ട് മൊഴി നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

കായംകുളം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് ജ്യോതിസ്‌ബെന്നിനാണ് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയത്. വധക്കേസ്സിലെ ദൃക്‌സാക്ഷിയുടെ മൊഴി ഈ മജിസ്‌ട്രേട്ട് നേരത്തെ രേഖപ്പെടുത്തിയിരുന്നു. ഇതിനെസംബന്ധിച്ച് ചോദിക്കാനാണ് 26-ാം സാക്ഷിയായ മജിസ്‌ട്രേട്ടിനോട് ഹാജരാകാന്‍ ജഡ്ജി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, തുടര്‍ച്ചയായി കോടതി ഉത്തരവ് പാലിക്കുന്നതില്‍ മജിസ്‌ട്രേട്ട് വീഴ്ച വരുത്തിയതിനെത്തുടര്‍ന്നായിരുന്നു നടപടി.

ഇതേ കേസ്സില്‍ സാക്ഷിമൊഴി നല്‍കാതെ മുങ്ങിനടക്കുന്ന കന്‍േറാണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ.എസ്.ഗോപകുമാര്‍, മുന്‍ പൂന്തുറ സി.ഐ. ഇ.എന്‍.സുരേഷ് എന്നിവരെ അറസ്റ്റ്‌ചെയ്ത് ഹാജരാക്കാനും കോടതി ഉത്തരവിട്ടു. വലിയതുറ സ്വദേശി ബിനുവിനെ അയല്‍വാസികളായ ശശികുമാര്‍, അമ്പിളി എന്നിവര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയെന്ന കേസ്സിന്റെ വിചാരണയ്ക്കിടയിലാണ് ഉത്തരവുണ്ടായത്. 2005 ഫിബ്രവരി ആറിനായിരുന്നു കേസിനാസ്​പദമായ കൊല നടന്നത്.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/