ഇന്ധന വിലവര്‍ധന: കോണ്‍ഗ്രസ് നിലപാട് വ്യാഴാഴ്ച

Posted on: 03 Mar 2010



ന്യൂഡല്‍ഹി: പെട്രോളിയം ഉത്പന്നങ്ങളുടെ വിലവര്‍ധന പിന്‍വലിക്കുന്നതു സംബന്ധിച്ച് കോണ്‍ഗ്രസ് ഉന്നതാധികാര സമിതിയില്‍ തീരുമാനമായില്ല. വ്യാഴാഴ്ച നടക്കുന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ യു.പി.എ. അധ്യക്ഷ സോണിയാഗാന്ധി നടത്തുന്ന പ്രസംഗത്തില്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാകും.

വര്‍ധിപ്പിച്ച വില പിന്‍വലിക്കണമെന്ന് ഡി.എം.കെ.യും തൃണമൂല്‍ കോണ്‍ഗ്രസ്സും ചൊവ്വാഴ്ച നടന്ന ഉന്നതാധികാര സമിതി യോഗത്തില്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ സ്വീകരിക്കേണ്ട നിലപാട് സമിതി ചര്‍ച്ച ചെയ്തു. പെട്രോളിയം ഉത്പന്നങ്ങളുടെ വിലവര്‍ധനയെയും ബജറ്റ് നിര്‍ദേശങ്ങളെയും കുറിച്ച് ധനമന്ത്രി പ്രണബ് മുഖര്‍ജി ബുധനാഴ്ച കോണ്‍ഗ്രസ് എം.പി.മാരോട് വിശദീകരിക്കും. വ്യാഴാഴ്ച നടക്കുന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സോണിയാഗാന്ധി ഇക്കാര്യത്തെക്കുറിച്ച് വിശമായി സംസാരിക്കും. വിലവര്‍ധന പിന്‍വലിക്കണമെന്ന ആവശ്യത്തെക്കുറിച്ചുള്ള കോണ്‍ഗ്രസ്സിന്റെ നിലപാട് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലെ സോണിയാഗാന്ധിയുടെ പ്രസംഗത്തില്‍ വ്യക്തമാക്കുമെന്നാണ് അറിയുന്നത്.

വിലവര്‍ധന പിന്‍വലിക്കില്ലെന്ന് പ്രധാനമന്ത്രിയും ധനമന്ത്രിയും വ്യക്തമാക്കിയിരുന്നു. എന്നാല്‍ വിലവര്‍ധനയുടെ പ്രത്യാഘാതങ്ങളെപ്പറ്റി കോണ്‍ഗ്രസ് വിലയിരുത്തിവരികയാണ്. ഡീസലിന്റെ വിലയില്‍ ചെറിയ കുറവ് വരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകുമെന്ന സൂചനയുണ്ട്.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/