നസീറിനെ ബസ്സ്റ്റാന്‍ഡുകളില്‍ എത്തിച്ച് തെളിവെടുത്തു

Posted on: 03 Mar 2010




കോഴിക്കോട്: കോഴിക്കോട് ബസ്സ്റ്റാന്‍ഡ് സ്‌ഫോടനക്കേസിലെ മുഖ്യപ്രതിയും ലഷ്‌കര്‍ ഭീകരനുമായ തടിയന്റവിട നസീറിനെ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ തെളിവെടുപ്പിനെത്തിച്ചു.

സ്‌ഫോടനം നടന്ന കെ.എസ്.ആര്‍.ടി.സി. ബസ്സ്റ്റാന്‍ഡ്, മൊഫ്യൂസില്‍ ബസ്സ്റ്റാന്‍ഡ്, സ്‌ഫോടനത്തിന് തൊട്ടുമുമ്പ് നസീറുംസംഘവും സന്ദര്‍ശിച്ച മാവൂര്‍റോഡിലെ മര്‍ക്കസ് പള്ളി, പാളയം പട്ടാളപ്പള്ളി, കല്ലായ് റോഡിലെ എം.സി.സി. ബാങ്ക് പരിസരം എന്നിവിടങ്ങളിലാണ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.) സൂപ്രണ്ട് ടി.കെ. രാജ്‌മോഹന്റെ നേതൃത്വത്തില്‍ നസീറിനെ തെളിവെടുപ്പിന് എത്തിച്ചത്.

സ്‌ഫോടനം നടന്ന ദിവസം കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡ്പരിസരത്ത് അസ്വാഭാവിക പെരുമാറ്റത്തോടെ ഒരു യുവാവിനെ കണ്ടുവെന്ന് നേരത്തേ പോലീസിനോട് പറഞ്ഞ രണ്ട് സാക്ഷികളെയും ചൊവ്വാഴ്ച എന്‍.ഐ.എ. സംഘം ചോദ്യംചെയ്തു.

2006 മാര്‍ച്ച് മൂന്ന് ഉച്ചയ്ക്ക് 12.40നും 1.05നുമായാണ് കെ.എസ്.ആര്‍.ടി.സി. ബസ്സ്റ്റാന്‍ഡിലും മൊഫ്യൂസില്‍ ബസ്സ്റ്റാന്‍ഡിലുമായി ടൈംബോംബ് സ്‌ഫോടനം നടന്നത്. ഇവിടെ സ്‌ഫോടനം നടക്കുന്നതിന് തൊട്ടുമുമ്പ് മര്‍ക്കസ് പള്ളിയില്‍ ഒത്തുകൂടിയിരുന്നുവെന്ന് കേസിലെ ഏഴാം പ്രതിയായ ഷമ്മി ഫിറോസ് സൗദിയില്‍നിന്ന് ഇ-മെയില്‍ മുഖേന ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘത്തിന് നേരത്തേ മൊഴിനല്‍കിയിരുന്നു. ഇത് സ്ഥിരീകരിക്കാനാണ് നസീറിനെ പള്ളിയില്‍ എത്തിച്ചത്.

എന്നാല്‍, പാളയം പട്ടാളപ്പള്ളിയിലും എം.സി.സി. ബാങ്ക് പരിസരത്തും നസീര്‍ എത്തിയതിനെക്കുറിച്ച് നേരത്തേ കേസന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘത്തിന് വിവരം ലഭിച്ചിരുന്നില്ല. ഇത്തരമൊരു മൊഴി കേസിലെ മൂന്നാംപ്രതിയായ മുഹമ്മദ് ആലിമില്‍നിന്ന് ലഭിച്ചിട്ടുമില്ല.

തിങ്കളാഴ്ച വെസ്റ്റ്ഹില്‍ റസ്റ്റ് ഹൗസില്‍ നടന്ന ചോദ്യം ചെയ്യലില്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഈ രണ്ട് സ്ഥലങ്ങളിലും നസീറിനെ തെളിവെടുപ്പിന് എത്തിച്ചത്.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/