ജസ്റ്റിസ് ദിനകരന്റെ സ്ഥാനക്കയറ്റം: മറുപടി നല്‍കാനാവില്ലെന്ന് സുപ്രീംകോടതി
Posted on: 03 Mar 2010
ന്യൂഡല്‍ഹി: കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ്പി.ഡി. ദിനകരനെ സുപ്രീംകോടതി ജഡ്ജിയാക്കാനുള്ള തീരുമാനം സംബന്ധിച്ച് വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ സുപ്രീംകോടതി വിസമ്മതിച്ചു. ദിനകരന്‍ ഭൂമി കൈയേറി എന്ന ആരോപണത്തെത്തുടര്‍ന്ന് ഈ തീരുമാനം മരവിപ്പിച്ചിരിക്കുകയാണ്.
ജസ്റ്റിസ് ദിനകരന്റെ സ്ഥാനക്കയറ്റം സംബന്ധിച്ച വിവരങ്ങള്‍ രഹസ്യസ്വഭാവമുള്ളവയാണെന്ന് സുപ്രീംകോടതി അഡീഷണല്‍ റജിസ്ട്രാര്‍ രാജ്പാല്‍ അറോറ പറഞ്ഞു. നിയമത്തിലെ 8(i) (e) അനുച്ഛേദമനുസരിച്ച് പൊതുജനങ്ങളോട് വെളിപ്പെടുത്തുന്നതില്‍നിന്ന് ഒഴിവാക്കപ്പെട്ട വിവരമാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി. വിവരാവകാശ നിയമ പ്രവര്‍ത്തകന്‍ സുഭാഷ് അഗര്‍വാളാണ് ജസ്റ്റിസ് ദിനകരന്റെ സ്ഥാനാരോഹണം സംബന്ധിച്ച കാര്യങ്ങള്‍ അറിയാന്‍ സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കിയത്.
ദിനകരന്റെ പേര് സുപ്രീംകോടതി ജഡ്ജിയുടെ സ്ഥാനത്തേക്ക് നിര്‍ദേശിക്കുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ സഹപ്രവര്‍ത്തകരുമായി കൂടിയാലോചിക്കണമെന്ന 1993-ലെ സുപ്രീംകോടതി വിധി സുപ്രീംകോടതി ചീഫ്ജസ്റ്റിസ് അനുസരിച്ചിരുന്നോ എന്ന് അഗര്‍വാള്‍ ചോദിച്ചിരുന്നു.
ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വെളിപ്പെടുത്തുന്നതിനുള്ള വിവരാവകാശ കമ്മീഷന്റെ നിര്‍ദേശങ്ങള്‍ സുപ്രീംകോടതി സ്റ്റേ ചെയ്തിരിക്കുകയാണെന്നും സുപ്രീംകോടതി മറുപടിയില്‍ ബോധിപ്പിച്ചു.
അപേക്ഷയില്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ കേന്ദ്ര പൊതു വിവര ഓഫീസറുടെ കീഴില്‍ വരുന്നതല്ലെന്നും അതിനാല്‍ വിവരാവകാശ നിയമപ്രകാരം അപേക്ഷയിലെ വിവരങ്ങള്‍ നല്‍കാനാവില്ലെന്നും മറുപടി വ്യക്തമാക്കുന്നു.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam