സി.പി.എം. സ്തൂപം പൊളിക്കാന്‍ ശ്രമിച്ച സി.ഐ.യെ സ്ഥലംമാറ്റി

Posted on: 03 Mar 2010



കണ്ണൂര്‍: വളപട്ടണം സി.ഐ. ടി.ബി.വിജയനെ തിരുവനന്തപുരം പോലീസ് ആസ്ഥാനത്തേക്ക് സ്ഥലംമാറ്റി. തിങ്കളാഴ്ച വൈകിട്ട് വയര്‍ലസ് സന്ദേശത്തിലൂടെയാണ് സ്ഥലംമാറ്റ ഉത്തരവെത്തിയത്. രാഷ്ട്രീയ പ്പാര്‍ട്ടികള്‍ വഴിയരികില്‍ സ്ഥാപിച്ച സ്തൂപങ്ങള്‍ അക്രമങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായിപൊളിച്ചുമാറ്റാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് സി.പി.എമ്മിന്റെ ഇരിണാവ് കച്ചേരിത്തറയിലെ സ്തൂപം പൊളിക്കാന്‍ പോലീസ് ശ്രമിച്ചിരുന്നു. ഇതാണ് സ്ഥലംമാറ്റത്തിന് ഇടയാക്കിയതെന്നാണ് സൂചന.

ഫിബ്രവരി 22 ന് രാത്രി പാപ്പിനിശ്ശേരി ഇല്ലിപ്പുറത്തുണ്ടായ അക്രമസംഭവങ്ങളെ തുടര്‍ന്നാണ്‌സ്തൂപം പൊളിക്കാന്‍ പോലീസ് തീരുമാനിച്ചത്. ബോട്ട്‌ജെട്ടി മുതല്‍ ഇല്ലിപ്പുറംവരെ സി.പി.എം., മുസ്‌ലിം ലീഗ്, കോണ്‍ഗ്രസ്, നാഷനല്‍ ലീഗ് എന്നിവര്‍ സ്ഥാപിച്ച സ്തൂപങ്ങള്‍ പോലീസ് ജെ.സി.ബി. ഉപയോഗിച്ച് പൊളിച്ചുനീക്കി.

തുടര്‍ന്നാണ് കച്ചേരിത്തറയിലുള്ള സി.പി.എം. സ്തൂപം പൊളിക്കാന്‍ ജെ.സി.ബി. യുമായി പോലീസ് എത്തിയത്. സ്തൂപം പൊളിക്കുന്നത് പ്രാദേശിക നേതാക്കളുടെ നേതൃത്വത്തില്‍ സി.പി.എം. പ്രവര്‍ത്തകര്‍ തടഞ്ഞു. പോലീസും സി.പി.എം. പ്രവര്‍ത്തകരും തമ്മില്‍ ഉന്തുംതള്ളും വാക്കേറ്റവും നടന്നു. ജെ.സി.ബി. യുടെ ചില്ലുംതകര്‍ത്തു. സ്തൂപം തകര്‍ക്കാതെ പോലീസ് പിന്‍വാങ്ങിയതോടെയാണ് മൂന്ന്മണിക്കൂറോളംനീണ്ട സംഘര്‍ഷാവസ്ഥ അവസാനിച്ചത്. ഡിവൈ.എസ്.പി. മാരായ എന്‍.രാജേഷ്, എസ്.ശശിധരന്‍, സി.ഐ. മാരായ ടി.ബി.വിജയന്‍, സി.എച്ച്.ഷാജി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പോലീസ് എത്തിയത്. ശ്രീകണ്ഠപുരം സി.ഐ. പ്രിന്‍സ് എബ്രഹാമിനെയാണ് വളപട്ടണത്തേക്ക് നിയോഗിച്ചിട്ടുള്ളത്.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/