വിലക്കയറ്റം ചര്‍ച്ചയായി; അരി മറിച്ചുവിറ്റെന്നാരോപിച്ച് ഇറങ്ങിപ്പോക്ക്
Posted on: 03 Mar 2010
തിരുവനന്തപുരം: തുടര്‍ച്ചയായ രണ്ടാംദിവസവും അടിയന്തരപ്രമേയ ചര്‍ച്ചയ്‌ക്കൊടുവില്‍ പ്രതിപക്ഷത്തിന്റെ ഇറങ്ങിപ്പോക്ക്.
ആര്യാടന്‍ മുഹമ്മദ് (കോണ്‍ഗ്രസ്) നോട്ടീസ് നല്‍കിയ വിലക്കയറ്റം സംബന്ധിച്ച അടിയന്തര പ്രമേയത്തിന്റെ ചര്‍ച്ചയ്‌ക്കൊടുവിലാണ് സ്‌കൂള്‍ കുട്ടികളുടെ ഉച്ചക്കഞ്ഞിക്കുള്ള അരിപോലും മറിച്ചുവിറ്റ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിട്ടത്.
മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തില്‍ വിലക്കയറ്റം കുറവാണെന്നും ഇവിടെ എല്ലാവരും സന്തുഷ്ടരാണെന്നുമായിരുന്നു ചര്‍ച്ചകള്‍ക്ക് മന്ത്രി സി.ദിവാകരന്റെ മറുപടി.
ഉച്ചക്കഞ്ഞിക്ക് കേന്ദ്രസര്‍ക്കാര്‍ സൗജന്യമായി നല്‍കിയ അരി ആറ് രൂപ 90 പൈസയ്ക്ക് വില്‍ക്കാന്‍ സിവില്‍ സപ്ലൈസ് ഡയറക്ടര്‍ അനുമതി ചോദിച്ചപ്പോള്‍ 14 രൂപയ്ക്ക് വില്‍ക്കാന്‍ നിര്‍ദ്ദേശിച്ച മന്ത്രി സി.ദിവാകരനാണ് ഇവിടെ എല്ലാവരും സന്തുഷ്ടരാണെന്ന് പ്രഖ്യാപിക്കുന്നതെന്നായിരുന്നു പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയുടെ തിരിച്ചടി.
എങ്ങനെയെങ്കിലും ഒരു ഇറങ്ങിപ്പോക്ക് നടത്താന്‍ പ്രതിപക്ഷം ഒരുങ്ങിയിരിക്കുകയാണെന്നും ചര്‍ച്ച നടന്ന സ്ഥിതിക്ക് അത് വൈകിക്കേണ്ടെന്നുമായിരുന്നു മുഖ്യമന്ത്രി വി.എസ്സിന്റെ ഉപദേശം. വിലക്കയറ്റം സംബന്ധിച്ച മന്ത്രിയുടെ വിശദീകരണം വന്നതോടെ പ്രതിപക്ഷത്തിന് മറുപടി ഇല്ലാതായെന്നും വി.എസ്. പറഞ്ഞു. കേന്ദ്രം തന്ന അരി മറിച്ചുവിറ്റതിന്റെ രേഖകളുണ്ടെന്ന് പ്രതിപക്ഷം പറഞ്ഞപ്പോള്‍ നിങ്ങളുടെ കൈയിലുള്ള രേഖകള്‍ സ്പീക്കര്‍ക്ക് നല്‍കുക. ഞങ്ങളുടെ കൈയിലുള്ള രേഖകള്‍ ഞങ്ങളും നല്‍കാം. അതിനുശേഷം പരിശോധിക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഇതില്‍ തൃപ്തരാകാതെയായിരുന്നു പ്രതിപക്ഷത്തിന്റെ ഇറങ്ങിപ്പോക്ക്.
സ്‌കൂള്‍ കുട്ടികള്‍ക്ക് ഉച്ചക്കഞ്ഞി നല്‍കുന്നതിന് സൗജന്യമായി കേന്ദ്രസര്‍ക്കാര്‍ തന്ന അരിപോലും സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ വഴി കിലോയ്ക്ക് 14 രൂപ നിരക്കില്‍ മറിച്ചുവിറ്റുവെന്നായിരുന്നു അടിയന്തരപ്രമേയം അവതരിപ്പിച്ച ആര്യാടന്‍ മുഹമ്മദിന്റെ ആരോപണം. കേന്ദ്രസര്‍ക്കാര്‍ ജനങ്ങളെ സഹായിക്കാന്‍ തന്ന ഭക്ഷ്യവസ്തുക്കള്‍ വിറ്റ് കൊള്ളലാഭം ഉണ്ടാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചതെന്നും ഇതാണ് വിലക്കയറ്റത്തിന് കാരണമെന്നും ആര്യാടന്‍ പറഞ്ഞു.
സ്‌കൂള്‍ കുട്ടികള്‍ക്ക് ഉച്ചക്കഞ്ഞിക്കൊപ്പം നല്‍കാന്‍ കേന്ദ്രം നല്‍കിയ പയര്‍ മറിച്ചുവിറ്റുവെന്ന പ്രതിപക്ഷത്തിന്റെ ആരോപണം ശരിയല്ലെന്ന് മന്ത്രി സി.ദിവാകരന്‍ മറുപടി നല്‍കി. കേന്ദ്രം പയര്‍ നല്‍കുന്നില്ല. പൊതുവിപണിയില്‍നിന്ന് കേരള സര്‍ക്കാര്‍ വാങ്ങിയാണ് കുട്ടികള്‍ക്ക് നല്‍കുന്നത്. അരി മറിച്ചുവിറ്റെന്ന് പറയുന്നതും ശരിയല്ല. 2002 മുതല്‍ നടക്കുന്ന കാര്യമാണിത്. സംഭരിച്ച അരി ചീത്തയാകാതിരിക്കാന്‍ പഴയ അരി മാറ്റുക മാത്രമാണ് ചെയ്തത്. അഴിമതി അവസാനിപ്പിക്കുകയും കെടുകാര്യസ്ഥത നീക്കുകയും ചെയ്തതോടെയാണ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ലാഭത്തിലായതെന്നും മന്ത്രി പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ പെട്രോള്‍ വിലവര്‍ധനയാണ് വിലക്കയറ്റത്തിന് കാരണമെന്ന് പറയുന്ന എല്‍.ഡി.എഫ്. സര്‍ക്കാര്‍ അതുവഴി കേരളത്തിന് ലഭിക്കുന്ന അധികവരുമാനം വേണ്ടെന്ന് വെയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി പറഞ്ഞു. പെട്രോള്‍ വിലവര്‍ധനയെ രൂക്ഷമായി എതിര്‍ക്കുകയും വിലവര്‍ധനയുടെ ആനുകൂല്യം അനുഭവിക്കുകയും ചെയ്യുന്നത് ശരിയല്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
പെട്രോള്‍ വിലവര്‍ധന വഴി കേരളത്തില്‍നിന്നുംതന്നെ 1600 കോടി രൂപ കേന്ദ്രം അധികമായി നേടുമ്പോള്‍ കേരളത്തിന് ലഭിക്കുന്ന 150 കോടി രൂപയുടെ അധികവരുമാനം വേണ്ടെന്നുവെയ്ക്കണമെന്ന വാദം സ്വീകാര്യമല്ലെന്നായിരുന്നു മന്ത്രി ഡോ. തോമസ് ഐസക്കിന്റെ മറുപടി. അന്തര്‍ദ്ദേശീയ വിപണിയില്‍ പെട്രോളിന്റെ വില കൂടിയതുകൊണ്ടല്ല, കേന്ദ്ര സര്‍ക്കാരിന് വിഭവസമാഹരണം നടത്താനാണ് പെട്രോള്‍ വില കൂട്ടിയതെന്നും മന്ത്രി പറഞ്ഞു.
എം.പ്രകാശന്‍, പി.വിശ്വന്‍, കെ.എസ്.സലീഖ, സാജുപോള്‍ (സി.പി.എം), കെ.ബാബു (കോണ്‍ഗ്രസ്), കുട്ടി അഹമ്മദ്കുട്ടി (മുസ്‌ലിംലീഗ്), വി.എസ്.സുനില്‍കുമാര്‍ (സി.പി.ഐ), ജോസഫ് എം. പുതുശ്ശേരി (കേരള കോണ്‍ഗ്രസ്-എം), മോന്‍സ് ജോസഫ് (കേരള കോണ്‍ഗ്രസ്-ജെ), കെ.കെ.ഷാജു (ജെ.എസ്.എസ്), എ.എ.അസീസ് (ആര്‍.എസ്.പി), തോമസ്ചാണ്ടി (എന്‍.സി.പി), പി.എം.എ.സലാം (ഐ.എന്‍.എല്‍) എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.