വിളക്കുപാറ വനത്തില്‍ കാട്ടുതീ

Posted on: 03 Mar 2010



സീതത്തോട് (പത്തനംതിട്ട): ഗൂഡ്രിക്കല്‍ ഫോറസ്റ്റ്‌റേഞ്ചിലെ കൊച്ചുകോയിക്കല്‍ ഫോറസ്റ്റ്‌സ്റ്റേഷനതിര്‍ത്തിയിപ്പെട്ട വിളക്കുപാറ വനത്തില്‍ വന്‍ കാട്ടുതീ. ചൊവ്വാഴ്ച ഉച്ചയോടെ പടര്‍ന്നുപിടിച്ച തീ രാത്രി വൈകിയും ശക്തിയായി കത്തുകയാണ്. ഏക്കര്‍കണക്കിന് പ്രദേശങ്ങളിലെ അടിക്കാട് പൂര്‍ണമായും കത്തിക്കരിഞ്ഞു. ധാരാളം മരങ്ങളും നിരവധി ചെറുമൃഗങ്ങളും വെന്ത് വെണ്ണീറായിട്ടുണ്ട്. ഗൂഡ്രിക്കല്‍ വനമേഖലയില്‍ ഇത്തവണ ഉണ്ടായ ഏറ്റവും ശക്തമായ കാട്ടുതീയാണിതെന്ന് പറയുന്നു.

കൊച്ചാണ്ടി വനമേഖലയില്‍നിന്നാണ് പ്രദേശത്ത് കാട്ടുതീ പടര്‍ന്നതെന്ന് കരുതുന്നു. മലയുടെ അടിവാരത്ത് നിന്നാണ് ഇവിടേക്ക് തീ പടര്‍ന്നതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ചൊവ്വാഴ്ച രാത്രി വൈകി കിലോമീറ്ററുകള്‍ ദൂരെ നിന്നുതന്നെ കാട്ടുതീ ദൃശ്യമായിരുന്നു. ചെങ്കുത്തായ മലയുടെ മുകള്‍വശമായതിനാല്‍ പെട്ടെന്നൊന്നും ഇവിടെയെത്തി അഗ്‌നിബാധ നിയന്ത്രിക്കാന്‍ സാധ്യമല്ല. വനമേഖലയുടെ സമീപത്തുള്ള കൃഷിസ്ഥലങ്ങളിലേക്ക് തീ പടരാതിരിക്കാന്‍ രാത്രി വൈകിയും കര്‍ഷകര്‍ ശ്രമം നടത്തുന്നുണ്ട്.

കാട്ടുതീ പടരാതിരിക്കാനായി വനംവകുപ്പ് നടപ്പിലാക്കുന്ന ഫയര്‍ലൈന്‍ തെളിക്കല്‍ മിക്കപ്പോഴും റോഡ്‌വക്കുകളില്‍ മാത്രമായി ഒതുങ്ങുന്നതാണ് ഉള്‍വനങ്ങളില്‍ തീപിടിത്തത്തിന് കാരണമാകുന്നത്. വേനല്‍ക്കാലത്ത് വനസംരക്ഷണ പ്രവര്‍ത്തകരുടെകൂടി സഹകരണത്തോടെ വനമേഖലയില്‍ ശക്തമായ പട്രോളിങ് ഇല്ലാത്തതും കാട്ടുതീ നാശം വിതയ്ക്കാന്‍ കാരണമാകുന്നുണ്ട്
ഉള്‍വനങ്ങളിലുണ്ടാകുന്ന തീപ്പിടിത്തം മിക്കപ്പോഴും ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം ഉണ്ടാക്കുന്നതിനൊപ്പം വന്‍തോതില്‍ വനസമ്പത്തും നശിക്കാനിടയാക്കുന്നുണ്ട്. ചൊവ്വാഴ്ച തീപ്പിടിത്തമുണ്ടായ വിളക്കുപാറ മേഖലയിലും ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായാണ് കരുതുന്നത്.


Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/