ദൈവംമേട്ടില്‍ കാട്ടുതീ; വീടുകളും പുല്‍മേടും കൃഷിയിടവും കത്തിനശിച്ചു
Posted on: 03 Mar 2010
തോപ്രാംകുടി (ഇടുക്കി): വാത്തിക്കുടി പഞ്ചായത്തിലെ ദൈവംമേട്ടില്‍ തീ പടര്‍ന്ന് നൂറ്റിയമ്പതോളം ഏക്കര്‍ പുല്‍മേടുകളും ഇരുപതുപേരുടെ കൃഷിയിടങ്ങളും നശിച്ചു. രണ്ടുവീടുകള്‍ പൂര്‍ണമായും മൂന്നുവീടുകള്‍ ഭാഗികമായും കത്തിനശിച്ചു. ചൊവ്വാഴ്ച രാവിലെ പതിനൊന്നുമണിയോടെ മലയടിവാരത്തെ പുല്‍മേട്ടില്‍ പടര്‍ന്ന കാട്ടുതീ ഉച്ചയോടെ കൃഷിയിടങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. വീടുകളിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന്, കൂടുതല്‍ കൃഷിയിടങ്ങളിലേക്ക് തീ വ്യാപിക്കുന്നത് തടഞ്ഞു. പുളിക്കക്കുന്നേല്‍ രാജന്‍, രാജു കുന്നുംപുറത്ത് എന്നിവരുടെ വീടുകളാണ് പൂര്‍ണമായും കത്തിനശിച്ചത്. രമണി പടിഞ്ഞാറെയില്‍, പാപ്പി കുന്നുംപുറത്ത്, ബാബു കുന്നുംപുറത്ത് എന്നിവരുടെ വീടുകള്‍ക്ക് ഭാഗികമായി നാശനഷ്ടമുണ്ടായി. പെരിഞ്ചാംകുട്ടി മലയടിവാരത്തിനും ദൈവംമെട്ടിനും ഇടയിലുള്ള വിശാലമായ പുല്‍മേടിനാണ് തീപിടിച്ചത്. കൃഷിയിടങ്ങളിലെ കുരുമുളക്, കാപ്പി, കൊക്കോ തുടങ്ങിയ വിളകള്‍ കത്തിനശിച്ചു.
ഇടുക്കിയില്‍നിന്നുള്ള ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും മുരിക്കാശ്ശേരിയില്‍നിന്നുള്ള പോലീസ് സംഘവും റവന്യു അധികൃതരും വാത്തിക്കുടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമുള്‍പ്പെടെയുള്ള ജനപ്രതിനിധികളും സ്ഥലം സന്ദര്‍ശിച്ചു. മലമേടിന് സാമൂഹികവിരുദ്ധര്‍ തീയിട്ടതാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. കഴിഞ്ഞവര്‍ഷവും ഇവിടത്തെ പുല്‍മേട്ടില്‍ തീ പടര്‍ന്നിരുന്നു.