പാലക്കാട്: ദേശീയപാത 47 ല്‍ പുതുശ്ശേരി കസബ പോലീസ്‌സ്റ്റേഷനുമുന്നില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ പൊലിഞ്ഞത് രണ്ടുകുടുംബങ്ങളിലെ ഏഴ് ജീവനുകള്‍.
കോയമ്പത്തൂരില്‍ താമസിക്കുന്ന രണ്ടുകുടുംബങ്ങളുടെയും വേരുകള്‍ പാലക്കാട്ടാണ്. കുട്ടിയുടെ ഒന്നാംപിറന്നാള്‍ ആഘോഷിക്കാന്‍ ഗുരുവായൂരിലേക്കുള്ള യാത്രയിലായിരുന്നു അപകടം. സംഭവസ്ഥലത്തുവെച്ചുതന്നെ ആറുപേര്‍ മരിച്ചിരുന്നു. ഗുരുതരപരിക്കുമായി കോയമ്പത്തൂര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ച യുവതിയും മരിച്ചതോടെ മരണസംഖ്യ ഏഴായി.
കോയമ്പത്തൂര്‍ ലൈറ്റ്ഹൗസ് റോഡില്‍ ഹൗസ് നമ്പര്‍ 225 ല്‍ താമസിക്കുന്ന ദിനേഷ്‌കുമാര്‍ (26), ഭാര്യ ദീപ (24), മകള്‍ ലക്ഷ്മിശ്രീ (1), കോയമ്പത്തൂര്‍ വിഘ്‌നേഷ് നഗറില്‍ താമസിക്കുന്ന ശ്രീനിവാസന്‍ (40), ഭാര്യ സരിത (30), മകന്‍ കനിഷ്‌കര്‍ കൃഷ്ണന്‍ (5), വാനിന്റെ ഡ്രൈവര്‍ കോഴിക്കോട് തലക്കലകംപറമ്പില്‍ ഗണേശിന്റെ മകന്‍ മധു (40) എന്നിവരാണ് മരിച്ചത്. സരിത കോയമ്പത്തൂര്‍ ആസ്പത്രിയിലാണ് മരിച്ചത്.
ദിനേഷ്‌കുമാര്‍-ദീപ ദമ്പതിമാരുടെ ഏകമകള്‍ ലക്ഷ്മിശ്രീയുടെ ഒന്നാംപിറന്നാളായിരുന്നു ചൊവ്വാഴ്ച. ഗുരുവായൂരപ്പന്റെ സന്നിധിയില്‍ മകളുടെ പിറന്നാള്‍ ആഘോഷിക്കാനാണ് കുടുംബസുഹൃത്തായ ശ്രീനിവാസന്റെ കുടുംബത്തെയുംകൂട്ടി തിങ്കളാഴ്ച രാത്രി ഗുരുവായൂര്‍ക്ക് പുറപ്പെട്ടത്. കസബസ്റ്റേഷന് മുന്നില്‍വെച്ച് വാന്‍ എതിരെവന്ന ലോറിയിലിടിച്ച് തകരുകയായിരുന്നു. അപകടകാരണം വ്യക്തമല്ല. ഡ്രൈവര്‍ ഉറങ്ങിയതാണെന്ന സംശയം പോലീസിനുണ്ട്.
അപകടത്തില്‍ മരിച്ച ദിനേഷ്‌കുമാറിന്റെ അച്ഛന്‍ രാജ് പാലക്കാട് മഞ്ഞളൂര്‍ സ്വദേശിയായിരുന്നു. സ്വര്‍ണപ്പണിക്കാരനായ രാജ് വര്‍ഷങ്ങള്‍ക്കുമുമ്പ് കോയമ്പത്തൂരിലേക്ക് ജീവിതം പറിച്ചുനട്ടതാണ്. കോയമ്പത്തൂരില്‍ ജനിച്ചുവളര്‍ന്ന ദിനേഷ്‌കുമാര്‍ ജ്യോത്സ്യനായിരുന്നു.
ദിനേഷ്‌കുമാറിന്റെയും ദീപയുടെയും മകള്‍ ശ്രീലക്ഷ്മിയുടെയും മൃതദേഹം ജില്ലാ ആസ്പത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം കോയമ്പത്തൂരിലേക്കാണ് കൊണ്ടുപോയത്.
പാലക്കാട് മങ്കരപഞ്ചായത്തില്‍ കല്ലൂര്‍ അധികാരത്ത് പത്തായപ്പുര രാഘവന്‍-നാണിക്കുട്ടി ദമ്പതിമാരുടെ മകനാണ് ശ്രീനിവാസന്‍. കോയമ്പത്തൂര്‍ വി.ആര്‍. ഫൗണ്ടറീസ് കാസ്റ്റിങ് അയേണ്‍ കമ്പനിയിലെ ഓഡിറ്ററായിരുന്നു. ശ്രീനിവാസന്റെയും കുടുംബാംഗങ്ങളുടെയും മൃതദേഹം കല്ലൂരിലാണ് സംസ്‌കരിച്ചത്.
ഡ്രൈവര്‍ മധുവിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം സഹോദരന്‍ രാജാമണി ഏറ്റുവാങ്ങി കോയമ്പത്തൂരിലേക്ക് കൊണ്ടുപോയി. കോഴിക്കോട് വെസ്റ്റ്ഹില്‍ റീജണല്‍ മത്സ്യഫെഡ് ഓഫീസിന് സമീപം തലയ്ക്കകംപറമ്പില്‍ ഗണേശന്‍മേസ്തിരിയുടെയും ദേവിയുടെയും മകനാണ് മധു. ഭാര്യ: അമൃത. മകന്‍: വിഷ്ണു. സഹോദരങ്ങള്‍: ബാബുരാജ്, മണി, കൃഷ്ണദാസ്, രജിത, ബിന്ദു. കോയമ്പത്തൂര്‍ ഗാന്ധിപാര്‍ക്കിലാണ് മധുവും ഭാര്യയും താമസിച്ചിരുന്നത്. മൃതദേഹം കോയമ്പത്തൂരില്‍നിന്ന് കോഴിക്കോട്ടേക്ക് കൊണ്ടുപോകും. നാലുവര്‍ഷത്തോളമായി കോയമ്പത്തൂരില്‍ ടാക്‌സിഡ്രൈവറാണ് മധു.
പോലീസ്‌സര്‍ജന്‍ ഡോ. പി.ബി. ഗുജ്‌റാളിന്റെ നേതൃത്വത്തിലാണ് ജില്ലാ ആസ്പത്രിയില്‍ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം നടത്തിയത്. തുടര്‍ന്ന് ആസ്പത്രി അങ്കണത്തില്‍ മൃതദേഹം അല്പനേരം പൊതുദര്‍ശനത്തിന്‌വെച്ചു.
എം.ബി. രാജേഷ് എം.പി., തൃശ്ശൂര്‍ മേഖലാ ഐ.ജി. മുഹമ്മദ്‌യാസിന്‍, കളക്ടര്‍ കെ.വി. മോഹന്‍കുമാര്‍, ജില്ലാ പോലീസ് സൂപ്രണ്ട് വിജയ് സാഖറെ തുടങ്ങിയവര്‍ മേല്‍നടപടികള്‍ക്ക് നേതൃത്വം നല്‍കി. മരിച്ച ഓരോരുത്തര്‍ക്കും മരണാനന്തര സഹായമായി ഒരു ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചതായി കളക്ടര്‍ അറിയിച്ചു. അപകടത്തെക്കുറിച്ച് കസബ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുരേന്ദ്രന്‍ അന്വേഷിക്കും.