തിലകന്‍ ഉറച്ചുതന്നെ

Posted on: 03 Mar 2010



ആലപ്പുഴ: ''വിവാദമല്ല ഇപ്പോള്‍ നടക്കുന്നത്, ശരിയായ സംവാദമാണ്. മലയാള സിനിമയുടെ നല്ല ഭാവിക്കു വേണ്ടിയാണ് എന്റെ സമരം...''
ആലപ്പുഴ അര്‍ക്കാഡിയ റീജന്‍സിയിലെ 601-ാം നമ്പര്‍ മുറിയില്‍ നടന്‍ തിലകന്‍ തന്നെ ഫോണിലും നേരിട്ടും ബന്ധപ്പെടുന്നവരോടൊക്കെ പറയുന്നു.

'ഡാം 999' എന്ന ചിത്രത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടത് വിശ്വാസവഞ്ചനയാണെന്ന് തിലകന്‍ പറഞ്ഞു. 'ഒന്നര വര്‍ഷം മുന്‍പ് എന്നെ മുന്നില്‍ക്കണ്ട് കഥയെഴുതി എന്നു പറയുന്ന സംവിധായകന്‍ സോഹന്‍ റോയി എന്നോടുചെയ്തത് ക്രൂരതയാണ്. ഒഴിവാക്കണമെങ്കില്‍ ഒഴിവാക്കാന്‍ ഞാന്‍ ആവശ്യപ്പെട്ടിട്ടും തിലകന്‍ചേട്ടനാണ് പ്രധാന കഥാപാത്രം എന്ന് കഴിഞ്ഞ ദിവസംവരെ ആവര്‍ത്തിച്ചു. അമ്മയും ഫെഫ്കയും കൊല്ലനും കൊല്ലത്തിയെയും പോലെ ഒന്നിച്ചു; ഞാന്‍ ഔട്ടായി.'

ഒന്നരമാസം മുന്‍പ് ഇംഗ്ലീഷിലും മലയാളത്തിലുമുള്ള തിരക്കഥ എനിക്കു നല്‍കി. രണ്ടും വായിച്ചുപഠിച്ചു. 46 ദിവസം ഞാന്‍ ഇംഗ്ലീഷ് സ്‌ക്രിപ്റ്റ് തപസ്സാക്കി പഠിക്കുകയായിരുന്നു. എന്റെ ചെറുമകനെപ്പോലും മുറിയില്‍ കയറ്റാതെയുള്ള ശക്തമായ ഗൃഹപാഠം.
ഇന്നുവരെ ഞാന്‍ ഡാം 999-ന്റെ പേരില്‍ ഈ ഹോട്ടലില്‍ കഴിയുന്നു. എന്നെ ഒഴിവാക്കിയെന്ന് രേഖാമൂലം സോഹന്റോയി കത്ത് നല്‍കിയാല്‍ റൂമില്‍ നിന്ന് പോകാം. പക്ഷേ, എന്നെക്കൊണ്ട് ഒപ്പിടീപ്പിച്ച കരാര്‍ രേഖയും തിരികെ നല്‍കണം.

ഒപ്പം ഫെഫ്ക അവര്‍ക്കു നല്‍കിയെന്നു പറയുന്ന കത്തിന്റെ പകര്‍പ്പും. അതുവരെയുള്ള മുറിവാടക കൊടുക്കേണ്ടത് ഡാമിന്റെ സിനിമ യൂണിറ്റാണ്. ഡാം 999 എന്ന ചിത്രത്തില്‍ അഭിനയിക്കണമെന്ന് സോഹന്‍ ഒന്നരവര്‍ഷം മുന്‍പ് കൊച്ചിയിലെ ഒരു ഹോട്ടലില്‍വച്ചാണ് ആവശ്യപ്പെട്ടത്. പിന്നീട് പ്രോജക്ടായപ്പോള്‍ ഞാന്‍ എട്ടു ലക്ഷം രൂപ ആവശ്യപ്പെട്ടു. എന്റെ വീട്ടില്‍ വന്ന് കരാറില്‍ ഒപ്പിടീപ്പിച്ചത് പ്രൊഡക്ഷനിലെ വേണു, ജാവേദ് എന്നിവരായിരുന്നു. ഏഴുലക്ഷം രൂപയ്ക്ക് കരാര്‍ ഉറപ്പിച്ചു. 1.35 ലക്ഷം രൂപ മുന്‍കൂറായി നല്‍കി. ഏതൊക്കെ ഘട്ടത്തില്‍ ബാക്കി തുകകള്‍ നല്‍കണമെന്നതു സംബന്ധിച്ചും കരാറില്‍ ഒപ്പിട്ടിരുന്നു. പിരിച്ചുവിട്ടതായി രേഖകളും അനുബന്ധ രേഖകളും ഇല്ലെങ്കില്‍ കുഴപ്പമാണ് - ഇത് സിനിമാലോകമാണ്.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/