വില്ലേജോഫീസ് കുത്തിപ്പൊളിക്കല്‍ : സി.പി.എം. ജില്ലാ സെക്രട്ടറിയെ ചോദ്യംചെയ്യണം: ഡി.സി.സി.
Posted on: 03 Mar 2010
തൊടുപുഴ: വട്ടവട വില്ലേജോഫീസായി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം കുത്തിപ്പൊളിച്ചത് ആരാണെന്ന് വ്യക്തമാകാന്‍ സി.പി.എം. ജില്ലാ സെക്രട്ടറിയെ ചോദ്യംചെയ്യണമെന്ന് ഇടുക്കി ഡി.സി.സി. പ്രസിഡന്റ് റോയി കെ. പൗലോസ് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
യു.ഡി.എഫ്. നേതാക്കള്‍ വട്ടവടയില്‍ ഭൂമി കൈയേറിയെന്ന് പ്രസംഗിക്കുകയും അത് പിടിച്ചെടുക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തതിന്റെ പിറ്റേദിവസം ഓഫീസ് കുത്തിത്തുറന്ന് രേഖകള്‍ അടിച്ചുമാറ്റിയത് യു.ഡി.എഫുകാരാണെന്ന് പ്രചരിപ്പിക്കുന്നതിനു പിന്നില്‍ ഗൂഢാലോചനയുണ്ട്.
സി.പി.എം. ജില്ലാ സെക്രട്ടറി ഇടുക്കിയിലും സംസ്ഥാന സെക്രട്ടറി കല്പറ്റയിലും എല്‍.ഡി.എഫ്. കണ്‍വീനര്‍ കോട്ടയത്തും ഒരേ ദിവസം ഇങ്ങനെ പ്രസ്താവിച്ചത് നേതാക്കള്‍ തമ്മിലുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ്.
സി.പി.എം. നേതാക്കന്മാര്‍ കൈയേറി കൈവശം വച്ചിട്ടുള്ള ഭൂമി തിരികെ സര്‍ക്കാരില്‍ നിക്ഷിപ്തമാക്കുംവരെ കോണ്‍ഗ്രസ്സും യു.ഡി.എഫും പ്രക്ഷോഭങ്ങള്‍ തുടരുമെന്നും ഡി.സി.സി. പ്രസിഡന്റ് പറഞ്ഞു.
ചിന്നക്കനാലിലെയും മൂന്നാറിലെയും പ്രധാന കൈയേറ്റക്കാര്‍ സി.പി.എം. ജില്ലാ സെക്രട്ടറി എം.എം. മണിയുടെയും ജയചന്ദ്രന്‍ എം.എല്‍.എ.യുടെയും ബിനാമികളാണെന്ന് റോയി കെ. പൗലോസ് ആരോപിച്ചു. കൈയേറ്റത്തിലൂടെ നേടിയ പണം പാര്‍ട്ടിയിലെ സ്ഥാനം ഉറപ്പിക്കുന്നതിന് ഈ നേതാക്കള്‍ വിനിയോഗിച്ചിട്ടുണ്ട്.
സി.പി.എമ്മിന്റെ ദേവികുളം എം.എല്‍.എ. സര്‍ക്കാര്‍സ്ഥലങ്ങള്‍ കൈയേറി വില്‍ക്കുകയും വീടുവയ്ക്കുകയും ചെയ്തിട്ട് ജില്ലാ സെക്രട്ടറി കണ്ടഭാവം നടിക്കുന്നില്ല. മൂന്നാറിലെ സി.പി.എം. നേതാക്കള്‍ ആകാശവാണിയുടെയും പൊതുമരാമത്തിന്റെയും സര്‍ക്കാര്‍ ഗസ്റ്റ്ഹൗസിന്റെയും കെ.എസ്.ഇ.ബി.യു.ടെയും കോടികള്‍ വിലമതിക്കുന്ന സ്ഥലങ്ങള്‍ കൈയേറി വില്പന നടത്തിയിട്ടുണ്ടെന്ന് റോയി കെ. പൗലോസ് പറഞ്ഞു.
ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് ലിമിറ്റഡിന് യൂക്കാലിക്കൃഷിക്ക് പാട്ടത്തിന് നല്‍കിയ സ്ഥലം കൈയേറിയ ശേഷം അത് സംരക്ഷിക്കാന്‍ കുറേ പാര്‍ട്ടിപ്രവര്‍ത്തകരെ ആദിവാസികളുടെ മറവില്‍ കുടില്‍കെട്ടി താമസിപ്പിച്ചിരിക്കുകയാണ്. ഒപ്പമുള്ളവര്‍ പിടിക്കപ്പെടുമെന്നായപ്പോഴാണ് സി.പി.എം. ജില്ലാ സെക്രട്ടറി യു.ഡി.എഫ്. കണ്‍വീനര്‍ക്കെതിരെ ആരോപണം ഉന്നയിച്ച് പുകമറ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത്. യു.ഡി.എഫിന്റെയോ കോണ്‍ഗ്രസ്സിന്റെയോ നേതാക്കള്‍ ഭൂമി കൈയേറിയെങ്കില്‍ ആദ്യം അത് ഒഴിപ്പിക്കണം.
കോണ്‍ഗ്രസ് നേതാക്കളായ ജോണ്‍ നെടിയപാല, കെ.വി. സിദ്ധാര്‍ഥന്‍, ടി.ജെ. ജോസഫ്, അഡ്വ. എസ്. അശോകന്‍, എന്‍.ഐ. ബെന്നി എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.