ലോറി സമരം: കേരളം കടുത്ത പാചകവാതകക്ഷാമത്തിലേക്ക്
Posted on: 03 Mar 2010
കോട്ടയ്ക്കല്‍: എല്‍.പി.ജി ട്രക്ക് തൊഴിലാളികളുടെ അനിശ്ചിതകാല പണിമുടക്കുമൂലം കേരളം കടുത്ത പാചകവാതകക്ഷാമത്തിലേക്ക് നീങ്ങുന്നു. മലബാര്‍ മേഖലയില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ചേളാരി എല്‍.പി.ജി ബോട്ട്‌ലിങ് പ്ലാന്റിലെ സമരംമൂലം രണ്ടുദിവസംകൊണ്ട് 30000 സിലിന്‍ഡറുകളുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. കൊച്ചി ഉദയംപേരൂരിലെ ഐ.ഒ.സി പ്ലാന്റിലെയും അമ്പലമുകളിലെ ബി.പി.സി പ്ലാന്റിലെയും സമരംമൂലം ഒന്നരലക്ഷത്തോളം സിലിന്‍ഡറുകളുടെ കുറവാണ് നിലവിലുള്ളത്.
സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി തൊഴിലാളികളാണ് സമരംചെയ്യുന്നത്. കെ.എസ്.ആര്‍.ടി.സിയിലെ സേവനവേതന വ്യവസ്ഥകള്‍ ലോറിത്തൊഴിലാളികള്‍ക്ക് നല്‍കുമെന്ന് മന്ത്രി ഗുരുദാസന്റെ സാന്നിധ്യത്തില്‍ സമ്മതിച്ച കരാറുകാര്‍ ഇപ്പോള്‍ നിലപാട് മാറ്റിയതാണ് സമരത്തിലേക്ക് വഴിതുറന്നത്. ചേളാരി പ്ലാന്റിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞവര്‍ഷം നാലുതവണ ജില്ലാ ലേബര്‍ ഓഫീസറുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടന്നതാണ്. ഇതില്‍ ഫലമുണ്ടാകാത്തതിനെത്തുടര്‍ന്ന് രണ്ടുവട്ടം സംസ്ഥാന ലേബര്‍ കമ്മീഷണറുടെ സാന്നിധ്യത്തിലും ചര്‍ച്ച നടന്നു. ഒടുവില്‍ കഴിഞ്ഞ ഡിസംബര്‍ 30ന് മന്ത്രി ഗുരുദാസന്‍, ആര്യാടന്‍ മുഹമ്മദ്, കെ.കെ. ദിവാകരന്‍ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ ഉണ്ടാക്കിയ കരാര്‍ ട്രക്ക് ഉടമകള്‍ ലംഘിച്ചതോടെ സമരമല്ലാതെ മറ്റു മാര്‍ഗമില്ലെന്നാണ് തൊഴിലാളി സംഘടനകള്‍ പറയുന്നത്.
എന്നാല്‍ കെ.എസ്.ആര്‍.ടി.സിയേക്കാള്‍ കൂടുതല്‍ ബത്ത ഇപ്പോള്‍ത്തന്നെ തൊഴിലാളികള്‍ക്ക് നല്‍കുന്നുണ്ടെന്നാണ് ട്രക്ക് ഉടമകള്‍ പറയുന്നത്. 50 കി.മീ ദൂരമുള്ള ഒരു ട്രിപ്പിന് 350 രൂപ വേതനമായി നല്‍കുന്നുണ്ട്. എന്നാല്‍ ഇതിന്റെ ഇരട്ടിയിലേറെ വര്‍ധനയാണ് ഇപ്പോള്‍ തൊഴിലാളികള്‍ ആവശ്യപ്പെടുന്നതെന്നും ഇത് അപ്രായോഗികമാണെന്നും ലോറി ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്റെ കാലിക്കറ്റ് മേഖലാ കോ-ഓര്‍ഡിനേറ്റര്‍ മുഹമ്മദ് ഫൈസല്‍ പറയുന്നു.
ഫില്ലിങ് മുടങ്ങിയ വകയില്‍ ഒരുദിവസം ചേളാരി പ്ലാന്റിലെ മാത്രം നഷ്ടം രണ്ടുലക്ഷംരൂപയാണ്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, വയനാട്, പാലക്കാട് എന്നീ ആറ് ജില്ലകളിലേക്ക് ഇവിടെനിന്നാണ് പാചകവാതക സിലിന്‍ഡറുകള്‍ വിതരണംചെയ്യുന്നത്. ഇതുകൂടാതെ ലക്ഷദ്വീപിലേക്കും തൃശ്ശൂര്‍ ജില്ലയുടെ ചില ഭാഗങ്ങളിലേക്കും ചേളാരി പ്ലാന്റില്‍നിന്ന് സിലിന്‍ഡറുകള്‍ അയയ്ക്കുന്നുണ്ട്. അമ്പലമുകളില്‍ 80 മുതല്‍ 100 വരെയും ഉദയംപേരൂരില്‍ 150 മുതല്‍ 160വരെയും ലോഡ് സിലിന്‍ഡറുകളാണ് ദിനംപ്രതി വിതരണംചെയ്യുന്നത്. സമരം നീണ്ടുപോയാല്‍ ദിവസങ്ങള്‍ക്കകം കേരളം രൂക്ഷമായ പാചകവാതകക്ഷാമത്തിലേക്ക് നീങ്ങും.