രജിസ്‌ട്രേഷന്‍: രേഖകളില്‍ കൃത്രിമം കാട്ടാന്‍ പഴുതുകള്‍-സി.എ.ജി.
Posted on: 03 Mar 2010
തിരുവനന്തപുരം: വ്യാജപ്രമാണങ്ങള്‍ ചമയ്ക്കാനും തന്ത്രപ്രധാനരേഖകളില്‍ മാറ്റം വരുത്താനും സാധിക്കുന്ന തരത്തില്‍ രജിസ്‌ട്രേഷന്‍ വകുപ്പില്‍ ഗുരുതരമായ സുരക്ഷാപാളിച്ച നിലനില്‍ക്കുന്നതായി കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ കണ്ടെത്തി. രഹസ്യ പാസ്‌വേഡ് എല്ലാവരും പങ്കുവെയ്ക്കുന്നതിനാല്‍ എല്ലാ ഉപയോക്താക്കള്‍ക്കും സബ്‌രജിസ്ട്രാര്‍ ആയി ലോഗിന്‍ ചെയ്യാനാവുന്ന അവസ്ഥയാണെന്ന് സി.എ.ജി. റിപ്പോര്‍ട്ടില്‍ പറയുന്നു. കൈയേറ്റങ്ങള്‍ക്ക് സാധുത നല്‍കുന്ന വ്യാജപ്രമാണങ്ങള്‍ ചമയ്ക്കുന്നതിനുള്ള വന്‍ സാധ്യതകള്‍ രജിസ്‌ട്രേഷന്‍ വകുപ്പില്‍ നിലനില്‍ക്കുന്നതായാണ് ഇതില്‍ നിന്ന് വ്യക്തമാവുന്നത്.
രജിസ്‌ട്രേഷന്‍ ഓഫീസുകളിലെ ഉപയോക്താക്കളെ രണ്ടു തലങ്ങളായി തിരിച്ചശേഷം ഓരോ ജീവനക്കാരനും വെവ്വേറെ യൂസര്‍നെയിമും പാസ്‌വേഡും നല്‍കിയിരുന്നു. എന്നാല്‍, ഇത്തരത്തില്‍ ചുമതലകളുടെ വിനിയോഗം അട്ടിമറിക്കുന്ന തരത്തില്‍ പാസ്‌വേഡ് പങ്കിടുന്ന രീതിയാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. സബ് രജിസ്ട്രാര്‍ എന്ന് ലോഗിന്‍ ചെയ്യുക വഴി കീഴ് ജീവനക്കാര്‍ സബ്‌രജിസ്ട്രാറുടെ ചുമതലകള്‍ നിര്‍വഹിക്കുന്നു. വ്യാപകമായ തിരിമറിക്ക് സാധ്യതയുള്ള ഈ നടപടികളില്‍ പാസ്‌വേഡ് ഒരിക്കലും മാറ്റപ്പെടുന്നുമില്ല.
ശേഖരിച്ചിട്ടുള്ള വിവരങ്ങള്‍ കൈകാര്യം ചെയ്യുക, മാറ്റം വരുത്തുക എന്നിവയില്‍ ആരുടെ മേലും ഒരു നിയന്ത്രണവുമില്ലാത്ത അവസ്ഥയാണ്. 12 ശതമാനം റെക്കോഡുകളില്‍ ലോഗിന്‍ വിവരങ്ങള്‍ പോലും ലഭ്യമല്ലെന്ന് സി.എ.ജി. നടത്തിയ പരിശോധനയില്‍ തെളിഞ്ഞു. 3493 റെക്കോഡുകളില്‍ സര്‍വേ നമ്പര്‍ രേഖപ്പെടുത്തിയിട്ടില്ല. തിരിമറികള്‍ ഒഴിവാക്കാന്‍ ഫോട്ടോയും വയസ്സും രേഖപ്പെടുത്തുന്ന നടപടികള്‍ക്ക്തുടക്കമിട്ടുവെങ്കിലും 87 ശതമാനം റെക്കോഡുകളിലും ദാതാവിന്റെയും സ്വീകര്‍ത്താവിന്റെയും വയസ്സ് രേഖപ്പെടുത്തിയിട്ടില്ല. അതിര്‍ത്തി പോലുള്ള സുപ്രധാന വിവരങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത് 99 ശതമാനം രേഖകളിലും ഉപയോഗശൂന്യമാണെന്നും കണ്ടെത്തി. തെറ്റുകള്‍ തിരുത്തി ശുദ്ധീകരിക്കാത്ത വിവരങ്ങള്‍ ഉപയോഗിച്ച് തെറ്റായ ബാധ്യതാസര്‍ട്ടിഫിക്കറ്റ് നല്‍കിയതു കാരണം രജിസ്‌ട്രേഷന്‍ വകുപ്പിനെതിരെ നിയമനടപടികള്‍ പോലുമുണ്ടായി.
കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വേര്‍ ശരിയായി പരിപാലിക്കപ്പെടാത്തതിനാല്‍ അടിയന്തര ഘട്ടത്തില്‍ അത് ലഭ്യമാവാത്ത അവസ്ഥയുണ്ടെന്ന് സി.എ.ജി. ചൂണ്ടിക്കാട്ടുന്നു. കൊട്ടാരക്കര സബ് രജിസ്ട്രാര്‍ ഓഫീസില്‍ തീപിടിത്തത്തെ തുടര്‍ന്നുളവായ സാഹചര്യം ഉദാഹരണമായി എടുത്തു പറഞ്ഞിട്ടുണ്ട്. തീപിടിത്തത്തില്‍ നഷ്ടമായ രജിസ്‌ട്രേഷന്‍ രേഖകള്‍ക്കു പകരം പരിശോധിച്ച് തിരുത്തല്‍ വരുത്തിയ ഇലക്‌ട്രോണിക് ഡാറ്റ ഇല്ലാതിരുന്നതിനാല്‍ അവിടെ ജനങ്ങള്‍ തീര്‍ത്തും നിസ്സഹായരായി. കമ്പ്യൂട്ടര്‍ മോഷണം പോയ മറ്റൊരു സബ് രജിസ്ട്രാര്‍ ഓഫീസില്‍ കമ്പ്യൂട്ടര്‍അധിഷ്ഠിത ജോലികള്‍ പുനരാരംഭിക്കാന്‍ നാലുവര്‍ഷം വേണ്ടിവന്നു. രജിസ്‌ട്രേഷന്‍ വകുപ്പില്‍ 2000ല്‍ തുടങ്ങിയ കമ്പ്യൂട്ടര്‍വത്കരണം 24.41 കോടി രൂപ ചെലവഴിച്ചതിനു ശേഷവും പൂര്‍ണമായി പ്രവര്‍ത്തനക്ഷമമാക്കാനായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ വിലയിരുത്തിയിട്ടുണ്ട്.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam