പിണറായിയുടെ വിരോധം പ്രോസിക്യൂഷന് അനുമതി നല്‍കിയതിനാല്‍ - തങ്കച്ചന്‍

Posted on: 03 Mar 2010



തിരുവനന്തപുരം: ലാവലിന്‍ കേസ്സില്‍ പ്രോസിക്യൂഷന് അനുമതി നല്‍കിയതാണ് പിണറായിവിജയന് ഗവര്‍ണറോട് വിരോധം തോന്നാന്‍ കാരണമെന്ന് യു.ഡി.എഫ്. കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഗവര്‍ണര്‍ കോണ്‍ഗ്രസ്സിന്റെ ശിപായി എന്ന ആക്ഷേപം അതിരുകടന്നതാണ്. വേദിവിട്ടിറങ്ങുന്ന ഗവര്‍ണര്‍ സാധാരണ പ്രതിപക്ഷ നേതാക്കളെ തൊഴാറുണ്ട്. അതിന്റെ പേരില്‍ ഗവര്‍ണറെ ആക്ഷേപിച്ചത് പ്രോസിക്യൂഷന് അനുമതി നല്‍കിയതിലുള്ള വിരോധം മൂലമാണ്. പിന്നാക്ക വിഭാഗക്കാരനായ ഗവര്‍ണറെ പിണറായി വിജയന്‍ ആക്ഷേപിച്ചത് ക്രൂരമായിപ്പോയെന്നും അദ്ദേഹം പറഞ്ഞു.

മുസ്‌ലിം ലീഗ് നേതാക്കള്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി രാജ്യസഭാസീറ്റ്കാര്യം ചര്‍ച്ച ചെയ്യുന്നതില്‍ അപാകമൊന്നുമില്ല. പ്രശ്‌നം ഇവിടെ തീരില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണ് ഹൈക്കമാന്‍ഡുമായി ചര്‍ച്ച ചെയ്യുന്നത്. എ.കെ. ആന്റണി വിരമിക്കുന്ന ഒഴിവായതിനാല്‍ കോണ്‍ഗ്രസ്സിന് സീറ്റ് വേണമെന്ന കാര്യത്തില്‍ താത്പര്യമുണ്ട്. വര്‍ഷങ്ങളായി ലീഗിനുള്ള പ്രാതിനിധ്യം ഇല്ലാതാകുമെന്ന സാഹചര്യത്തില്‍ അവരുടെ അവകാശവാദത്തിലും ന്യായമുണ്ട്. കേരള കോണ്‍ഗ്രസ്സിന്റെ ആവശ്യവും ന്യായമാണ്. തര്‍ക്കം ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/