വൈദ്യുതിബോര്‍ഡിന്റെ ലൈന്‍ വിറ്റു
Posted on: 03 Mar 2010
വി.എസ്. ശ്യാംലാല്‍
തിരുവനന്തപുരം: ഇടുക്കി പവര്‍ഹൗസില്‍ നിന്ന് ഉത്തരകേരളത്തില്‍ വൈദ്യുതി എത്തിക്കുന്ന ഇടുക്കി -മാടക്കത്തറ 220 കെ.വി. ലൈനിന്റെ തന്ത്രപ്രധാന ഭാഗം കെ.എസ്.ഇ.ബി. വിറ്റു. മാടക്കത്തറ മുതല്‍ കീഴില്ലം വരെയുള്ള 58 കിലോമീറ്റര്‍ ദൂരം വരുന്ന ലൈനാണ് വെറും 6.17 കോടി രൂപയ്ക്ക് പവര്‍ഗ്രിഡ് കോര്‍പ്പറേഷന് കൈമാറിയത്.
ഈ ലൈന്‍ ഇല്ലാതായതോടെ ഉത്തര കേരളത്തിലേക്കുള്ള വൈദ്യുതി ഇപ്പോള്‍ ഇടുക്കി-ഉദുമല്‍പ്പെട്ട്-മാടക്കത്തറ ലൈനിലൂടെയാണ് കൊണ്ടുപോകുന്നത്. ഇതില്‍ ഇടുക്കി-ഉദുമല്‍പ്പെട്ട് കെ.എസ്.ഇ.ബി. ലൈനും ഉദുമല്‍പ്പെട്ട്-മാടക്കത്തറ പവര്‍ഗ്രിഡ് ലൈനുമാണ്. ഇതു വഴി ഉത്തരകേരളത്തിലേക്ക് വൈദ്യുതിപ്രസരണം നടത്താന്‍ പവര്‍ ഗ്രിഡ് കോര്‍പ്പറേഷന് വന്‍തോതില്‍ വീലിങ് ചാര്‍ജും ഇപ്പോള്‍ കൊടുക്കേണ്ടി വരുന്നു. ഒരു യൂണിറ്റിന് 10 മുതല്‍ 15 വരെ പൈസയാണ് വീലിങ് ചാര്‍ജ്. ഒരു ദിവസം ദശലക്ഷക്കണക്കിന് യൂണിറ്റ് വൈദ്യുതിയാണ് പവര്‍ഗ്രിഡ് ലൈനിലൂടെ എത്തിക്കുന്നത്. ഇത്തരത്തില്‍ വരുന്ന കോടികളുടെ ബാധ്യത പിന്നീട് സാധാരണക്കാരനായ ഉപയോക്താവുതന്നെ വഹിക്കേണ്ടി വരും. കെ.എസ്.ഇ.ബിയുടെ ലൈന്‍ വിട്ടുകൊടുക്കുന്നതിനുമുമ്പ് ആവശ്യത്തിന് സാങ്കേതികപഠനം നടത്തിയിരുന്നില്ല എന്നതിന്റെ തെളിവാണ് വീലിങ് ചാര്‍ജിന്റെ രൂപത്തിലുണ്ടായ ഈ ബാധ്യത.
തമിഴ്‌നാട്ടില്‍ നിന്ന് നേരിട്ട് വൈദ്യുതി എത്തിക്കാമായിരുന്ന ഇടമണ്‍-കയത്താര്‍ ലൈനും ഇത്തരത്തില്‍ പവര്‍ഗ്രിഡ് കോര്‍പ്പറേഷന് വിട്ടുകൊടുത്തിരുന്നു. ഈ ലൈനിനും ഇപ്പോള്‍ വീലിങ് ചാര്‍ജ് നല്‍കുന്നുണ്ട്. കൂടംകുളം ആണവനിലയത്തില്‍ നിന്നുള്ള കേന്ദ്രവിഹിതമായ 266 മെഗാവാട്ട് കേരളത്തിന്റെ ലോഡ്‌സെന്ററില്‍ എത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ലൈന്‍ വിട്ടുകൊടുക്കുന്നത് എന്നാണ് ബോര്‍ഡിന്റെ വിശദീകരണം. എന്നാല്‍, നിലവിലുള്ള ലൈന്‍ നിലനിര്‍ത്തുകയോ മള്‍ട്ടിസര്‍ക്യൂട്ടാക്കുകയോ ചെയ്യുക വഴി വീലിങ് ചാര്‍ജിനത്തിലെ കോടികളുടെ അധികബാധ്യത ഒഴിവാക്കുന്നതിന് സ്വീകരിക്കാമായിരുന്ന നടപടികളെപ്പറ്റി അവര്‍ മൗനം പാലിക്കുന്നു.
മാടക്കത്തറ-കീഴില്ലം ലൈന്‍ ഓഫ് ചെയ്യുമ്പോള്‍ ഇടുക്കി-ലോവര്‍പെരിയാര്‍-മാടക്കത്തറ വഴി പവര്‍ ഫ്‌ളോ ഉണ്ടാവുമെന്നാണ് ബോര്‍ഡിലെ വിദഗ്ധര്‍ ആദ്യം കണക്കുകൂട്ടിയത്. എന്നാല്‍, 'ഇംപഡന്‍സ് മാച്ചിങ്' ഇല്ലാത്തതിനാല്‍ പവര്‍ഫേ്‌ളാ ഉണ്ടായില്ല. ഇതെല്ലാം പരിശോധിച്ച ശേഷമേ ലൈന്‍ ഓഫ്‌ചെയ്യാവൂ എന്ന വ്യവസ്ഥ ഇവിടെ ലംഘിക്കപ്പെട്ടു. 58 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ ലൈന്‍ കൈമാറാനുള്ള ഉത്തരവ് കെ.എസ്.ഇ.ബി. പുറപ്പെടുവിച്ചുകഴിഞ്ഞു. നിലവില്‍ ലൈന്‍ ഓഫ് ചെയ്ത ശേഷം ടവറുകള്‍ പൊളിച്ചു മാറ്റുന്ന പണികള്‍ പുരോഗമിക്കുകയാണ്. 158 മുതല്‍ 318 വരെയുള്ള 161 ടവറുകളാണ് ഇപ്പോള്‍ പൊളിക്കുന്നത്.
ലൈന്‍ പൂര്‍ണമായി വിട്ടുകൊടുക്കുന്നതിനു പകരം 220/440 കെ.വി. മള്‍ട്ടി സര്‍ക്യൂട്ട് ലൈനാക്കി മാറ്റുകയായിരുന്നു അഭികാമ്യമെന്ന് ബോര്‍ഡിലെ വിദഗ്ധര്‍ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. വനത്തിലൂടെ പുതിയ ലൈന്‍ വലിക്കുന്നതിന് ഇപ്പോള്‍ പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുക എളുപ്പമല്ല. ഇതിനുപുറമെ ചില ഭാഗങ്ങളില്‍ നാട്ടുകാരുടെ എതിര്‍പ്പുമുണ്ട്. ഈ സാഹചര്യങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് ബോര്‍ഡിന്റെ തന്ത്രപ്രധാന ലൈന്‍ നിസ്സാര തുകയ്ക്ക് വിറ്റിരിക്കുന്നത്.
മള്‍ട്ടിപര്‍പ്പസ്‌ലൈന്‍ അറ്റകുറ്റപ്പണി നടത്താന്‍ ബുദ്ധിമുട്ടാണെന്ന് കെ.എസ്.ഇ.ബി. പറയുന്നു. ലൈനിന്റെ വില്പന സംബന്ധിച്ച് തയ്യാറാക്കിയ കുറിപ്പില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, പ്രസരണ ലൈന്‍ ഓഫ് ചെയ്യാതെ അതില്‍ അറ്റകുറ്റപ്പണി നടത്താനുള്ള സംവിധാനം ഇപ്പോള്‍ത്തന്നെ നിലവിലുണ്ട്. ഹൈദരാബാദിലെ കേന്ദ്രത്തില്‍ പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ തന്നെ ഇതിനുള്ള പരിശീലനവും നല്‍കുന്നു. ഇത് ഉപയോഗിക്കാതെ പഴയ രീതിയില്‍ അറ്റകുറ്റപ്പണികള്‍ നിര്‍വഹിക്കാന്‍ തന്നെ ലൈന്‍ ഏതാനും മണിക്കൂറുകള്‍ ഓഫ് ചെയ്താല്‍ മതിയാകും. ഇതൊന്നും പരിഗണിക്കാതെ കേരളത്തിനകത്തെ പ്രസരണലൈന്‍ വിറ്റശേഷം ഇവിടത്തെ തന്നെ പ്രസരണത്തിന് വീലിങ്ചാര്‍ജ് കൊടുക്കേണ്ട അവസ്ഥയാണ് ബോര്‍ഡ് വരുത്തിവെച്ചിരിക്കുന്നത്.