മെഡിക്കല്‍ കോളേജിലെ സ്വകാര്യ മരുന്നുകടകള്‍ പൂട്ടണം
Posted on: 03 Mar 2010
തിരുവനന്തപുരം: കോട്ടയം, കോഴിക്കോട് മെഡിക്കല്‍ കോളേജ് ക്യാമ്പസുകളില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ മെഡിക്കല്‍സ്റ്റോറുകള്‍ അടച്ചുപൂട്ടുന്നതിന് നടപടിയെടുക്കണമെന്ന് നിയമസഭാസമിതി ശുപാര്‍ശ ചെയ്തു.
ഇവയ്ക്ക് പകരം നീതി-പേയിങ്കൗണ്ടര്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്നും സമിതി നിര്‍ദേശിച്ചിട്ടുണ്ട്.
സര്‍ക്കാരുമായി യാതൊരുവിധ കരാറിലും ഏര്‍പ്പെടാതെയാണ് കോട്ടയം ക്യാമ്പസില്‍ സ്വകാര്യ മെഡിക്കല്‍സ്റ്റോര്‍ പ്രവര്‍ത്തിക്കുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കെ. എച്ച്. ആര്‍. ഡബ്‌ള്യു. എസ്സിന്റെ ഒത്താശയോടെ മെഡിക്കല്‍ സ്റ്റോര്‍ ഒരു സ്വകാര്യ വ്യക്തി നടത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. അടച്ചുപൂട്ടുന്നതോടൊപ്പം, ഇതുമായി ബന്ധപ്പെട്ട കേസുകള്‍ എത്രയും വേഗം തീര്‍പ്പാക്കുന്നതിന് വേണ്ട നടപടി മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ സ്വീകരിക്കണം. പേയിങ്കൗണ്ടറുകള്‍, നീതി, മാവേലി സ്റ്റോറുകള്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ ഓഡിറ്റ് അംഗീകൃത ഏജന്‍സികളെക്കൊണ്ട് നടത്തി പരസ്യപ്പെടുത്തണമെന്നും സമിതി നിര്‍ദേശിച്ചു.