സബ്‌സിഡി പൂര്‍ണമായി നീക്കണം
Posted on: 29 Sep 2012
കേല്‍ക്കര്‍സമിതി ശുപാര്‍ശ
ഡീസലിന്റെ വിലനിയന്ത്രണം പൂര്‍ണമായും ഒഴിവാക്കണം
മണ്ണെണ്ണ, പാചകവാതകവില കൂട്ടണം
ആഭ്യന്തര, ആഗോളതലങ്ങളിലെ പ്രശ്‌നങ്ങള്‍മൂലം ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ കൊടുങ്കാറ്റ് അഭിമുഖീകരിക്കുന്ന അവസ്ഥയിലാണിപ്പോള്‍
-വിജയ് കേല്‍ക്കര്‍
ന്യൂഡല്‍ഹി: രാജ്യത്തെ സമ്പദ്‌വ്യവസ്ഥയ്ക്ക് കടുത്ത ഭീഷണിയുയര്‍ത്തുന്നത് സബ്‌സിഡിയാണെന്ന് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച കേല്‍ക്കര്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട്. 2014-ഓടെ ഡീസലിന്റെ വിലനിയന്ത്രണം പൂര്‍ണമായും ഒഴിവാക്കണമെന്നും 2015-ഓടെ പാചകവാതകത്തിന്റെ സബ്‌സിഡി നീക്കണമെന്നും സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്.
സമ്പദ്‌മേഖല നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം നിര്‍ദേശിക്കാന്‍ കേന്ദ്രധനമന്ത്രി പി. ചിദംബരമാണ് മുന്‍ ധനകാര്യസെക്രട്ടറി വിജയ് കേല്‍ക്കര്‍ അധ്യക്ഷനായി സമിതി രൂപവത്കരിച്ചത്. മണ്ണെണ്ണവില ലിറ്ററിന് രണ്ടു രൂപയും പാചകവാതകത്തിന് അടിയന്തരമായി 50 രൂപയും കൂട്ടാനും സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്. പൊതുവിതരണസമ്പ്രദായത്തിലൂടെ നല്‍കുന്ന ധാന്യങ്ങളുടെ സബ്‌സിഡിയും എടുത്തു കളയണം. 2015-ഓടെ മണ്ണെണ്ണയുടെ സബ്‌സിഡി പൂര്‍ണമായും ഒഴിവാക്കുകയെന്നതാണ് മറ്റൊരു നിര്‍ദേശം.
റിപ്പോര്‍ട്ട് ഈ മാസമാദ്യം ധനമന്ത്രിക്ക് സമര്‍പ്പിച്ചെങ്കിലും വെള്ളിയാഴ്ചയാണ് പുറത്തുവിട്ടത്. സാമ്പത്തികവളര്‍ച്ചയ്ക്കും രാജ്യത്തെ ദരിദ്രവിഭാഗക്കാരുടെ സംരക്ഷണത്തിനുമിടയില്‍ സന്തുലനം ആവശ്യമാണ്. ഇതിനായി അടിയന്തരമായി വേണ്ടത് സബ്‌സിഡി ഘട്ടം ഘട്ടമായി എടുത്തുകളയുകയെന്നതാണ്- സമിതി നിര്‍ദേശിക്കുന്നു.
സബ്‌സിഡി എടുത്തുകളയാന്‍ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കില്‍ നടപ്പുസാമ്പത്തികവര്‍ഷം രാജ്യത്തെ ധനക്കമ്മി 6.1 ശതമാനമായി ഉയരാനിടയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പുണ്ട്. നികുതിവരുമാനത്തില്‍ 60,000 കോടിരൂപയുടെ കുറവുണ്ടാകാനും സാധ്യതയുണ്ട്. സബ്‌സിഡിക്കായുള്ള ബജറ്റ്‌വിഹിതം 70,000 കോടി രൂപയെങ്കിലുമായി ഉയരും.
ധനക്കമ്മി വരുംവര്‍ഷം കുറയ്ക്കാന്‍ ശക്തമായ നടപടി വേണ്ടിവരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സപ്തംബര്‍ മൂന്നിനാണ് കേല്‍ക്കര്‍ കമ്മിറ്റി സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയത്. സപ്തംബര്‍ 13-ന് ഡീസല്‍ ലിറ്ററിന് അഞ്ചു രൂപ കൂട്ടി. സബ്‌സിഡിയുള്ള പാചകവാതക സിലിണ്ടറുകളുടെ എണ്ണം വര്‍ഷത്തില്‍ ആറായി പരിമിതപ്പെടുത്തുകയും ചെയ്തു.
കേല്‍ക്കര്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് വിവിധമന്ത്രാലയങ്ങളുടെയും കക്ഷികളുടെയും പരിഗണനയ്ക്കുവിട്ട ശേഷമേ തീരുമാനമുണ്ടാവൂവെന്ന് ധനമന്ത്രാലയവൃത്തങ്ങള്‍ അറിയിച്ചു.
സബ്‌സിഡി പൂര്‍ണമായും നീക്കണമെന്ന ശുപാര്‍ശ ഇന്ത്യയെ സംബന്ധിച്ചിടത്തോളം പ്രായോഗികമാവില്ലെന്ന് ധനവകുപ്പ് സെക്രട്ടറി അരവിന്ദ് മേയാരാം പറഞ്ഞു. ജനസംഖ്യയില്‍ ഭൂരിഭാഗവും പാവപ്പെട്ടവരായ രാജ്യത്ത് ഒരു പരിധിവരെയെങ്കിലും സബ്‌സിഡി വേണ്ടി വരുമെന്നാണ് സര്‍ക്കാറിന്റെ നിലപാട്. സമൂഹത്തിലെ അരക്ഷിത വിഭാഗത്തിന് ആശ്വാസമെത്തിക്കേണ്ട ബാധ്യത സര്‍ക്കാറിനുണ്ട് - അദ്ദേഹം പറഞ്ഞു.