സ്‌പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷകള്‍

Posted on: 22 Sep 2012പരീക്ഷകളിലും ഫലപ്രഖ്യാപനങ്ങളിലും കാലതാമസം പൂര്‍ണ്ണമായും ഒഴിവാക്കാനുള്ള വിവിധ പരിപാടികളുടെ ഭാഗമായി ഏതാനും കോഴ്‌സുകള്‍ക്ക് കാലിക്കറ്റ് സര്‍വ്വകലാശാല സ്‌പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷാ സമ്പ്രദായം ആരംഭിക്കും. ഒരു അസിസ്റ്റന്റ് രജിസ്ട്രാറുടെയും സെക്ഷന്‍ ഓഫീസറുടെയും നേതൃത്വത്തില്‍ ഇതിനായി പ്രത്യേക വിഭാഗം രൂപീകരിച്ച് പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. സിന്‍ഡിക്കേറ്റിന്റെ സ്ഥിരം പരീക്ഷാ സമിതി വിശദ പഠനം നടത്തി തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സ്‌പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷ എന്ന നൂതന സമ്പ്രദായം ആവിഷ്‌കരിക്കുന്നത്.

ഏതാനും പേപ്പറുകളില്‍ മാത്രം പരാജയപ്പെട്ടതിന്റെ പേരില്‍ ഉപരിപഠനത്തിനും തൊഴിലിനുമായി നീണ്ട കാലയളവ് കാത്തിരിക്കേണ്ടി വരുന്ന വിദ്യാര്‍ത്ഥികളുടെ ദുരവസ്ഥക്ക് ഇത് പരിഹാരമാകുമെന്ന് വൈസ് ചാന്‍സലര്‍ ഡോ.എം.അബ്ദുള്‍ സലാം വ്യക്തമാക്കി. ബിഎ, ബിഎസ്.സി, ബികോം, ബിബിഎ, എല്‍എല്‍ബി, ബിടെക് കോഴ്‌സുകള്‍ക്കും, എംഎ, എംഎസ്‌സി എംകോം, പിജി കോഴ്‌സുകള്‍ക്കും മാത്രമായിരിക്കും പ്രാരംഭഘട്ടത്തില്‍ ഈ സമ്പ്രദായം നടപ്പിലാക്കുക.

സിസിഎസ്എസ് എന്ന പുതിയ പാറ്റേണില്‍ നടത്തിയ പരീക്ഷകള്‍ക്ക് സ്‌പെഷ്യല്‍ സപ്ലിമെന്ററി ഇപ്പോള്‍ ബാധകമല്ല. വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാനിരിക്കുന്ന സ്ഥിരം പരീക്ഷ ഷെഡ്യൂളുകളെ അടിസ്ഥാനമാക്കി വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ യഥാസമയം നടത്താം. സ്‌പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷക്ക് പ്രത്യേക ഫീസ് നിരക്കായിരിക്കും ഉണ്ടാവുക. ഫിബ്രവരി-ഏപ്രില്‍, മെയ്-ജൂലായ്, ആഗസ്ത്്-ഒക്‌ടോബര്‍, നവംബര്‍-ജനവരി എന്നീ ഘട്ടങ്ങളിലായിരിക്കും പരീക്ഷ നടക്കുക.

നവംബര്‍ ഒന്ന് മുതല്‍ ഒരു വര്‍ഷം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കുന്ന സ്‌പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷാ പദ്ധതി നിരന്തര വിലയിരുത്തലുകളിലൂടെ ഉചിതമായ പരിഷ്‌കരണങ്ങള്‍ നടത്തി മറ്റ് പരീക്ഷകള്‍ക്ക് കൂടി വ്യാപിപ്പിക്കും. അപേക്ഷ സമര്‍പ്പിക്കുന്നത് സംബന്ധിച്ച അറിയിപ്പും വിശദ വിവരങ്ങളും വെബ്‌സൈറ്റിലും, മാധ്യമങ്ങളിലും യഥാസമയം പുറപ്പെടുവിക്കും.

Related News
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/