ഗ്രാമവികസന വാരാഘോഷം വിപുലമാക്കുന്നു

Posted on: 22 Sep 2012



കൊണ്ടോട്ടി: വികസന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തിയും പുതിയ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടും ഗ്രാമവികസന വാരം വിപുലമായി ആഘോഷിക്കാന്‍ ത്രിതല പഞ്ചായത്തുകള്‍ക്ക് നിര്‍ദ്ദേശം. ഒക്ടോബര്‍ രണ്ട് മുതല്‍ എട്ടുവരെയാണ് ഗ്രാമവികസന വാരം.

ഗാന്ധിജയന്തി ദിനത്തില്‍ പൊതുസ്ഥലങ്ങളിലും സ്ഥാപനങ്ങളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ലേബര്‍ ബജറ്റ് തയ്യാറാക്കുന്നതിന് തൊഴിലാളികളുടെ ഗ്രാമസഭകള്‍ നടത്താനും തദ്ദേശ സ്വയംഭരണ വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഒക്ടോബര്‍ മൂന്നിന് സ്വര്‍ണ്ണജയന്തി ഗ്രാമസ്വ റോസ്ഗാര്‍ യോജന പദ്ധതി വിലയിരുത്തുന്നതിന് ഗുണഭോക്താക്കളുടെ യോഗം നടത്തണം.

പ്രത്യേക തൊഴിലുറപ്പ് ദിനമായി കണക്കാക്കി നാലിന് പുതിയ പദ്ധതികള്‍ ആരംഭിക്കാനും പുതിയ കുടുംബങ്ങളുടെ രജിസ്‌ട്രേഷന് തുടക്കം കുറിക്കാനും നിര്‍ദ്ദേശമുണ്ട്.

ഭവനപദ്ധതികളില്‍ പൂര്‍ത്തിയായവയുടെ താക്കോല്‍ദാനം, ഗുണഭോക്താക്കള്‍ക്ക് ധനസഹായം കൈമാറല്‍, പദ്ധതികളുടെ അവലോകനം തുടങ്ങിയവ അഞ്ചിന് നടത്തും. സമ്പൂര്‍ണ ശുചിത്വ യജ്ഞം പരിപാടിയോടനുബന്ധിച്ച് ഖരമാലിന്യ സംസ്‌കരണ പദ്ധതികള്‍ക്കായുള്ള ചര്‍ച്ചയും പദ്ധതി രൂപവത്കരണവുമൊക്കെയാണ് ആറാം തിയ്യതി ഉദ്ദേശിക്കുന്നത്. പ്രാദേശിക വികസന പദ്ധതിയായ ആര്‍.ഐ.ഡി.എഫിന്റെ അവലോകനവും പൂര്‍ത്തിയായവയുടെ ഉദ്ഘാടനവും ഏഴിന് നടത്തും.

കഴിഞ്ഞ വര്‍ഷത്തെയും ഈവര്‍ഷത്തെയും പദ്ധതി പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തും പി.എം.ജി.എസ്.വൈ. പ്രകാരം പൂര്‍ത്തിയാക്കിയ പ്രവൃത്തികളുടെ ഉദ്ഘാടനവുമാണ് സമാപനദിവസത്തില്‍ ഉദ്ദേശിക്കുന്നത്. ശുചിത്വസന്ദേശ പദയാത്ര നടത്താനും നിര്‍ദ്ദേശമുണ്ട്.

ഗ്രാമവികസന വാരാഘോഷത്തിന് പഞ്ചായത്തുകള്‍ക്ക് തനത് ഫണ്ടില്‍നിന്നോ ജനറല്‍പര്‍പ്പസ് ഫണ്ടില്‍നിന്നോ 5000 രൂപവരെ ചെലവഴിക്കാനും അനുമതി നല്‍കിയിട്ടുണ്ട്.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/