അഭയ കേസ്: തുടരന്വേഷണ ഹര്‍ജികള്‍ തള്ളി

Posted on: 19 Sep 2012



തിരുവനന്തപുരം: അഭയ കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് സമര്‍പ്പിച്ച മൂന്നുഹര്‍ജികളും പ്രത്യേക സി.ബി.ഐ. കോടതി തള്ളി.

സി.ബി.ഐ. നടത്തിയ അന്വേഷണത്തില്‍ കോടതിക്ക്പൂര്‍ണ സംതൃപ്തിയാണുള്ളതെന്ന് ജഡ്ജി ടി.എസ്.പി. മൂസത് അറിയിച്ചു.

സി.ബി.ഐ. കേസില്‍ സമഗ്രമായ അന്വേഷണമാണ് നടത്തിയതെന്ന് സി.ബി.ഐ. നല്‍കിയ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നൂവെന്ന് കോടതി ചൂണ്ടിക്കാട്ടി.

വര്‍ഷങ്ങള്‍ കഴിഞ്ഞ കേസില്‍ എത്രതന്നെ തുടരന്വേഷണങ്ങള്‍ നടത്തിയാലും ഇതില്‍ കൂടുതല്‍ തെളിവ് ലഭിക്കില്ല. അഭയയുടെ ശിരോവസ്ത്രം നഷ്ടപ്പെട്ടതിനെക്കുറിച്ചും പീഡിപ്പിക്കപ്പെട്ടോ എന്ന സംശയത്തെക്കുറിച്ചും ഇനി അന്വേഷിച്ച് കണ്ടെത്താന്‍ കഴിയില്ല.

വര്‍ക്ക്ബുക്ക് തിരുത്തിയ കേസ് സി.ജെ.എം. കോടതിയുടെ പരിഗണനയിലാണ്.

മുന്‍ സി.ബി.ഐ. ഉദ്യോഗസ്ഥന്‍ വര്‍ഗീസ് പി.തോമസ്, മുന്‍ ക്രൈംബ്രാഞ്ച് എസ്.പി. കെ.ടി.മൈക്കിള്‍, തെളിവ് നശിപ്പിച്ചവര്‍ എന്നിവര്‍ക്കെതിരെ നടപടി എടുക്കേണ്ടത് ഈ കോടതി അല്ല.

അതുകൊണ്ടുതന്നെ ഹര്‍ജിക്കാരുടെ ആവശ്യം അംഗീകരിക്കാന്‍ കഴിയില്ല. ഇതേത്തുടര്‍ന്ന് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍, കെ.ടി. മൈക്കിള്‍, അഡ്വ. നെയ്യാറ്റിന്‍കര പി.നാഗരാജ് എന്നിവരുടെ തുടരന്വേഷണ ഹര്‍ജികള്‍ തള്ളിയതായി കോടതി അറിയിച്ചു.

സി.ബി.ഐ. തന്നെ കെ.ടി. മൈക്കിളിന്റെ ഇടപെടലുകളെക്കുറിച്ച് തുടരന്വേഷണ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. കോടതിവിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും ഹര്‍ജിക്കാരനായ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ അറിയിച്ചു.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/