ന്യൂഡല്‍ഹി: അഴിമതിക്കെതിരെ പൊരുതുന്ന അണ്ണ ഹസാരെയുടെ സംഘത്തിലെ ഭിന്നത ചൊവ്വാഴ്ച കൂടുതല്‍ വ്യക്തമായി. ഹസാരെ സംഘത്തിലെ പ്രമുഖനായ അരവിന്ദ് കെജ്‌രിവാളിന്റെ രാഷ്ട്രീയപ്പാര്‍ട്ടിയുണ്ടാക്കാനുള്ള തീരുമാനമാണ് ഭിന്നതയ്ക്ക് ആധാരം.
തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യമുള്ളവരുടെയും അല്ലാത്തവരുടെയും യോഗം ഹസാരെ വെവ്വേറെ വിളിച്ചത് ഭിന്നതയുടെ സൂചനയായി. മത്സരിക്കാന്‍ ആഗ്രഹമില്ലാത്ത അനുയായികളുടെ യോഗം ചൊവ്വാഴ്ച ഡല്‍ഹിയില്‍ അദ്ദേഹം വിളിച്ചുചേര്‍ത്തിരുന്നു. എന്നാല്‍ ഭിന്നസ്വരമുള്ളവരും പങ്കെടുത്തിരുന്നു. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെ അനുകൂലിക്കുന്നവരുടെ യോഗം ബുധനാഴ്ച അദ്ദേഹം വിളിച്ചിട്ടുണ്ട്.
പല സ്ഥലത്തുനിന്നുമുള്ള ആളുകള്‍ വന്ന് മത്സരിക്കാന്‍ തന്നെ നിര്‍ബന്ധിക്കുന്നുണ്ടെന്ന് ഹസാരെ പറഞ്ഞു. ''ഇരുപത്താറാം വയസ്സില്‍ ഞാന്‍ ഒരു ശപഥം ചെയ്തു. ജീവിക്കുന്നതും മരിക്കുന്നതും രാജ്യത്തിനുവേണ്ടിയാകും. മറ്റൊരു ശപഥംകൂടി ഇതിനൊപ്പം ചെയ്തു, രാഷ്ട്രീയത്തില്‍ ഇറങ്ങില്ല എന്നതാണത്''- ഹസാരെ ഡല്‍ഹിയില്‍ വ്യക്തമാക്കി.
രാഷ്ട്രീയപ്പാര്‍ട്ടിയുണ്ടാക്കിയാല്‍ മത്സരിക്കാന്‍ പലരും മുന്നിട്ടുവരും. അവരുടെയൊന്നും വിശ്വാസ്യത ഉറപ്പുവരുത്താന്‍ എളുപ്പമല്ല. അങ്ങനെ വരുമ്പോള്‍ നമ്മളും ഇപ്പോഴത്തെ രാഷ്ട്രീയപ്പാര്‍ട്ടികളുമായി വ്യത്യാസമില്ലാതാകും. ജനഹിതമനുസരിച്ചുള്ളവര്‍ സ്ഥാനാര്‍ഥിയായാല്‍മാത്രമേ അഴിമതിരഹിത ഇന്ത്യയുണ്ടാകൂ. അതുകൊണ്ട് നമ്മുടെവഴി വേറെയാണ്- ഹസാരെ പറഞ്ഞു.
അരവിന്ദ് കെജ്‌രിവാളുമായും ഇക്കാര്യം സംസാരിച്ചതായി അദ്ദേഹം പറഞ്ഞു. കെജ്‌രിവാള്‍ നിര്‍ത്തുന്ന സ്ഥാനാര്‍ഥികളില്‍ വിശ്വാസ്യതയുള്ളവരുണ്ടെങ്കില്‍ അവരെ പിന്തുണയ്ക്കും. എന്നാല്‍ അവര്‍ക്കുവേണ്ടി പ്രചാരണം നടത്തില്ല -ഹസാരെ പറഞ്ഞു.
സമാനമനസ്‌കരായ വ്യക്തികളുമായി കൂടിക്കാഴ്ച നടത്തി ഭാവിപദ്ധതികള്‍ ആലോചിക്കുമെന്ന് നേരത്തേ അദ്ദേഹം പുണെയില്‍ പറഞ്ഞു. ഇതിനായി ദേശീയതലത്തില്‍ പര്യടനം നടത്തും. നല്ലവരായ വ്യക്തികളെ പാര്‍ലമെന്റിലെത്തിക്കുന്നതിനായി ശ്രമം തുടരുമെന്നും ഹസാരെ വ്യക്തമാക്കി. പുണെയില്‍ അദ്ദേഹം വിവരാവകാശപ്രവര്‍ത്തകരും സാമൂഹിക പ്രവര്‍ത്തകരുമായും ചര്‍ച്ച നടത്തി.