മാവൂരില്‍ വന്‍ തൊഴില്‍സാധ്യതയുള്ള ഐ.ടി. സംരംഭത്തിന് നിര്‍ദേശം
Posted on: 19 Sep 2012
മാവൂര്‍ (കോഴിക്കോട്): മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സിന്റെ കൈവശമുള്ള ഭൂമിയില്‍ വന്‍ തൊഴില്‍സാധ്യതയുള്ള ഐ.ടി. സംരംഭം തുടങ്ങാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു.
പൂട്ടിപ്പോയ ഗ്രാസിംഫാക്ടറി നിലനിന്ന ഭാഗത്ത് സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാമെന്ന ബിര്‍ളയുടെ അപേക്ഷ സര്‍ക്കാര്‍ അംഗീകരിച്ചില്ല. തൊഴില്‍സാധ്യതകൂടിയ പദ്ധതിക്കായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് പുതിയ നിര്‍ദേശം. ബിര്‍ള സമര്‍പ്പിച്ച പദ്ധതിറിപ്പോര്‍ട്ട് സംബന്ധിച്ച് കമ്പനി അധികൃതരും വ്യവസായമന്ത്രിയും തിരുവനന്തപുരത്ത് നടത്തിയ ചര്‍ച്ചയിലാണ് പുതിയ നിര്‍ദേശമുയര്‍ന്നത്.
ബിര്‍ളാ ഗ്രൂപ്പ് തയ്യാറാക്കി സര്‍ക്കാറിന് കൈമാറിയ നിര്‍ദിഷ്ടപദ്ധതിയില്‍ തൊഴിലവസരങ്ങള്‍ കുറവാണെന്ന് പ്രാഥമിക വിശകലനത്തില്‍ ബോധ്യപ്പെട്ടിരുന്നു. ബിര്‍ളയുടെതന്നെ 'ബിറ്റ്‌സ് പിലാനി' മാതൃകയിലുള്ള ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമുച്ചയമടങ്ങുന്ന പദ്ധതിയാണ് മാവൂരിലേക്ക് തയ്യാറാക്കിയിരുന്നത്. ഇതില്‍ ഐ.ടി. സംരംഭം ഉണ്ടെങ്കിലും തൊഴില്‍സാധ്യത വേണ്ടത്രയില്ലെന്ന് സര്‍ക്കാര്‍ വിലയിരുത്തി.
ഐ.ടി. മേഖലയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്കുന്നതും ധാരാളം തൊഴിലവസരങ്ങള്‍ ഉണ്ടാകുന്നതുമായ പദ്ധതി ഒരു മാസത്തിനകം വീണ്ടും സമര്‍പ്പിക്കാനാണ് ബിര്‍ളയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ആവശ്യത്തോട് കമ്പനി അധികൃതര്‍ അനുകൂലമായാണ് പ്രതികരിച്ചതെന്നറിയുന്നു. ഒക്ടോബര്‍ അവസാനത്തോടെ പരിഷ്‌കരിച്ച പ്രോജക്ട് സമര്‍പ്പിക്കും. തുടര്‍ന്ന് ഇതുസംബന്ധിച്ച് വിശദമായ ചര്‍ച്ച വീണ്ടും നടക്കും. രണ്ടുവര്‍ഷത്തിനകം പുതിയസംരംഭം പ്രവര്‍ത്തിച്ചുതുടങ്ങുന്ന രൂപത്തിലായിരിക്കണം പദ്ധതിയെന്നാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചത്.
ഒരു വ്യാഴവട്ടക്കാലമായി മാവൂരിലെ ഗ്വാളിയോര്‍ റയോണ്‍സ് സില്‍ക്ക് മാനുഫാക്ചറിങ് ആന്‍ഡ് വീവിങ് ലിമിറ്റഡ് (ഗ്രാസിം) ഫാക്ടറി അടച്ചിട്ട്. അതിനുശേഷം 450 ഏക്കര്‍ ഭൂമി മാവൂരില്‍ വെറുതേ കിടക്കുകയാണ്. മലിനീകരണപ്രശ്‌നം ഉയര്‍ത്തിക്കാട്ടിയായിരുന്നു പ്രധാനമായും ഫാക്ടറി അടച്ചത്. അതുകൊണ്ടുതന്നെ മലിനീകരണമില്ലാത്തതും പരിസ്ഥിതി സൗഹൃദവുമായ സംരംഭമാണ് മാവൂരില്‍ വേണ്ടതെന്ന് വിവിധ കോണുകളില്‍നിന്ന് ആവശ്യമുയരുകയും ചെയ്തു. വ്യവസായത്തിനുവേണ്ടി സര്‍ക്കാര്‍ ഏറ്റെടുത്തുനല്കിയതാണ് ഈ ഭൂമി. ബിര്‍ള വീണ്ടുമൊരു വ്യവസായ സംരംഭത്തിന് ഉപയോഗിക്കുന്നില്ലെങ്കില്‍ ഭൂമി സര്‍ക്കാറിനുതന്നെ തിരിച്ചേല്പിക്കണമെന്ന ആവശ്യവും ശക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ പ്രേരണയാല്‍ ബിര്‍ളതന്നെ ഒരു സംരംഭത്തിനുവേണ്ടി പ്രോജക്ട് തയ്യാറാക്കിയിരുന്നത്. 22,000 കോടി രൂപ നിക്ഷേപം പ്രതീക്ഷിക്കുന്ന ഒരു പ്രോജക്ടാണിത്.
വ്യവസായമന്ത്രി കുഞ്ഞാലിക്കുട്ടിയുടെ ചേംബറില്‍ ചൊവ്വാഴ്ചനടന്ന ചര്‍ച്ചയില്‍ മന്ത്രിക്കുപുറമേ വകുപ്പുമേധാവികളും സ്‌പെഷല്‍ ഓഫീസര്‍ സുധാകരന്‍, ബിര്‍ള ഗ്രൂപ്പിനുവേണ്ടി ഫിനാന്‍സ് ഡയറക്ടര്‍ സുശീല്‍ അഗര്‍വാള്‍, റെസിഡന്റ് മാനേജര്‍ ചെറിയാന്‍, ഗ്രാസിം ചീഫ് എക്‌സിക്യൂട്ടീവ് കെ.കെ. മനു എന്നിവരും പങ്കെടുത്തു.