കൂടംകുളം: സമരം തുടരുന്നു

Posted on: 16 Sep 2012





ചെന്നൈ: ആണവനിലയത്തിനെതിരെ കൂടംകുളം നിവാസികളുടെ പ്രക്ഷോഭം ശനിയാഴ്ചയും തുടര്‍ന്നു. ഇടിന്തകരൈയിലും പരിസരങ്ങളിലും മൗന ജാഥകളും ധര്‍ണകളും സംഘടിപ്പിച്ചു. കൂത്താമ്പുളിയില്‍ അഞ്ഞൂറോളംപേര്‍ കടലോരത്ത് കുഴിച്ച കുഴികളില്‍ ഇറങ്ങിനിന്ന് കഴുത്തോളം മണ്ണിട്ട് മൂടിയാണ് പ്രതിഷേധിച്ചത്.

അതിനിടെ ജലസത്യാഗ്രഹത്തിനിടെ മരിച്ച സഹായത്തിന്റെ മൃതദേഹം ഇനിയും പോസ്റ്റ്‌മോര്‍ട്ടം ചെയ്തിട്ടില്ല. വിദഗ്ധ ഡോക്ടര്‍മാരുടെ സാന്നിധ്യത്തില്‍ മാത്രമേ സഹായത്തിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനാവുകയുള്ളൂവെന്ന് സമരസമിതി കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സഹായത്തിന്റെ മൃതദേഹം നാഗര്‍കോവിലിനടുത്ത് ആശാരിപ്പള്ളത്തുള്ള സര്‍ക്കാര്‍ ആസ്​പത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞാല്‍ മൃതദേഹം കന്യാകുമാരി മുതല്‍ കടലോരത്തു കൂടെ ജാഥയായി കൂടംകുളത്തേക്ക് കൊണ്ടുവരുമെന്ന് സമരസമിതി വക്താക്കള്‍ പറഞ്ഞു.

വ്യാഴാഴ്ച ജലസത്യാഗ്രഹം നടക്കുന്നതിനിടയില്‍ പാറക്കെട്ടില്‍ നിന്ന് വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സഹായം വെള്ളിയാഴ്ചയാണ് മരിച്ചത്. കോസ്റ്റ് ഗാര്‍ഡിന്റെ വിമാനം വളരെ താഴ്ന്നുപറന്നപ്പോള്‍ പേടിച്ച് ചാടിയപ്പോഴാണ് സഹായത്തിന് പരിക്കേറ്റതെന്നാണ് സമരസമിതി ആരോപിക്കുന്നത്. സഹായത്തിന്റെ മരണത്തിനുത്തരവാദികളായവര്‍ക്കെതിരെ കേസെടുക്കണമെന്നും സഹായത്തിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും സമരസമിതി ആവശ്യപ്പെട്ടു.
Related News
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/