എമര്‍ജിങ് കേരളയ്ക്ക് ഇന്ന് തുടക്കം

Posted on: 12 Sep 2012


കെ.സുധാകരന്‍പിള്ള



കൊച്ചി: കേരളത്തിന്റെ സമഗ്രവികസനത്തിന് പുതിയ ദിശാബോധം നല്‍കുമെന്ന് കരുതുന്ന എമര്‍ജിങ്‌കേരള 2012 ബുധനാഴ്ച പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് ഉദ്ഘാടനം ചെയ്യും. അമ്പതിലേറെ വിദേശരാജ്യങ്ങളില്‍ നിന്നുള്ളവരടക്കം 2500ഓളം പ്രതിനിധികളാണ് മൂന്ന് ദിവസത്തെ നിക്ഷേപക സംഗമത്തിനെത്തുന്നത്. ലെ മെറിഡിയനില്‍ രാവിലെ 11.45നാണ് ഉദ്ഘാടനച്ചടങ്ങ്. സംസ്ഥാനത്തിന്റെ വികസനക്കുതിപ്പിന് ഊര്‍ജം പകരുന്ന പ്രഖ്യാപനങ്ങള്‍ പ്രധാനമന്ത്രിയില്‍ നിന്നുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. എമര്‍ജിങ് കേരളയുമായി സഹകരിക്കില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കിയിട്ടുണ്ട്.
വിവിധ മേഖലകളിലെ 190ഓളം പദ്ധതികളാണ് എമര്‍ജിങ്‌കേരളയില്‍ അവതരിപ്പിച്ചിട്ടുള്ളത്. ഒന്നരലക്ഷം കോടിയിലേറെ രൂപയുടെ നിക്ഷേപ സാധ്യതകളാണ് ഈ പദ്ധതികളിലൂടെ മുന്നോട്ടുവെയ്ക്കുന്നത്. ഒരു കോടി രൂപയില്‍ താഴെമാത്രം നിക്ഷേപം ക്ഷണിക്കുന്ന ചെറുപദ്ധതികള്‍ മുതല്‍ അരലക്ഷം കോടിയിലേറെ രൂപ നിക്ഷേപമാവശ്യമുള്ള വന്‍ പദ്ധതികള്‍വരെ ഇക്കൂട്ടിത്തിലുണ്ട്.
സംഗമത്തില്‍ പങ്കെടുക്കുന്ന പ്രതിനിധികളിലേറെയും ചൊവ്വാഴ്ചതന്നെ കൊച്ചിയിലെത്തിക്കഴിഞ്ഞു. രാജ്യത്തെ വ്യവസായ പ്രമുഖരും വിവിധമേഖലകളിലെ വിദഗ്ദ്ധരുമെല്ലാം എത്തിയിട്ടുണ്ട്. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സി.ഐ.ഐ.) പ്രസിഡന്റും ഗോദ്‌റെജ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനുമായ ആദി ഗോദ്‌റെജ് ബുധനാഴ്ച രാവിലെ കൊച്ചിയിലെത്തും. കനഡ, ബ്രിട്ടന്‍, അമേരിക്ക, ചൈന, ജര്‍മനി, യു.എ.ഇ, മലേഷ്യ തുടങ്ങി ഒട്ടേറെ വിദേശരാജ്യങ്ങളിലെ പ്രതിനിധികളും എത്തി. ഇന്ത്യയിലെ അമേരിക്കന്‍ അംബാസഡര്‍ നാന്‍സി ജെ.പവല്‍ ഉള്‍പ്പെടെയുള്ള നയതന്ത്ര പ്രതിനിധികളും ദൈവത്തിന്റെ സ്വന്തം നാടിന്റെ വികസന കൂട്ടായ്മയില്‍ അണിചേരാനായി പറന്നെത്തിക്കഴിഞ്ഞു. 15 അംഗ അമേരിക്കന്‍ സംഘമാണ് ചൊവ്വാഴ്ച കൊച്ചിയിലെത്തിയത്.
ബുധനാഴ്ച 11.45ന് നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ പ്രധാനമന്ത്രിക്കുപുറമെ കേന്ദ്രമന്ത്രിമാരായ എ.കെ.ആന്റണി, പ്രൊഫ. കെ.വി.തോമസ്, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ പി.കെ.കുഞ്ഞാലിക്കുട്ടി, കെ.എം.മാണി, ആദി ഗോദ്‌റെജ് എന്നിവരും പങ്കെടുക്കും. ഉച്ചയ്ക്കുശേഷവും വ്യാഴം, വെള്ളി ദിവസങ്ങളിലുമായി നിക്ഷേപസാധ്യതകള്‍ അവതരിപ്പിക്കുന്ന 16 സെമിനാറുകള്‍ നടക്കും. വെള്ളിയാഴ്ച വൈകീട്ട് 4.30ന് സമാപനസമ്മേളനം നടക്കും.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/