ഡാറ്റ എന്‍ട്രി ഔട്ട്‌സോഴ്‌സിംഗിന്റെ മറവില്‍ കോടികള്‍ തട്ടിയതായി പരാതി

Posted on: 12 Sep 2012



മൂവാറ്റുപുഴ: വിദേശക്കമ്പനികള്‍ക്കായുള്ള ഡാറ്റ എന്‍ട്രിയുടെ മറവില്‍ കോടികള്‍ തട്ടിയെടുത്തു എന്നാരോപിച്ച് സ്ഥാപന ഉടമയെ നിക്ഷേപകരായ ഫ്രാഞ്ചൈസി നടത്തിപ്പുകാര്‍ പിടികൂടി പോലീസ്‌സ്റ്റേഷനിലെത്തിച്ചു. മൂവാറ്റുപുഴ പോസ്റ്റ്ഓഫീസ് ജംഗ്ഷനിലെ ജേക്കബ് ടവറില്‍ പ്രവര്‍ത്തിക്കുന്ന ആന്‍ ഇന്‍ഫോമാറ്റിക്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലെ ഷാജന്‍ ടി. വിന്‍സന്റിനെയാണ് അന്‍പതോളം പേര്‍ ചേര്‍ന്ന് തടഞ്ഞുവച്ച് പോലീസിന് കൈമാറിയത്.

മികച്ചവരുമാനം വാഗ്ദാനംചെയ്ത് ഡാറ്റ എന്‍ട്രിജോലികള്‍ കരാറടിസ്ഥാനത്തില്‍ നല്‍കിയാണ് പണം തട്ടിച്ചതെന്ന് പരാതിക്കാര്‍ പറയുന്നു. ഡാറ്റ എന്‍ട്രിചെയ്യേണ്ട ഭാഗങ്ങള്‍ കിട്ടുന്നതിന് 4000 മുതല്‍ 40000 രൂപവരെ കമ്പനി ആദ്യം ആളുകളില്‍നിന്ന് ഈടാക്കിയിരുന്നുവെന്നും ഡാറ്റ എന്‍ട്രിനടത്തി നല്‍കുമ്പോള്‍ കൂടിയ തുക പ്രതിഫലമായി തിരിച്ചുതരികയായിരുന്നു രീതിയെന്നും ഇവര്‍ വ്യക്തമാക്കി.

ഏപ്രില്‍മാസം വരെ പണം കൃത്യമായി നല്‍കിയിരുന്നു. ഇതിനുശേഷം തുടര്‍ച്ചയായി ചെക്കുകള്‍ മടങ്ങിയതോടെയാണ് സംശയമായത്. കമ്പനിയില്‍ ബന്ധപ്പെട്ടപ്പോള്‍ ഓസ്‌ട്രേലിയന്‍ കമ്പനിയില്‍നിന്ന് പണംവരാന്‍ താമസിക്കുന്നതാണെന്നായിരുന്നു മറുപടി. ഓരോരുത്തരോടും മറ്റൊരാള്‍ക്ക് പണം കൊടുത്തുവെന്നും നിങ്ങള്‍ക്ക് വരുന്നദിവസം തരാമെന്നുമാണ് പിന്നീട് പറഞ്ഞതെന്നും പരാതിക്കാര്‍ വ്യക്തമാക്കി. ഒടുവില്‍, നിക്ഷേപകര്‍ കൂടിയായ ഫ്രാഞ്ചൈസി ഉടമകള്‍ പരസ്​പരം ബന്ധപ്പെട്ടപ്പോഴാണ് കബളിപ്പിക്കല്‍ അറിയുന്നത്. ഇതോടെ, എല്ലാവരും ഒരുമിച്ച് ചൊവ്വാഴ്ച മൂവാറ്റുപുഴയിലെത്തുകയായിരുന്നു.

കാസര്‍കോഡ്, വയനാട്, തൃശ്ശൂര്‍, കോട്ടയം, തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍നിന്നുള്ള പരാതിക്കാരാണ് ഒരുമിച്ചുചേര്‍ന്ന് സ്ഥാപന ഉടമയെ പോലീസ് വലയിലാക്കിയത്.

ഓസ്‌ട്രേലിയന്‍ കമ്പനി എന്നുപറഞ്ഞത് വെറുതെയാണെന്നും കഴിഞ്ഞ ഏഴുവര്‍ഷമായി നിക്ഷേപിക്കുന്നവരുടെ പണംതന്നെ മറിച്ചുകൊടുക്കുകയായിരുന്നു എന്നുമാണ് ചോദ്യംചെയ്തപ്പോള്‍ ഇയാള്‍ പറഞ്ഞതെന്ന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഫെയ്മസ് വര്‍ഗീസ് പറഞ്ഞു. ഇയാളുടെ വ്യക്തമായ മേല്‍വിലാസവും പോലീസിന് ലഭിച്ചിട്ടില്ല. മേല്‍വിലാസം സംബന്ധിച്ച് പരാതിക്കാര്‍ക്കും വ്യക്തമായ അറിവില്ല.

നഷ്ടപ്പെട്ട പണം സംബന്ധിച്ച് വ്യക്തമായ കണക്ക് ഇതുവരെ ലഭ്യമായിട്ടില്ലെന്നും പരാതിക്കാര്‍ പറയുന്നതനുസരിച്ച് 26ഓളം ഫ്രാഞ്ചൈസികളില്‍നിന്നായി കോടിക്കണക്കിന് രൂപയുണ്ടാകുമെന്നും സിഐ വ്യക്തമാക്കി. പ്രതി പോലീസ് കസ്റ്റഡിയിലാണിപ്പോള്‍.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/