പട്ടണം ഉത്ഖനനം: രാജ്യാന്തര ശില്‌പശാല ചെറായിയില്‍
Posted on: 12 Sep 2012
പറവൂര്‍: ബ്രിട്ടീഷ് മ്യൂസിയവും കേരള ചരിത്രഗവേഷണ കൗണ്‍സിലും ചേര്‍ന്ന് പട്ടണം ഉത്ഖനനവുമായി ബന്ധപ്പെട്ട് ലഭിച്ച പുരാവസ്തുക്കളുടെ രാജ്യാന്തര ശില്പശാല സപ്തംബര്‍ 12 മുതല്‍ 16 വരെ ചെറായി ബീച്ച് റിസോര്‍ട്ടില്‍ നടക്കും. ബ്രിട്ടനിലേയും ഇന്ത്യയിലേയും വിദഗ്ദ്ധര്‍ പങ്കെടുക്കും.
പ്രാചീനകാലത്ത് പശ്ചിമേഷ്യന്‍ രാജ്യങ്ങളും ഭാരതവുമായി ഇന്ത്യാ മഹാസമുദ്രം വഴി ഉണ്ടായിരുന്ന വാണിജ്യബന്ധത്തിന്റെ ചരിത്രാവശിഷ്ടങ്ങള്‍ ശില്പശാലയില്‍ പഠനവിധേയമാക്കും. പറവൂരിനടുത്ത പട്ടണത്തുനിന്ന് ഉത്ഖനനത്തിലൂടെ ലഭിച്ച സിറാമിക് പോട്ടറികളുടെ ചരിത്രവശങ്ങള്‍ പഠനത്തില്‍ പ്രധാനമാണ്.
ഡോ. റൊബെര്‍ട്ടാ ടോമ്പര്‍ (ബ്രിട്ടീഷ്മ്യൂസിയം), ഡോ. പി.ജെ.ചെറിയാന്‍ (ഡയറക്ടര്‍, കേരളചരിത്രഗവേഷണ കൗണ്‍സില്‍) എന്നിവരാണ് ശില്പശാലയ്ക്ക് നേതൃത്വം നല്‍കുക. കൂടാതെ പ്രൊഫ. മാര്‍ക്ക്‌പോളാര്‍ഡ് (ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല), ഡോ. ഡെറക് കെനറ്റ് (ദര്‍ഹം സര്‍വകലാശാല (യു.കെ.), ഡോ. ഹെഡ്‌റിന്‍ഷെന്‍ക് (ജര്‍മനി), ഡോ. അലക്‌സിയ പവല്‍ (ഇറ്റലി), ഡോ. മൈക്കിള്‍ മോണ്‍ടണ്‍ (ഫ്രാന്‍സ്), ഡോ. ഡി.ദയാലന്‍, ഡോ. നമ്പിരാജന്‍ (ന്യൂഡല്‍ഹി), ഡോ. വി.സെല്‍വകുമാര്‍ (തമിഴ് സര്‍വകലാശാല), ഡോ. മൊഹന്തി (ഡെക്കാണ്‍ കോളേജ്), പ്രൊഫ. കെ.രാജന്‍ (പോണ്ടിച്ചേരി സര്‍വകലാശാല), ഡോ. വി.എന്‍.പ്രഭാകര്‍ (ന്യൂഡല്‍ഹി), ഡോ. റുഷാന (പുണെ), ഷാര്‍മി ചക്രവര്‍ത്തി (കൊല്‍ക്കത്ത), വിജരത്‌ന ബൊഹന്‍ ഗമോവ (ഓക്‌സ്‌ഫോര്‍ഡ്), ഡോ. പ്രീതനായര്‍ (കെ.സി.എച്ച്.ആര്‍.) സൊനാലി ഗുപ്ത (യു.എസ്.എ.), അഞ്ജന വെങ്കടറെഡ്ഡി (അബുദാബി) എന്നിവരും ശില്പശാലയില്‍ പങ്കെടുക്കും.