കൂടംകുളം: തൂത്തുക്കുടിയില്‍ വെടിവെപ്പ്; ഒരാള്‍ മരിച്ചു

Posted on: 11 Sep 2012


കെ.എ. ജോണി



സമരത്തില്‍ നിന്ന് പിന്മാറണമെന്ന് ജയലളിത; തുടരുമെന്ന് നേതാക്കള്‍




ചെന്നൈ: കൂടംകുളം ആണവനിലയത്തില്‍ ഇന്ധനം നിറക്കാനൊരുങ്ങുന്നതില്‍ പ്രതിഷേധിച്ച് ഗ്രാമവാസികള്‍ ആണവനിലയം ഉപരോധിച്ചു. സംഘര്‍ഷത്തില്‍ പോലീസ് ആയിരക്കണക്കിന് ആളുകള്‍ക്കുനേരെ ലാത്തിവീശി; കണ്ണീര്‍വാതകം പ്രയോഗിച്ചു. ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് തിരുച്ചെന്തൂരിനടുത്ത മണപ്പാട്ട് പോലീസ്‌സ്റ്റേഷന്‍ ഉപരോധിച്ച ഗ്രാമീണര്‍ക്കുനേരെയുണ്ടായ പോലീസ് വെടിവെപ്പില്‍ ഒരാള്‍ മരിച്ചു.

തൂത്തുക്കുടി ജില്ലയിലെ മണപ്പാട് ഗ്രാമത്തില്‍ നിന്നുള്ള അന്തോണി രാജ് (45) ആണ് കൊല്ലപ്പെട്ടത്. ഇതേത്തുടര്‍ന്ന് തൂത്തുക്കുടി , തിരുനെല്‍വേലി ജില്ലകളില്‍ കനത്തസംഘര്‍ഷം നിലനില്‍ക്കുകയാണ്.

കൂടംകുളം ആണവനിലയത്തിനടുത്ത് തമ്പടിച്ച് പ്രതിഷേധിക്കുകയായിരുന്ന ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ തിങ്കളാഴ്ച രാവിലെ പോലീസ് ബലപ്രയോഗം നടത്തിയിരുന്നു. ആണവനിലയത്തില്‍ ആണവ ഇന്ധനം നിറയ്ക്കുന്നത് നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് അയ്യായിരത്തോളം വരുന്ന ജനക്കൂട്ടം ഞായറാഴ്ച നിലയത്തിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. പോലീസിനെ കബളിപ്പിച്ച് കടലോരത്തിലൂടെ മാര്‍ച്ച് നടത്തിയ ജനക്കൂട്ടത്തെ ആണവനിലയത്തിന് 500 മീറ്റര്‍ അകലെവെച്ചു മാത്രമാണ് പോലിസിന് തടയാനായത്. പിരിഞ്ഞുപോവാന്‍ ആവശ്യപ്പെട്ടിട്ടും ഈ ജനക്കൂട്ടം രാത്രി അവിടെത്തന്നെ തങ്ങുകയായിരുന്നു.

തിങ്കളാഴ്ച രാവിലെ 10 മണിയോടെ തമിഴ്‌നാട് ദക്ഷിണ മേഖലാ ഐ.ജി. രാജേഷ് ദാസിന്റെ നേതൃത്വത്തിലുള്ള പോലീസ്‌സംഘം പ്രക്ഷോഭകരോട് പിരിഞ്ഞുപോവാന്‍ ആവശ്യപ്പെട്ടു. 10 മിനിറ്റിനുള്ളില്‍ സ്ഥലം വിട്ടില്ലെങ്കില്‍ ബലപ്രയോഗമുണ്ടാവുമെന്ന മുന്നറിയിപ്പും പോലീസ് നല്‍കി. ഈ ആവശ്യം ജനങ്ങള്‍ നിരസിച്ചതോടെയാണ് പോലീസ് ബലം പ്രയോഗിച്ചത്. കണ്ണീര്‍വാതകഷെല്ലുകള്‍ പൊട്ടിച്ചും ലാത്തിവീശിയും പോലീസ് മുന്നേറിയപ്പോള്‍ പ്രക്ഷോഭകരില്‍ പലരും കടലിലേക്കെടുത്തുചാടി. എല്ലാവര്‍ക്കും നീന്തലറിയാവുന്നതുകൊണ്ടു മാത്രമാണ് വന്‍ ദുരന്തമൊഴിവായതെന്ന് പ്രക്ഷോഭകരില്‍ ഒരാളായ മില്‍ട്ടന്‍ പറഞ്ഞു.

പോലീസും പ്രക്ഷോഭകരും തമ്മിലുള്ള ഏറ്റുമുട്ടല്‍ ഒന്നരമണിക്കൂറോളം നീണ്ടുനിന്നു. എസ്.പി. ഉദയകുമാര്‍, പുഷ്പരാജന്‍ തുടങ്ങിയ സമരനേതാക്കളെ അറസ്റ്റുചെയ്യാനുള്ള പോലീസിന്റെ ശ്രമം സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ പ്രതിരോധിച്ചു. ഏറ്റുമുട്ടലിനൊടുവില്‍ പ്രക്ഷോഭകര്‍ സമരകേന്ദ്രമായ ഇടിന്തക്കരൈയിലേക്ക് പിന്‍വാങ്ങി. ഇവിടെ 48 മണിക്കൂര്‍ നിരാഹാരം തുടങ്ങിയതായി സമരസമിതിവൃത്തങ്ങള്‍ പറഞ്ഞു.

കൂടംകുളത്ത് പ്രക്ഷോഭകരെ പോലീസ് നേരിട്ടതായി വാര്‍ത്ത പരന്നതോടെയാണ് തൂത്തുക്കുടിയിലെ മണപ്പാട്ട് ആയിരത്തോളം വരുന്ന മുക്കുവര്‍ പ്രതിഷേധവുമായി റോഡ് ഉപരോധിക്കാന്‍ ശ്രമിച്ചത്. മണപ്പാട് തീരദേശത്തുള്ള പോലീസ് ചെക്‌പോസ്റ്റിന് തീവെച്ച ജനക്കൂട്ടം തൊട്ടടുത്ത പോലീസ് സ്റ്റേഷനിലേക്ക് നീങ്ങിയപ്പോഴാണ് വെടിവെക്കേണ്ടി വന്നതെന്നാണ് പോലീസ് പറയുന്നത്. തൂത്തുക്കുടി - നാഗര്‍കോവില്‍ ഹൈവേ ഉപരോധിക്കാനും ശ്രമമുണ്ടായി. വയറിന്റെ ഇടതുഭാഗത്ത് വെടിയേറ്റ അന്തോണിരാജ് സംഭവസ്ഥലത്തുതന്നെ മരിക്കുകയായിരുന്നു.

തൂത്തുക്കുടി റെയില്‍വേസ്റ്റേഷന്‍ ഉപരോധിക്കാനും പ്രക്ഷോഭകര്‍ ശ്രമിച്ചു. മൈസൂര്‍ എക്‌സ്​പ്രസ്സിനു മുന്നില്‍ കുത്തിയിരുന്നവരെ പോലീസ് ബലം പ്രയോഗിച്ച് നീക്കി. കൂടംകുളത്ത് പഞ്ചായത്ത് ഓഫീസിനും വില്ലേജ് ഓഫീസിനും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മദ്യ വില്പനശാലയ്ക്കും പ്രക്ഷോഭകര്‍ തീയിട്ടതായി റിപ്പോര്‍ട്ടുണ്ട്. തൂത്തുക്കുടിയിലും കൂടംകുളത്തുമായി പോലീസുമായുള്ള ഏറ്റുമുട്ടലില്‍ പരിക്കേറ്റ 15 പേരെ വിവിധ ആസ്​പത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ഇരുപതോളം പേരെ പോലീസ് അറസ്റ്റുചെയ്തു.

തൂത്തുക്കുടിയില്‍ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത അറിയിച്ചു. തിങ്കളാഴ്ച വൈകിട്ട് ചെന്നൈയില്‍ സെക്രട്ടേറിയറ്റില്‍ ആഭ്യന്തര സെക്രട്ടറിയും ഡി.ജി.പി.യും അടക്കമുള്ള ഉന്നതതല ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷമാണ് ജയലളിത ഈ പ്രഖ്യാപനം നടത്തിയത്. ആണവനിലയം കൂടംകുളത്തും പരിസരങ്ങളിലുമുള്ള മുക്കുവരുടെ ഉപജീവനമാര്‍ഗത്തെ ഒരു തരത്തിലും ബാധിക്കില്ലെന്നും സമരസമിതിയുടെ മായാവലയത്തില്‍ ജനങ്ങള്‍ കുടുങ്ങരുതെന്നും ജയലളിത പറഞ്ഞു.

കൂടംകുളം ആണവനിലയത്തിന് ഏഴുകിലോമീറ്റര്‍ ചുറ്റളവില്‍ തിരുനെല്‍വേലി ജില്ലാകളക്ടര്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു.

ഗാന്ധിയന്‍ രീതിയിലുള്ള സമരമാണ് തങ്ങള്‍ നടത്തുന്നതെന്നും ആണവനിലയം അടച്ചുപൂട്ടുംവരെ സമരം തുടരുമെന്നും സമരസമിതിനേതാവ് എസ്.പി. ഉദയകുമാര്‍ പറഞ്ഞു. സമരം അടിച്ചമര്‍ത്താനുള്ള പോലീസിന്റെ നീക്കമാണ് അക്രമത്തിനുകാരണമായത്. ഇടിന്തകരൈയിലും പരിസരപ്രദേശങ്ങളിലും പോലീസ് ജനങ്ങളെ ഭീഷണിപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു.

കൂടംകുളത്ത് ക്രമസമാധാന പരിപാലനത്തിന് തമിഴ്‌നാട് സര്‍ക്കാറിന് എല്ലാവിധ സഹായവും നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുക്കമാണെന്ന് കേന്ദ്രസഹമന്ത്രി വി. നാരായണസ്വാമി പറഞ്ഞു. ഗാന്ധിയന്‍ രീതിയിലെന്നു പറഞ്ഞു തുടങ്ങിയ സമരം അക്രമാസക്തമാകുകയാണ്. ഇതിനു പിന്നില്‍ ഗൂഢാലോചനയുണ്ട് - നാരായണസ്വാമി കുറ്റപ്പെടുത്തി.

Related News
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/