
ചെന്നൈ: നൃത്താചാര്യനും ചലച്ചിത്ര നൃത്തസംവിധായകനുമായ ഗുരുഗോപാലകൃഷ്ണന് (86) അന്തരിച്ചു. കൊടുങ്ങല്ലൂര്‍ സ്വദേശിയായ ഇദ്ദേഹം നിരവധി മലയാളം, തമിഴ്, തെലുങ്ക് സിനിമകളില്‍ നൃത്തസംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. പതിറ്റാണ്ടുകള്‍ നീണ്ട കലാജീവിതത്തിനുശേഷം ചെന്നൈ തുറൈപാക്കത്തെ 'ഇഗ്രെറ്റ് വില്ല'യില്‍ വിശ്രമജീവിതത്തിലായിരുന്നു. പ്രമേഹം രോഗം മൂര്‍ച്ഛിച്ച് ഹൃദയവാല്‍വിനുണ്ടായ ബലക്ഷയമാണ് മരണകാരണം. മൂന്നു ദിവസമായി പെരുങ്കുടിയിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ മരിച്ചു. ആരാധകരുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തില്‍ മൃതദേഹം വേളാച്ചേരി ശ്മശാനത്തില്‍ സംസ്കരിച്ചു.
കൊടുങ്ങല്ലൂര്‍ നന്ദിയലത്ത് മാധവമേനോന്റെയും അമ്മാളുഅമ്മയുടെയും മകനാണ്. മകന് വിനോദ്കുമാര്‍ വിയറ്റ്നാമില്‍ ബാങ്ക് ജീവനക്കാരനാണ്. മകള്‍ അപ്സര കോലാലമ്പൂരില്‍ 'ക്ഷേത്ര അക്കാദമി' എന്ന നൃത്തവിദ്യാലയം നടത്തുന്നു.
സംസ്ഥാന സര്‍ക്കാറിന്റെ നാട്യശ്രേഷ്ഠ പുരസ്കാരം, സംഗീത നാടക അക്കാദമി പുരസ്കാരം എന്നിവ ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. 'എന്റെ സിനിമാനുഭവങ്ങള്‍' എന്ന ആത്മകഥാപരമായ പുസ്തകം രചിച്ചിട്ടുണ്ട്. പി.ഭാസ്കരനും ഒന്നിച്ചാണ് സിനിമാലോകത്ത് പ്രവേശിച്ചത്. നൃത്തത്തോടുള്ള ഒടുങ്ങാത്ത അഭിനിവേശവുമായി 1946-ലാണ് ചെന്നൈയില്‍ എത്തുന്നത്. ആര്‍ട്ട് ഡയറക്ടര്‍ ശങ്കര്‍ വഴി ജെമിനി സ്റ്റുഡിയോയിലേക്കുള്ള കലാകാരന്മാരുടെ തിരഞ്ഞെടുപ്പില്‍ പങ്കെടുത്തു. ആദ്യ ബാച്ചില്‍ത്തന്നെ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. പ്രതിഭ തിരിച്ചറിഞ്ഞ് ഗുരു ഗോപിനാഥ് ശിഷ്യത്വം നല്കി.
നീലക്കുയില്‍, ലൈലമജ്നു, ജീവിതനൗക, കരുണ, ഡോക്ടര്‍ തുടങ്ങി നിരവധി മലയാള സിനിമകളിലും ഔവ്വയാര്‍, സീതാരാമകല്യാണം, മയാബസാര്‍ ചന്ദ്രലേഖ തുടങ്ങി തെലുങ്ക്, തമിഴ് ചിത്രങ്ങളിലും നൃത്തസംവിധാനം നിര്‍വഹിച്ചു. ഇതിനൊപ്പം ചില സിനിമകളില്‍ നര്ത്തകവേഷവും അണിഞ്ഞു.
നര്‍ത്തകിയായ കുസുമം ഗോപാലകൃഷ്ണനാണ് ഭാര്യ. 1971 മുതല്‍ രണ്ടുപതിറ്റാണ്ടിലേറെക്കാലം ഇവര്‍ പുണെയിലെ പാഞ്ച്ഗണി അമേരിക്കന്‍ സ്കൂളില്‍ നൃത്താധ്യാപകരായിരുന്നു. വിരമിച്ചശേഷം കൊടുങ്ങല്ലൂരിലായിരുന്നു. രണ്ടു വര്‍ഷം മുമ്പാണ് വീണ്ടും ചെന്നൈയിലെത്തിയത്.