സുബ്രഹ്മണ്യന്‍ സ്വാമിയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി
ന്യൂഡല്‍ഹി: 2 ജി സ്‌പെക്ട്രം അഴിമതിക്കേസില്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തെക്കൂടി പ്രതിചേര്‍ക്കണമെന്നാവശ്യപ്പെട്ട് ജനതാപാര്‍ട്ടി അധ്യക്ഷന്‍ സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ ഹര്‍ജി സുപ്രീംകോടതി വെള്ളിയാഴ്ച തള്ളി. ചിദംബരത്തിനെതിരെ അന്വേഷണം നടത്തണമെന്ന് സന്നദ്ധസംഘടനയായ സെന്റര്‍ ഫോര്‍ പബ്ലിക്ഇന്ററസ്റ്റ് ലിറ്റിഗേഷനു വേണ്ടി ഹര്‍ജി നല്‍കിയ പ്രശാന്ത്ഭൂഷന്റെ ആവശ്യവും ജസ്റ്റിസുമാരായ ജി.എസ്. സിങ്‌വി, കെ.എസ്. രാധാകൃഷ്ണന്‍ എന്നിവരടങ്ങിയ ബെഞ്ച് നിരസിച്ചു.
2 ജി കേസില്‍ മുന്‍മന്ത്രി എ. രാജയ്‌ക്കൊപ്പം, ചിദംബരത്തെയും പ്രതിചേര്‍ക്കണമെന്നാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ ആവശ്യം. ഇത് ഫിബ്രവരിയില്‍ സി.ബി.ഐ പ്രത്യേകകോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് സ്വാമി സുപ്രീംകോടതിയിലെത്തിയത്. സ്‌പെക്ട്രം വില നിശ്ചയിച്ചതിലും മൊബൈല്‍ ലൈസന്‍സ് ലഭിച്ച ചില കമ്പനികള്‍ അവ മറിച്ചുവിറ്റതിലും ചിദംബരത്തിന്റെ പങ്ക് അന്വേഷിക്കണമെന്നാണ് പ്രശാന്ത് ഭൂഷണ്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടത്.
കോടതിവിധി കേന്ദ്രനിയമമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് സ്വാഗതംചെയ്തു. സ്വാമിയുടെ ഹര്‍ജി തള്ളിയ വിചാരണക്കോടതി ഉത്തരവില്‍ ഇടപെടേണ്ട ആവശ്യമില്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ചിദംബരം സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നതിന് പ്രഥമദൃഷ്ട്യാ തെളിവൊന്നുമില്ല. ടെലികോം മന്ത്രിയായിരുന്ന എ. രാജയും ധനമന്ത്രിയായിരുന്ന പി. ചിദംബരവും കണ്ടൂവെന്നതു കൊണ്ടുമാത്രം ചിദംബരത്തിനെതിരെ ക്രിമിനല്‍ ഗൂഢാലോചന ആരോപിക്കാന്‍ കഴിയില്ലെന്ന് വിധിയെഴുതിയ ജസ്റ്റിസ് കെ.എസ്. രാധാകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. ധനമന്ത്രിയെന്ന നിലയ്ക്ക് ഔദ്യോഗികപദവി പി. ചിദംബരം ദുരുപയോഗപ്പെടുത്തിയെന്ന ആരോപണവും കോടതി തള്ളി.
പ്രധാനമന്ത്രിയും ധനമന്ത്രിയും സമയത്ത് ഇടപെട്ടിരുന്നുവെങ്കില്‍ ക്രമക്കേട് നടക്കുന്നത് തടയാമായിരുന്നുവെന്ന ഹര്‍ജിക്കാരുടെ വാദം ശരിയോ തെറ്റോ ആകാം. എന്നാല്‍, മന്ത്രിതലത്തിലോ പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചകള്‍ക്കു ശേഷമോ എടുക്കുന്ന തെറ്റായ ഒരു തീരുമാനം ക്രിമിനല്‍ ഗൂഢാലോചനയുടെ ഉത്പന്നമാണെന്ന് കരുതാന്‍ കഴിയില്ല. ധനമന്ത്രിയെന്ന പദവി ചിദംബരം ദുരുപയോഗം ചെയ്തതിനും രാജയുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയതിനും കോടതിയുടെ മുന്നിലുള്ള രേഖകളില്‍ തെളിവൊന്നുമില്ലെന്ന് രണ്ടംഗ ബെഞ്ച് വ്യക്തമാക്കി.
ഓഹരികള്‍ വിറ്റഴിക്കാന്‍ സ്വാന്‍ ടെലികോമിനെയും യൂണിടെക്കിനെയും മനഃപൂര്‍വം അനുവദിച്ചുവെന്ന ആരോപണം പ്രഥമദൃഷ്ട്യാ തെളിയിക്കാന്‍ വസ്തുതാപരമായി സഹായിക്കുന്ന ഒന്നുംതന്നെ ലഭ്യമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. 2ജി, 3ജി സ്‌പെക്ട്രം വിലനിര്‍ണയത്തിലും മറ്റും ധനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെ അഭിപ്രായങ്ങള്‍ തള്ളിയ ചിദംബരം, രാജയുമായി ഗൂഢാലോചന നടത്തിയെന്ന ആരോപണവും കോടതി തള്ളി.
മന്ത്രിമാര്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നതിനുമുമ്പ് ധന, ടെലികോം സെക്രട്ടറിമാര്‍ നടത്തിയ ചര്‍ച്ചയില്‍ പുതിയ മൊബൈല്‍ ഓപ്പറേറ്റര്‍മാര്‍ക്കും 6.2 മെഗാ ഹെര്‍ട്ട്‌സ് സ്‌പെക്ട്രം സൗജന്യമായി നല്‍കണമെന്ന് തീരുമാനമായിരുന്നുവെന്ന് കോടതി കണ്ടെത്തി. സ്‌പെക്ട്രം നിരക്കുകള്‍ കൂട്ടണമെന്ന് ധനമന്ത്രിയായിരുന്ന ചിദംബരം നിര്‍ദേശിച്ചിരുന്നുവെന്ന് ധനമന്ത്രാലയത്തിന്റെ കുറിപ്പുകള്‍ ചൂണ്ടിക്കാട്ടുന്നുവെന്നും വിധിയില്‍ പറയുന്നു.
മാത്രമല്ല, സ്‌പെക്ട്രം ലേലംചെയ്യണമെന്ന ധനമന്ത്രാലയത്തിന്റെ നിര്‍ദേശം മന്ത്രിയായിരുന്ന രാജയും ടെലികോം മന്ത്രാലയവും തള്ളിയശേഷമായിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചകളെന്നതും കണക്കിലെടുക്കണം-കോടതി അഭിപ്രായപ്പെടുന്നു.
സ്‌പെക്ട്രം ലേലംചെയ്യണമെന്നും പുതിയ ലൈസന്‍സുടമകള്‍ കൂടിയ നിരക്കുകള്‍ നല്‍കണമെന്നും ചിദംബരം പ്രധാനമന്ത്രിക്ക് നല്‍കിയ കുറിപ്പിലും വ്യക്തമാക്കിയിട്ടുണ്ട്.
ഈ നിര്‍ദേശത്തോട് പ്രധാനമന്ത്രിയുടെ ഓഫീസ് വിയോജിപ്പ് രേഖപ്പെടുത്തിയെന്ന് വ്യക്തമാക്കുന്ന ഒന്നുംതന്നെ 122 ലൈസന്‍സുകള്‍ റദ്ദാക്കിയ കേസിന്റെ സമയത്ത് സര്‍ക്കാര്‍ കോടതിക്കുമുമ്പാകെ വെച്ചിട്ടില്ല. ആ സാഹചര്യത്തില്‍ എ. രാജയുമായി ചേര്‍ന്ന് താത്പര്യപത്രവും ലൈസന്‍സും നല്‍കുന്നതും സ്‌പെക്ട്രം വിതരണവും അട്ടിമറിക്കാന്‍ പി. ചിദംബരം ഗൂഢാലോചന നടത്തിയെന്ന് തെളിയിക്കുന്ന ഒന്നുമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
കുരുക്ക് ഇനിയും ബാക്കി
2ജി കേസില്‍ സുപ്രീംകോടതി വിധി ചിദംബരത്തിന് ആശ്വാസമായി. എന്നാല്‍ എയര്‍സെല്‍-മാക്‌സിസ് ഇടപാടില്‍ അദ്ദേഹത്തിന്റെ പങ്ക് അന്വേഷിക്കണമെന്ന ആവശ്യം സജീവമാക്കി സുബ്രഹ്മണ്യന്‍ സ്വാമി വീണ്ടും രംഗത്തിറങ്ങുമെന്ന് ഉറപ്പാണ്. ഈ ഇടപാടിന്റെ പേരില്‍ ചിദംബരത്തിന്റെ രാജി ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് സ്വാമി കത്തയച്ചിട്ടുണ്ട്. അന്വേഷണത്തില്‍ ചിദംബരത്തെയും മകന്‍ കാര്‍ത്തിയെയും ഉള്‍പ്പെടുത്തണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എയര്‍സെല്ലുമായി കാര്‍ത്തി നടത്തിയ സാമ്പത്തികഇടപാടാണ് സംശയത്തിന്റെ നിഴലിലുള്ളത്.
സുപ്രീംകോടതിയുടേത് മോശം വിധിയായെന്ന് ഹര്‍ജിക്കാരനായ സുബ്രഹ്മണ്യന്‍ സ്വാമി കുറ്റപ്പെടുത്തി. ഇത് പുനപ്പരിശോധിക്കാന്‍ റിവ്യൂ ഹര്‍ജി സമര്‍പ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിധി അംഗീകരിക്കുകയാണെങ്കിലും ഭരണഘടനാപരമായും രാഷ്ട്രീയമായും ചിദംബരത്തിന് 2 ജി ഇടപാടില്‍ ഉത്തരവാദിത്വമുണ്ടെന്ന് ബി.ജെ.പി വക്താവ് രവിശങ്കര്‍ പ്രസാദ് പ്രതികരിച്ചു.