അസം കലാപം: ഭരണകക്ഷി എം.എല്‍.എ. അറസ്റ്റില്‍

ഗുവാഹാട്ടി: അസമിലെ വംശീയകലാപവുമായി ബന്ധപ്പെട്ട് ഭരണസഖ്യകക്ഷിയുടെ എം.എല്‍.എ. പ്രദീപ് കുമാര്‍ ബ്രഹ്മയെ പോലീസ് അറസ്റ്റുചെയ്തു. കോണ്‍ഗ്രസ്സിന്റെ സഖ്യകക്ഷിയായ ബോഡോലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ട്(ബി.പി.എഫ്.) നിയമസഭാംഗമാണ് അദ്ദേഹം. വ്യാഴാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ വീട്ടില്‍നിന്ന് വിളിച്ചുണര്‍ത്തിയാണ് ബ്രഹ്മയെ അറസ്റ്റുചെയ്തത്. കലാപവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിനെതിരെ വിവിധ പോലീസ്‌സ്റ്റേഷനുകളിലായി ഏഴോളം കേസുകളുണ്ടെന്ന് പോലീസ് അറിയിച്ചു.
വര്‍ഗീയസംഘര്‍ഷത്തിന് പ്രേരിപ്പിച്ചെന്ന കുറ്റമാണ് ചുമത്തിയിട്ടുള്ളത്. കലാപം പൊട്ടിപ്പുറപ്പെട്ട പശ്ചിമ കൊക്രജാര്‍ മണ്ഡലത്തില്‍നിന്നുള്ള എം.എല്‍.എ.യാണ് ഗാറ എന്നറിയപ്പെടുന്ന പ്രദീപ് കുമാര്‍ ബ്രഹ്മ. ഇദ്ദേഹത്തെ കോടതി രണ്ടാഴ്ചത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ്‌ചെയ്തു. അറസ്റ്റിന്റെ പശ്ചാത്തലത്തില്‍ കൊക്രജാര്‍ ജില്ലയില്‍ മുന്‍കരുതല്‍ നടപടിയായി അനിശ്ചിതകാല കര്‍ഫ്യൂ പ്രഖ്യാപിച്ചു. അയല്‍ജില്ലയായ ധുബ്രിയില്‍ കഴിഞ്ഞ ദിവസം രണ്ടുപേര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് ഈ മേഖലയില്‍ കനത്ത ജാഗ്രത ഉറപ്പാക്കിയിട്ടുണ്ട്.
ബ്രഹ്മ അറസ്റ്റിലായ വാര്‍ത്തയറിഞ്ഞ് പ്രതിഷേധവുമായി ബി.പി.എഫ്. പ്രവര്‍ത്തകര്‍ കൊക്രജാര്‍ ജില്ലയില്‍ തെരുവിലിറങ്ങി. ദേശീയപാതയിലും റെയില്‍പ്പാളങ്ങളിലും കുത്തിയിരുന്ന് ഗതാഗതം തടസ്സപ്പെടുത്തി. പലയിടത്തും അക്രമങ്ങളും നടന്നു.
ബ്രഹ്മയുടെ പാര്‍ട്ടിയായ ബി.പി.എഫ്. അസമിലെ ബോഡോലാന്‍ഡ് പ്രവിശ്യാ സ്വയംഭരണ ജില്ലകളില്‍ ഭരണകക്ഷിയാണ്.

ഈ മേഖലയിലാണ് ബോഡോവിഭാഗക്കാരും ബംഗ്ലാദേശില്‍നിന്നുള്ള ന്യൂനപക്ഷ കുടിയേറ്റക്കാരും തമ്മിലുള്ള സംഘര്‍ഷം കലാപത്തിലേക്ക് നീങ്ങിയത്. കലാപത്തില്‍ ഇതുവരെ എണ്‍പതോളം പേര്‍ കൊല്ലപ്പെട്ടു. നാലുലക്ഷത്തോളം പേര്‍ ഭവനരഹിതരായി.
ബി.പി.എഫ്. നേതാവായ ഹംഗ്രാമ മൊഹിലാരിയുടെ വലംകൈയാണ് അറസ്റ്റിലായ ബ്രഹ്മ. അദ്ദേഹം പരസ്യമായി അക്രമത്തിന് പ്രേരണചെലുത്തുകയും പ്രകോപനപരമായി പ്രസംഗിക്കുകയും ചെയെ്തന്ന് ന്യൂനപക്ഷ സംഘടനകള്‍ പരാതി നല്‍കിയിരുന്നു.
അതിനിടെ, സംഘര്‍ഷമുണ്ടായ മേഖലകളില്‍ മുസ്‌ലിം യുവ പരിഷത്ത് എന്ന സംഘടന ആഹ്വാനംചെയ്ത വ്യാഴാഴ്ചത്തെ ബന്ദില്‍ ജനജീവിതം സ്തംഭിച്ചു. കടകളും വിദ്യാലയങ്ങളും ഓഫീസുകളും അടഞ്ഞുകിടന്നു. ഗതാഗതവും തടസ്സപ്പെട്ടു.
അഭ്യൂഹങ്ങളില്‍ വിശ്വസിക്കരുതെന്ന് മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ് ആഹ്വാനംചെയ്തു. സംഘര്‍ഷം തടയുന്നതിന്റെ ഭാഗമായി പൗരാവകാശപ്രവര്‍ത്തകരുമായി അദ്ദേഹം ചര്‍ച്ചനടത്തി.