
ടോക്യോ: ജപ്പാനില്‍ അടുത്ത പൊതുതിരഞ്ഞെടുപ്പ് നവംബര്‍ ആദ്യം നടത്തുമെന്ന് പ്രധാനമന്ത്രി യോഷിഹികോ നോഡ സൂചനനല്‍കി. പ്രധാന പ്രതിപക്ഷപാര്‍ട്ടിയായ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി(എല്‍.ഡി.പി.) അംഗങ്ങളുമായി നടത്തിയ ചര്‍ച്ചയ്ക്കിടെയിലാണ് പൊതുതിരഞ്ഞെടുപ്പ് വൈകാതെയുണ്ടാകുമെന്ന സൂചന നല്‍കിയത്.2015-ഓടെ ജപ്പാന്റെ വില്‍പ്പനനികുതി രണ്ടിരട്ടിയാക്കാനുള്ള പദ്ധതിക്ക് പിന്തുണ നല്‍കണമെന്നും പ്രധാനമന്ത്രി പ്രതിപക്ഷപാര്‍ട്ടികളോട് ആവശ്യപ്പെട്ടു.
ഇതിനുപകരമായാണ് തിരഞ്ഞെടുപ്പ് നേരത്തേയാക്കാമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തത്. 2009-ലാണ് നോഡയുടെ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ജപ്പാന്‍ (ഡി.പി.ജെ.) അധികാരത്തിലേറിയത്. എല്‍.ഡി.പി. യുടെ 50 വര്‍ഷത്തെ ഭരണം അവസാനിപ്പിച്ചായിരുന്നു ഡി.പി.ജെ.ഭരണം പിടിച്ചത്. എന്നാല്‍ വാഗ്ദാനങ്ങള്‍ നിറവേറ്റാന്‍ ഡി.പി.ജെ.യ്ക്ക് ആയില്ല.
പാര്‍ട്ടിയിലെ തമ്മിലടി മൂലം മൂന്നുവര്‍ഷത്തിനുള്ളില്‍ മൂന്ന് പ്രധാനമന്ത്രിമാരെ തിരഞ്ഞെടുക്കേണ്ടിയും വന്നു. സുനാമിയും ആണവദുരന്തവും നോഡയുടെ ജനപിന്തുണയ്ക്ക് ഇടിവുതട്ടാന്‍ കാരണമായി. ഇതിനുപിന്നാലെയാണ് 2015-ഓടെ വില്‍പ്പന നികുതി 10 ശതമാനമാക്കി രാജ്യത്തിന്റെ കടം കുറയ്ക്കാന്‍ നടപടിയെടുക്കുന്നത്. നിശ്ചലമായ സാമ്പത്തികരംഗം തുടരുന്നത് അന്താരാഷ്ട്രതലത്തില്‍ ജപ്പാന്റെ മത്സരക്ഷമതയും കുറച്ചിരുന്നു.