
മുംബൈ: സബ്‌സിഡികള്‍ ഉള്‍പ്പെടെയുള്ള ചെലവിനങ്ങള്‍ വെട്ടിക്കുറച്ച് മൂലധന മേഖലയില്‍ കൂടുതല്‍ ചെലവിടണമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍.ബി.ഐ.) കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പണപ്പെരുപ്പം ഇപ്പോഴും ഒരു ഭീഷണിയായിത്തന്നെ തുടരുകയാണെന്നു പറഞ്ഞ ആര്‍. ബി.ഐ. പലിശ കുറയ്ക്കാനുള്ള സാധ്യതയില്ലെന്ന സൂചനയാണ് നല്‍കുന്നത്. രാജ്യത്തെ സാമ്പത്തിക സ്ഥിതി ഇനിയും ആശ്വാസകരമായ നിലയിലെത്തിയിട്ടില്ലെന്നാണ് വാര്‍ഷിക റിപ്പോര്‍ട്ടില്‍ ആര്‍.ബി.ഐ. ചൂണ്ടിക്കാട്ടുന്നത്.
പണ-വായ്പാ നയത്തില്‍ പണപ്പെരുപ്പം കുറച്ചുകൊണ്ടു വരുന്നതിനുതന്നെയാണ് മുഖ്യ പരിഗണനയെന്നും വ്യക്തമാക്കിയ കേന്ദ്രബാങ്ക് പലിശ കുറച്ചതുകൊണ്ടുമാത്രം സ്ഥിതിഗതികള്‍ മെച്ചപ്പെടില്ലെന്ന് ചൂണ്ടിക്കാട്ടുന്നു. നിക്ഷേപ സൗഹൃദാന്തരീക്ഷം തിരിച്ചുകൊണ്ടുവരുന്നതിന് ഗവണ്‍മെന്റുകൂടി ഉണര്‍ന്നു പ്രവര്‍ത്തിക്കണം. പ്രത്യേകിച്ച് മണ്‍സൂണ്‍ മഴ കൂടി മോശമായതോടെ വളര്‍ച്ചാ പ്രതീക്ഷ മങ്ങുകയാണ്. പരമപ്രധാനം ഗവണ്‍മെന്റ് സബ്‌സിഡികള്‍ കുറയ്ക്കാന്‍ മൂലധന നിക്ഷേപത്തിന് തയ്യാറാകണം എന്നതാണ്. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അത്തരം നടപടികളുണ്ടായാലേ പലിശ കുറയ്ക്കുന്നതടക്കമുള്ള തീരുമാനങ്ങളെടുക്കാന്‍ റിസര്‍വ് ബാങ്കിന് അവസരം ലഭിക്കൂ എന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ വിലയിരുത്തലും അടുത്ത സാമ്പത്തികവര്‍ഷത്തെ സംബന്ധിച്ച കാഴ്ചപ്പാടുകളും ഉള്‍ക്കൊള്ളുന്നതാണ് ആര്‍.ബി.ഐ. യുടെ വാര്‍ഷിക റിപ്പോര്‍ട്ട്.
കഴിഞ്ഞ മാര്‍ച്ചില്‍ അവസാനിച്ച ത്രൈമാസത്തില്‍ രാജ്യത്തിന്റെ വളര്‍ച്ച ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കായ 5.3 ശതമാനത്തിലേക്ക് കൂപ്പുകുത്തിയിരുന്നു. അതോടെ സാമ്പത്തിക വിദഗ്ദ്ധര്‍ 2012-13 ലെ വളര്‍ച്ചാ നിരക്ക് 5.5 ശതമാനമായി കുറയുമെന്ന് വിലയിരുത്തുന്നു. ആര്‍.ബി.ഐ.യുടെ കണക്കുകൂട്ടല്‍ 6.5 ശതമാനം വളര്‍ച്ച നേടുമെന്നാണ്. രണ്ടര വര്‍ഷമായി ഏഴു ശതമാനത്തിനു മുകളില്‍ നിന്നിരുന്ന പണപ്പെരുപ്പം ഇപ്പോള്‍ അതില്‍ താഴേയ്ക്കുവന്നു എന്നതാണ് ഏക ആശ്വാസം. എന്നാല്‍ ഭക്ഷ്യ വിലപ്പെരുപ്പം കുതിച്ചുയരുന്നത് ആശങ്ക സൃഷ്ടിക്കുകയാണ്.
കഴിഞ്ഞ പണ-വായ്പാ നയ അവലോകനത്തില്‍ പലിശനിരക്കുകളില്‍ യാതൊരു മാറ്റവും വരുത്താതിരുന്ന റിസര്‍വ് ബാങ്ക്, പണപ്പെരുപ്പത്തിന്റെ ഭീഷണി ഉണ്ടാകാതിരിക്കാന്‍ വര്‍ഷം മുഴുവന്‍ വിലകള്‍ സംബന്ധിച്ച് സൂക്ഷ്മനിരീക്ഷണം അനിവാര്യമാണെന്ന് പറയുന്നു. വളര്‍ച്ച മുരടിക്കുകയാണെങ്കിലും പണപ്പെരുപ്പമുണ്ടാകാതെ നോക്കേണ്ടതാണ് ഏറ്റവും വലിയ വെല്ലുവിളിയെന്ന് ആര്‍.ബി.ഐ. റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
വളര്‍ച്ചയിലെ മാന്ദ്യം മൂലം നികുതി വരുമാനം ലക്ഷ്യം കണ്ടില്ലെങ്കില്‍ ഗവണ്‍മെന്റിന്റെ വിപണിയില്‍ നിന്നുള്ള കടംവാങ്ങല്‍ ഈ സാമ്പത്തിക വര്‍ഷം കൂടിയേക്കാം. അങ്ങനെയെങ്കില്‍ ധനക്കമ്മി കൂടുകയും പലിശനിരക്കുകള്‍ കുറയ്ക്കാനുള്ള സാധ്യതയ്ക്ക് മങ്ങലേല്‍ക്കുകയും ചെയ്യും.
ഈ വര്‍ഷം ധനക്കമ്മി മൊത്ത ആഭ്യന്തര ഉദ്പാദനത്തിന്റെ 5.1 ശതമാനമായി കുറച്ചുകൊണ്ട് വരണമെന്നാണ് ഗവണ്‍മെന്റ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ വര്‍ഷം 5.76 ശതമാനമായിരുന്നു.