മദമിളകിയ കൊമ്പന് പ്രാണനായ് പ്രിയ

Posted on: 22 Aug 2012


വി.ബി. ഉണ്ണിത്താന്‍



കൊല്ലം: മദമിളകിയ കൊമ്പന്‍ കേശവന് പാപ്പാന്മാരെ കണ്ടാല്‍ കലിയാണ്. പക്ഷേ പ്രാണനാണ് പ്രിയയെ . ഓല കൊടുക്കാനും ചോറ് കൊടുക്കാനും കുളിപ്പിക്കാനുമൊക്കെ പ്രിയ വേണം.

കൊല്ലം, ഉമയനല്ലൂര്‍ നടുവിലക്കര വയലില്‍ വീട്ടില്‍ രാധാകൃഷ്ണന്റെ വീട്ടീലാണ് അത്യപൂര്‍വ്വമായ സൗഹൃദം. രാധാകൃഷ്ണന്റെ ഭാര്യയാണ് പ്രിയ. പാട്ടത്തിനെടുത്ത ആനയെ നോക്കുകയാണ് ആനപ്രേമിയായ രാധാകൃഷ്ണന്‍. തലയെടുപ്പില്‍ ഗൂരുവായൂര്‍ കേശവനെ ഓര്‍മ്മിപ്പിക്കുന്ന ഈ കേശവന്‍ ഇതുവരെ ഒരു അക്രമവും കാണിച്ചിട്ടില്ല. എന്നാല്‍ മദപ്പാടിലായാല്‍ ആരെയും അരികത്ത് ചെല്ലാന്‍ അനുവദിക്കില്ല. പക്ഷേ പ്രിയയ്ക്ക് കേശവനോട് വര്‍ത്തമാനം പറഞ്ഞ് ബിസ്‌കറ്റും ചോറുമൊക്കെ കൊടുക്കാം. അനുസരണയുള്ള കുട്ടിയെപ്പോലെ കേശവന്‍ ശാന്തനായി നില്‍ക്കും.

രാധാകൃഷ്ണനുമായി ചങ്ങാത്തമുണ്ടെങ്കിലും അത്ര അടുപ്പിക്കില്ല. അല്പം ദൂരെ നിന്നാണ് രാധാകൃഷ്ണന്‍ പട്ടയും ഓലയും നല്‍കുന്നത്. മദപ്പാടായതിനാല്‍ ഉമയനല്ലൂരിനടുത്തെ നടുവിലക്കരയില്‍ ഒരു ഒഴിഞ്ഞ പറമ്പില്‍ തളച്ചിരിക്കുകയാണ് ആനയെ. അടുത്ത് ചെല്ലാന്‍ അനുവദിക്കാത്തതിനാല്‍ ഒന്നാം പാപ്പാന്‍ ഷാജി മദപ്പാട് മാറുംവരെ അവധിയെടുത്തു. രണ്ടാംപാപ്പാന്‍ പരവൂരുകാരന്‍ മുരുകന്‍ ആനയെ തളച്ചിട്ടുള്ള പുരയിടത്തിന്റെ ഒരറ്റത്തുണ്ടെങ്കിലും കേശവന്റെ അടുക്കല്‍ എത്തില്ല. കാരണം ചോദിച്ചാല്‍ മുരുകന്‍ പറയും എനിയ്ക്ക് ജീവിക്കാന്‍ കൊതിയുണ്ടേ... മുരുകന്‍ പട്ടയും മറ്റുമായി അടുത്തക്ക് ചെല്ലാന്‍ ശ്രമിച്ചാല്‍ എറിയാനായി ഓലമടലോ തടിക്കഷണങ്ങളോ തിരയും കേശവന്‍ . ഇതുകണ്ട് മുരുകന്‍ ഓടി മാറും.

രാവിലെ കുറച്ച് ഓലമടലോ പട്ടയോ പ്രിയ കൊടുക്കണം. പിന്നെ പതിനൊന്നരയോടെ വീണ്ടും തീറ്റ കൊടുത്തശേഷം കുളിപ്പിക്കുന്നതും പ്രിയതന്നെ. മദം പൊട്ടിയൊഴുകുന്നതും അതിന്റെ അസ്വസ്ഥതയും കേശവനില്‍ കാണാം. പക്ഷേ പ്രിയ ചോറ് കൊടുക്കുമ്പോള്‍, തുമ്പിക്കൈ കൊമ്പുകളില്‍ ചുറ്റിക്കെട്ടി വാ തുറന്നുകൊടുക്കും. കുളിപ്പിക്കാന്‍ തലകുനിച്ചുകൊടുക്കും. പ്രിയയെ ദൂരെക്കണ്ടാല്‍ പ്രത്യേക ശബ്ദമുണ്ടാക്കി തുമ്പിക്കൈ ഉയര്‍ത്തി മാടി വിളിക്കും.

മദപ്പാടിനിടെ മിക്കവാറും ആനകള്‍ ആരെയും അടുപ്പിക്കാറില്ല. പക്ഷേ ഈ സമയം ആരെയെങ്കിലും ഇഷ്ടപ്പെട്ടാല്‍ ഒരിക്കലും ആന മറക്കില്ലെന്നാണ് തന്റെ 18 വര്‍ഷത്തെ അനുഭവവും ആനയെ നന്നായി അറിയുന്നവരുടെ പക്ഷമെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. മമ്മൂട്ടിയെ നായകനാക്കി പ്രമോദ് പയ്യന്നൂര്‍ നിര്‍മ്മിക്കാന്‍ പോകുന്ന എന്റെ ബാല്യകാലത്തില്‍ കേശവനും റോളുണ്ട്. മദപ്പാട് കഴിഞ്ഞ് കേശവന്റെ ദേഹപുഷ്ടി വരുത്തി ഷൂട്ടിങ് ലൊക്കേഷനിലേക്ക് കൊണ്ടുപോകാന്‍ തയ്യാറെടുക്കുകയാണ് രാധാകൃഷ്ണന്‍.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/