
ന്യൂഡല്‍ഹി: പാതയോരത്തെ പൊതുയോഗം നിരോധിച്ച വിധി മറികടക്കാന്‍ കേരളം കൊണ്ടുവന്ന നിയമത്തിലെ ചില വ്യവസ്ഥകള്‍ റദ്ദാക്കിയ ഹൈക്കോടതിവിധി സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസ്സമ്മതിച്ചു. സര്‍ക്കാറിന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി, വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യത്തില്‍ അഭിപ്രായം തേടി എതിര്‍കക്ഷികള്‍ക്ക് നോട്ടീസയയ്ക്കാനും ഉത്തരവായി. സാധാരണക്കാരന്റെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്ന നടപടികള്‍ക്കെതിരെ ജസ്റ്റിസുമാരായ ഡി.കെ. ജയിന്‍, മദന്‍ ബി.ലോക്കൂര്‍ എന്നിവരടങ്ങിയ ബെഞ്ച് രൂക്ഷമായി പ്രതികരിച്ചു.
എന്നാല്‍, സ്റ്റേ അനുവദിക്കാനാവില്ലെന്ന് ജസ്റ്റിസ് ഡി.കെ. ജയിന്‍ വ്യക്തമാക്കി. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്ന ഏകരാജ്യമാണ് ഇന്ത്യയെന്ന് അദ്ദേഹം തുറന്നടിച്ചു. സാധാരണക്കാരന്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ആരു പരിഹരിക്കുമെന്നു ചോദിച്ച കോടതി, കോടതിക്ക് രാജ്യം ഭരിക്കാനാകില്ലെന്നും വ്യക്തമാക്കി. റോഡ് തടഞ്ഞുള്ള പ്രകടനങ്ങള്‍മൂലം രോഗിയുമായി പോകുന്ന ആംബുലന്‍സിനുപോലും കടന്നുപോകാനാവാത്തത്ര ദയനീയമാണ് സ്ഥിതി. ഒരുപാട് നിയമപരമായ ചോദ്യമുയരുന്ന കേസാണിതെന്ന് കോടതി നിരീക്ഷിച്ചു. ഇത് പോലീസിനുമാത്രം കൈകാര്യം ചെയ്യാന്‍ കഴിയുന്ന വിഷയമല്ല.
ഹൈക്കോടതിവിധി പ്രതിഷേധിക്കാനുള്ള ജനങ്ങളുടെ അവകാശത്തിന്റെ ലംഘനമാണെന്ന് സര്‍ക്കാറിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കെ.കെ. വേണുഗോപാല്‍ കോടതിയില്‍ പറഞ്ഞു. അതുകൊണ്ടുതന്നെ വിധി സ്റ്റേചെയ്യണം. നിയമലംഘനമുണ്ടെങ്കില്‍ പോലീസാണ് നടപടിയെടുക്കേണ്ടതെന്ന് അദ്ദേഹം വാദിച്ചു. കൂട്ടം ചേരാനുള്ള അവകാശം മൗലികാവകാശമാണെന്ന് 1973-ല്‍ സുപ്രീംകോടതിയുടെ ഭരണഘടനാബെഞ്ച് വ്യക്തമാക്കിയിട്ടുണ്ടെന്നും വേണുഗോപാല്‍ കോടതിയെ അറിയിച്ചു.
പോലീസിന്റെ മുന്‍കൂര്‍ അനുമതിയോടെ പാതയോരത്ത് സംഘടനകള്‍ക്ക് പ്രകടനമോ പൊതുയോഗമോ നടത്താമെന്ന നിയമത്തിലെ വ്യവസ്ഥയാണ് ഹൈക്കോടതി റദ്ദാക്കിയത്. സര്‍ക്കാര്‍നടപടി ചോദ്യംചെയ്ത് സമര്‍പ്പിച്ച കോടതിയലക്ഷ്യഹര്‍ജിയില്‍ നിയമം നടപ്പാക്കുന്നത് തടഞ്ഞ് ഹൈക്കോടതി ഇടക്കാലഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇത് ചോദ്യംചെയ്ത് സര്‍ക്കാര്‍ ഏപ്രിലില്‍ സുപ്രീംകോടതിയിലെത്തിയപ്പോഴും രൂക്ഷവിമര്‍ശനം ഏറ്റുവാങ്ങേണ്ടിവന്നു.
വിധി മറികടക്കുന്നതിന് കേരളം നിരന്തരം നിയമനിര്‍മാണം നടത്തുകയാണെന്ന് അന്ന് ജസ്റ്റിസ് ഡി.കെ. ജയിനിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് കുറ്റപ്പെടുത്തിയിരുന്നു. ഇടക്കാല ഉത്തരവിനെതിരായ ഹര്‍ജി സുപ്രീംകോടതി പരിഗണിച്ചപ്പോള്‍ വ്യവസ്ഥകള്‍ റദ്ദുചെയ്ത് ഹൈക്കോടതിയുടെ അന്തിമവിധി വന്നിരുന്നു. ഇതിനെത്തുടര്‍ന്ന് ഇടക്കാല ഉത്തരവിനെതിരായ പ്രത്യേകാനുമതി ഹര്‍ജി കാലഹരണപ്പെട്ടതായി വ്യക്തമാക്കി കഴിഞ്ഞ ഏപ്രില്‍ 30-ന് സുപ്രീംകോടതി ഹര്‍ജി തീര്‍പ്പാക്കി. തുടര്‍ന്നാണ്, അന്തിമവിധിക്കെതിരെ സര്‍ക്കാര്‍ പ്രത്യേകാനുമതി ഹര്‍ജിയുമായി എത്തിയത്. സംസ്ഥാന സര്‍ക്കാറിനുവേണ്ടി സ്റ്റാന്‍ഡിങ് കോണ്‍സല്‍ ബീനാ മാധവന്‍ ഹാജരായി.